കാഠ്മണ്ഡു: ശനിയാഴ്ചത്തെ ഭൂകമ്പം നേപ്പാളിന് നഷ്ടമാക്കിയത് അതിന്റെ മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തിന്റെ പ്രതീകങ്ങള്‍ കൂടിയാണ്. ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദുമതവിശ്വാസികളാണെങ്കിലും ക്ഷേത്രങ്ങളുടെ മാത്രമല്ല, ബുദ്ധവിഹാരങ്ങളുടെയും കൂടി നഗരമാണ് കാഠ്മണ്ഡു.
ഈ സ്മാരകങ്ങളെല്ലാം ഇന്ന് കല്‍ക്കൂനകളും വിറുകുകൂനകളുമാണ്. അതില്‍ നേപ്പാളിന്റെ പേരിന് കാരണഭൂതമായ കഷ്ടമണ്ഡപ് ക്ഷേത്രവുമുള്‍പ്പെടും. ഇതുള്‍പ്പെടെ കാഠ്മണ്ഡുവിലെ ബസന്ത്പുര്‍ ദര്‍ബാര്‍ ചത്വരത്തിലുണ്ടായിരുന്ന 80 ശതമാനം ക്ഷേത്രങ്ങളും തകര്‍ന്നടിഞ്ഞു. നേപ്പാളിലെ പ്രസിദ്ധമായ വിനോദസഞ്ചാരകേന്ദ്രങ്ങളായിരുന്നു ഇവയെല്ലാം.
12 മുതല്‍ 18 വരെയുള്ള നൂറ്റാണ്ടുകള്‍ക്കിടെ നേപ്പാളിലെ രാജാക്കന്മാര്‍ പണിതുയര്‍ത്തിയവയാണിവയെല്ലാം. പ്രശസ്തമായ പശുപതിനാഥ ക്ഷേത്രത്തിന്റെയും സ്വയംഭൂനാഥ് ക്ഷേത്രത്തിന്റെയും ചിലഭാഗങ്ങള്‍ തകര്‍ന്നിട്ടുണ്ട്.