ബെംഗളൂരു: ഭൂചലനമുണ്ടായ നേപ്പാളില്‍നിന്ന് കര്‍ണാടകത്തില്‍നിന്നുള്ള 82പേര്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഞായറാഴ്ച ഡല്‍ഹിയിലെത്തി. ഇവരില്‍ അഞ്ചുപേര്‍ ബെംഗളൂരുവിലെത്തി. ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാത്ത അവസ്ഥയിലാണ് തിരിച്ചെത്തിയവര്‍.
കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 200-ഓളം പേര്‍ നേപ്പാളിലുണ്ടെന്നാണു കരുതുന്നത്. ബെംഗളൂരുവില്‍ ആരംഭിച്ച് ഹെല്‍പ്പ് സെന്ററില്‍ ഇതുവരെ 300-ഓളം പേരാണ് ബന്ധുക്കളുടെ വിവരമന്വേഷിച്ചു വിളിച്ചത്. കര്‍ണാടകത്തില്‍നിന്നുള്ളവര്‍ സുരക്ഷിതരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തിരിച്ചെത്തുന്നതുവരെ ആശങ്ക വിട്ടൊഴിയാത്ത അവസ്ഥയിലാണ് ബന്ധുക്കള്‍.
നേപ്പാളില്‍ കുടുങ്ങിയ കര്‍ണാടകസ്വദേശികള്‍ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണെന്നും ഇതിനായുള്ള നടപടി ഏകോപിപ്പിക്കാന്‍ രണ്ട് ഉദ്യോഗസ്ഥരെ നേപ്പാളിലേക്കയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഡല്‍ഹിയിലെ കര്‍ണാടകഭവനിലാണ് നേപ്പാളില്‍നിന്നെത്തിയവരെ എത്തിച്ചിരിക്കുന്നത്. ഇവരെ കര്‍ണാടകത്തിലെത്തിക്കുന്നതിനുള്ള നടപടിയാരംഭിച്ചിട്ടുണ്ട്. മാണ്ഡ്യയിലെ ഹരാല ഹള്ളില്‍നിന്നുള്ള 35പേര്‍ നേപ്പാളില്‍നിന്നു മടങ്ങാനുള്ള ഒരുക്കത്തിലാണ്. ബെളഗാവിയില്‍നിന്നുള്ള 30പേര്‍ ഇന്ത്യയുടെ അതിര്‍ത്തിയിലെത്തിയുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. കര്‍ണാടകക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനം വേഗത്തിലാക്കുന്നതിനായി നിയോഗിച്ച പോലീസ് ഐ.ജി. ഉമേഷ്‌കുമാര്‍, മുതിര്‍ന്ന ഐ.എ.എസ്. ഓഫീസര്‍ പങ്കജ്കുമാര്‍ എന്നിവര്‍ നേപ്പാളിലെത്തി.
ബെംഗളൂരുവില്‍നിന്നുള്ള 85പേര്‍ സുരക്ഷിതരാണെന്ന് വിവരംലഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൈസൂരില്‍നിന്നുള്ള 20പേരും ദാവന്‍ഗരെയില്‍നിന്നുള്ള ഏഴുപേരും നേപ്പാളില്‍ കുടുങ്ങിയവരിലുള്‍പ്പെടും. പലരുമായും ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ബെംഗളൂരുവിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കുന്ന നേപ്പാളില്‍നിന്നുള്ള നിരവധി വിദ്യാര്‍ഥികളുടെ ആശങ്കയും വിട്ടുമാറിയിട്ടില്ല. ഹോട്ടലുകളിലുംമറ്റുമായി നേപ്പാളില്‍നിന്നുള്ള നിരവധിപേരാണ് നഗരത്തില്‍ ജോലിചെയ്യുന്നത്. ഇവരില്‍ പലര്‍ക്കും ഭൂചലനത്തിനുശേഷം ബന്ധുക്കളുമായി ഫോണില്‍ സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണറിയുന്നത്. ജനങ്ങള്‍ക്ക് വിവരംനല്‍കുന്നതിന് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. നമ്പര്‍: 1070(ടോള്‍ ഫ്രീ) 22253707, 22032582. കര്‍ണാടകഭവന്‍: 09868393991.