ന്യൂഡല്‍ഹി: ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ ഹിമാപാതത്തില്‍നിന്ന് കരസേനയുടെ 34 അംഗ സംഘം അത്ഭുതരമായി രക്ഷപ്പെട്ടു. ഹിമപാതത്തില്‍ മരിച്ച 22 പര്‍വതാരോഹകരില്‍ 13 പേരുടെ മൃതദേഹം കണ്ടെടുക്കുന്നതിനും ബേസ് ക്യാമ്പിലുണ്ടായിരുന്ന മറ്റുള്ളവരെ ഒഴിപ്പിക്കുന്നതിനും ഇവര്‍ സഹായിച്ചു.
പര്‍വതാരോഹണത്തിനുമുമ്പ് കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ ബേസ് ക്യാമ്പില്‍ കഴിയുകയായിരുന്നു മേജര്‍ ആര്‍.എസ്. ജാംവാളിന്റെ നേതൃത്വത്തിലുള്ള സംഘം. മെയ് പകുതിയോടെ കൊടുമുടി കയറാനായിരുന്നു തീരുമാനം. ക്യാപ്റ്റന്‍ എം.എസ്. കോലിയുടെ നേതൃത്വത്തില്‍ കരസേനാസംഘം ആദ്യമായി എവറസ്റ്റ് കീഴടക്കിയതിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ജാംവാളിന്റെ സംഘം പര്‍വതാരോഹണത്തിനെത്തിയത്.
എവറസ്റ്റും ലോട്‌സേ കൊടുമുടിയും കയറാനും കാലങ്ങളായി പര്‍വതാരോഹകര്‍ എവറസ്റ്റിലുപേക്ഷിച്ച മാലിന്യങ്ങള്‍ പെറുക്കി താഴെക്കൊണ്ടുവരാനുമാണ് ഉദ്ദേശ്യം. ഹിമപാതമുണ്ടായെങ്കിലും ഇവര്‍ പദ്ധതി മാറ്റിയിട്ടില്ല.
ബേസ് ക്യാമ്പിന് അല്‍പ്പമകലെ ഖുംഭുവില്‍ പരിശീലനം നടത്തുമ്പോഴാണ് ഹിമാപാതമുണ്ടായത്. പക്ഷേ, ഇവര്‍ രക്ഷപ്പെട്ടു. ബേസ് ക്യാമ്പിലെത്തുമ്പോഴാണ് ദുരന്തത്തിന്റെ ഭീകരതകണ്ടത്. ഉടന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. 13 മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. അസമില്‍നിന്ന് എവറസ്റ്റ് കയറാന്‍പോയ 11 അംഗ സംഘവും സുരക്ഷിതരാണ്.