ഇനി ബിയറിന് വീര്യം കൂടും

രാജേഷ് ജോര്‍ജ്‌ Posted on: 02 Apr 2015


കൊച്ചി:
ഒട്ടുമിക്ക ബാറുകള്‍ക്കും താഴ് വീണതോടെ മദ്യപരില്‍ നല്ലൊരു ഭാഗം ബിയര്‍, വൈന്‍ എന്നിവയിലേക്ക് തിരിയേണ്ടി വരും. വീര്യം കൂടിയ മദ്യത്തോടാണ് മലയാളിക്ക് പ്രിയം. അതിനാല്‍ തന്നെ വീര്യം കുറഞ്ഞ ബിയറില്‍ മലയാളി ഒതുങ്ങുമോയെന്ന ചോദ്യം ബാക്കി.

വിദേശമദ്യത്തില്‍ ആല്‍ക്കഹോള്‍ അനുപാതം 15 മുതല്‍ 55 ശതമാനം വരെയാണ്. ഈ സ്ഥാനത്ത് 2 മുതല്‍ 12 ശതമാനം വരെ മാത്രമാണ് ബിയറിലെ ആല്‍ക്കഹോള്‍ അനുപാതം.

വൈനില്‍ 9 മുതല്‍ 16 ശതമാനം വരെയാണ് ആല്‍ക്കഹോള്‍ അനുപാതം. 37.5% - 80% വരെ ആല്‍ക്കഹോള്‍ അടങ്ങിയ റം, 37.5%-60% വരെയുളള ബ്രാന്റി, 40%-68% വരെയുളള വിസ്‌കി എന്നിവയാണ് മലയാളിക്ക് പ്രിയപ്പെട്ടത്.

വീര്യം കുറഞ്ഞ ബിയറിലേക്കും വൈനിലേക്കും മാറ്റിച്ചുവടുവെയ്ക്കുന്നതോടെ അകത്താക്കുന്നതിന്റെ അളവ് പരിധി വിടുമെന്നതാണ് മറ്റൊരു പ്രശ്‌നം. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിതെളിക്കും.

സംസ്ഥാനത്ത് 478 ബിയര്‍-വൈന്‍ പാര്‍ലറുകള്‍ ഇപ്പോള്‍ തന്നെയുണ്ട്. നേരത്തെ പൂട്ടിയ 418 ബാറുകളില്‍ 361 എണ്ണത്തില്‍ വൈന്‍-ബിയര്‍ പാര്‍ലറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര്‍ച്ച് 31 ന് പൂട്ടുവീണ 300 ബാറുകളില്‍ ആവശ്യപ്പെടുന്നവര്‍ക്ക് ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കുമെന്നാണ് എക്‌സൈസ് വകുപ്പ് നിലപാട്. ഇക്കാര്യത്തില്‍ ബാറുടമകള്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല. ബാറുടമകളുടെ അപ്പീല്‍ സുപ്രീം കോടതിയും തള്ളിയാല്‍ കൂടുതല്‍ ബിയര്‍ പാര്‍ലറുകള്‍ തുറക്കാനാണ് സാധ്യത.

ഡിസംബര്‍ മുതല്‍ മെയ് വരെയാണ് കേരളത്തില്‍ കാര്യമായ ബിയര്‍ വില്പന. മാസം ശരാശരി 10 ലക്ഷം കെയ്‌സ് ബിയര്‍ വരെ ചെലവാകും.

ആല്‍ക്കഹോള്‍ അനുപാതം കൂടിയ വൈനും ബിയറും എത്തുമെന്ന ആശങ്കകളുമുണ്ട്. എന്നാല്‍ ബിയര്‍-വൈന്‍ എന്നിവയില്‍ കൃത്രിമം കാണിക്കുക സാധ്യമല്ലെന്നും അത് ലാഭകരമല്ലാത്തതിനാല്‍ ഉടമകള്‍ അതിന് മുതിരില്ലെന്നുമാണ് എക്‌സൈസ് വകുപ്പിന്റെ നിലപാട്.
മധുരം കൂടുതലുള്ള ബിയറും വൈനും കൂടുതലായി ഉപയോഗിക്കുന്നത് മദ്യപാനമുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പുറമേ മറ്റ് രോഗങ്ങളെയും ക്ഷണിച്ചുവരുത്തും.

2015-ഓടെ പ്രതിവര്‍ഷ മദ്യ ഉപയോഗം 6,500 മില്യണ്‍ ലിറ്ററില്‍ നിന്ന് 10,000 മില്യണ്‍ ലിറ്ററിലേക്ക് ഉയരുമെന്ന്് ഇതേക്കുറിച്ച് പഠിച്ച ഏകാംഗ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പുതിയ മദ്യനയം കൊണ്ടുവന്നത്.

ബാറുകള്‍ പൂട്ടിയതുകൊണ്ട് മദ്യപാനത്തിന്റെ അളവില്‍ വലിയ വ്യത്യാസമുണ്ടാകാനിടയില്ല. മൊത്തം മദ്യപാനത്തിന്റെ 18 ശതമാനം മാത്രമാണ് പൂട്ടിയ ബാറുകളിലൂടെ നടന്നിരുന്നത്.



bar ban zoomin

 

ga