വടകര: മരണത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും കാഠ്മണ്ഡുവിലെ നേപ്പാള്‍ ടി.യു.ടി. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള അഭിന്‍സൂരിക്ക് ആശ്വാസത്തേക്കാള്‍ ഏറെ ആശങ്കയാണ്. ഉറ്റതോഴന്‍മാരായ ദീപക്കും ഇര്‍ഷാദും എവിടെയെന്ന് വിവരമില്ല. ഡോക്ടര്‍മാരാണ് മൂവരും.
യാത്രാക്കമ്പക്കാരായ ഇവര്‍ മാനന്തവാടിയില്‍നിന്ന് നേപ്പാള്‍ കാണാന്‍ പോയതാണ്. താമസിച്ച ഹോട്ടല്‍ ശനിയാഴ്ച ഭൂകമ്പത്തില്‍ തകര്‍ന്നുവീണപ്പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ അഭിനെ വിദേശ പത്രഫോട്ടോഗ്രാഫര്‍ തോമസ് നൈബോ കണ്ടു. ആളെവിളിച്ചുകൂട്ടി രണ്ടരമണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. ഇര്‍ഷാദും ദീപക്കും എവിടെയെന്ന് അറിയാത്തതിന്റെ വിഷമത്തിലാണ് അഭിന്‍.
ഇരുവരും കാഠ്മണ്ഡു വിമാനത്താവളത്തിനടുത്തുള്ള റെഡ്‌ക്രോസിന്റെ അഭയാര്‍ഥിക്യാമ്പില്‍ എത്തിയതായി സൂചനയുണ്ട്. എന്നാല്‍, ഔദ്യോഗികസ്ഥിരീകരണമില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു എന്നുമാത്രമാണ് ഔദ്യോഗികകേന്ദ്രങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം
കോഴിക്കോട് മെഡിക്കല്‍കോളേജില്‍ 2007-ല്‍ എം.ബി.ബി.എസ്സിന് ചേര്‍ന്നപ്പോള്‍ മുതല്‍ ഉറ്റചങ്ങാതിമാരാണ് മൂന്നുപേരും. സമപ്രായക്കാര്‍. 2013-ല്‍ പഠനംകഴിഞ്ഞ് ജോലിക്ക് ചേര്‍ന്നപ്പോഴും ഒരേസ്ഥലത്ത്. അഭിന്‍സൂരിയും ഇര്‍ഷാദും മാനന്തവാടിയിലെ വയനാട് ജില്ലാആസ്പത്രിയില്‍ ഡോക്ടര്‍മാര്‍. ദീപക് തോമസ് മാനന്തവാടി എടവക പ്രഥമികാരോഗ്യ കേന്ദ്രത്തിലും.
മൂവര്‍ക്കും എം.ഡി.ക്ക് പ്രവേശനം കിട്ടിയിട്ടുണ്ട്. മെയ് ഒന്നിന് ക്ലാസ് തുടങ്ങും. അതിനുമുന്‍പ് നേപ്പാളും കുളു മണാലിയും കാണാന്‍പോയതാണെന്ന് അഭിന്‍ സൂരിയുടെ സഹോദരന്‍ ഡോ. അജുന്‍ സൂരി പറഞ്ഞു. നേപ്പാളില്‍ ടാമേല്‍ സ്ട്രീറ്റിലുള്ള ബജറ്റ് മള്‍ട്ടിപ്ലക്‌സ് ഹോട്ടലിലായിരുന്നു താമസം.
ഭൂകമ്പം കാഠ്മണ്ഡുവിനെ പിടിച്ചുലയ്ക്കുമ്പോള്‍ മുറിക്കുള്ളിലായിരുന്നുവെന്ന് അഭിന്‍ സഹോദരനോട് പറഞ്ഞു. ഇര്‍ഷാദും ദീപക്കും ഹോട്ടലിന്റെ ഇടനാഴിയിലായിരന്നു.
മകനെ നേപ്പാള്‍ സൈന്യം രക്ഷപ്പെടുത്തുന്ന ഫോട്ടോ 'ന്യൂയോര്‍ക്ക് ടൈംസി'ന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിവരം വിദേശത്തുള്ള ബന്ധുക്കള്‍ ശനിയാഴ്ച രാത്രി വിളിച്ചറിയിച്ചതോടെ അഭിന്‍റെ അമ്മയ്ക്ക് ആശ്വാസമായി. മൊബൈല്‍ഫോണ്‍ നഷ്ടപ്പെട്ട അഭിന്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് ആസ്പത്രിക്കിടക്കയില്‍നിന്ന് മറ്റാരുടേയോ ഫോണില്‍ നാട്ടിലേക്ക് വിളിച്ചത്.
അഭിനെ വിദഗ്ധ ചകിത്സയ്ക്കായി ഡല്‍ഹിയിലെ എയിംസ് ആസ്പത്രിയിലേക്ക് വിമാനമാര്‍ഗം കൊണ്ടുവരും. വടകര പൂവാടന്‍ ഗേറ്റ് സൗപര്‍ണികയില്‍ പരേതനായ കെ.കെ. സുരേന്ദ്രന്റെയും മാനന്തവാടി ഗവ. കോളേജ് പ്രിന്‍സിപ്പല്‍ അനിതാകുമാരിയുടെയും രണ്ടാമത്തെ മകനാണ് അഭിന്‍ സൂരി. ഫെയര്‍ട്രേഡ് അലയന്‍സിന്റെ സംസ്ഥാന സെക്രട്ടറിയും കര്‍ഷകനേതാവുമായ തോമസ് കളപ്പുരയ്ക്കലിന്റെയും മോളിയുടെയും മകനാണ് ദീപക് തോമസ്. കണ്ണൂര്‍ കേളകം സ്വദേശി. കാസര്‍കോട് ആനബാഗലുവില്‍ മുന്‍ കെ.എസ്.ഇ.ബി. ജീവനക്കാരന്‍ എ.എന്‍. ഷംസുദ്ദീനിന്റെയും ആസ്യയുടെയും മകനാണ് എ.എസ്. ഇര്‍ഷാദ്. ഇര്‍ഷാദിന്റെ വിവാഹനിശ്ചയം കഴിഞ്ഞതാണ്.