ടൂറിസം മാത്രം പോരാ; ജനക്ഷേമവും കണക്കിലെടുക്കണം-കോടതി

Posted on: 01 Apr 2015

വീര്യം കുറഞ്ഞ പാനീയങ്ങളിലേക്ക് മലയാളികളുടെ ശീലം മാറിവരണമെന്ന് കോടതി

കൊച്ചി: ബാറുകള്‍ക്ക് അനുമതി നല്‍കുന്‌പോള്‍ വിനോദ സഞ്ചാര വികസനം മാത്രം കണക്കിലെടുത്താല്‍ പോരാ, ജനക്ഷേമവും പരിഗണിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. മദ്യനയം സംബന്ധിച്ച അപ്പീലുകളില്‍ സര്‍ക്കാറിന്റെ നയം അംഗീകരിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ രാവിലെ ബാര്‍ തുറക്കാന്‍ കാത്തു നില്‍ക്കുന്നുവെന്ന് സര്‍ക്കാറിനു മുന്നിലുള്ള റിപ്പോര്‍ട്ടിലുണ്ട്. അക്കാര്യം കൂടി പരിഗണിച്ചാണ് പൊതുസ്ഥലത്തെ മദ്യ ലഭ്യത കുറയ്ക്കാന്‍ നടപടിയെടുത്തതെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്.

പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കേണ്ട ഭരണഘടനാപരമായ ബാധ്യത സര്‍ക്കാറുകള്‍ക്കുണ്ട്. മദ്യലഭ്യത കുറയ്ക്കാന്‍ വര്‍ഷങ്ങളായി നടത്തിവരുന്ന ശ്രമത്തിന്റെ തുടര്‍ച്ചയായി മാത്രമേ ഇപ്പോഴത്തെ മദ്യനയത്തെ കാണാനാവൂ എന്ന് ജസ്റ്റിസ് കെ.ടി. ശങ്കരനും ജസ്റ്റിസ് ബാബു മാത്യു പി. ജോസഫും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

കേരളത്തില്‍ മദ്യോപയോഗം കൂടി വരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. യുവതലമുറ ലഹരിക്കടിപ്പെടുന്നത് ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ ബോധിപ്പിക്കുന്നുണ്ട്. ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ ബാറുകള്‍ക്ക് അനുമതി നല്‍കണമെന്ന വാദവും കോടതിക്ക് സ്വീകാര്യമായില്ല. മയക്കുമരുന്ന് വിനോദ സഞ്ചാരത്തിന് പ്രോത്സാഹനമാകുമെന്ന് കരുതി അതിന്റെ ഉപയോഗവും വില്പനയും അംഗീകരിക്കാനാവില്ലല്ലോ എന്നാണ് കോടതി അഭിപ്രായപ്പെട്ടത്.

ബാര്‍ തൊഴിലാളികളുടെ പുനരധിവാസവും സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. നേരത്തെ ബാര്‍ നടത്തിയ ഹോട്ടലുകള്‍ക്കെല്ലാം ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ബാര്‍ തൊഴിലാളികളെ അതില്‍ ജോലിക്ക് നിയോഗിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നിരിക്കേ ബാര്‍ പൂട്ടുന്നത് അതിലെ തൊഴിലാളികളുടെ ആത്മഹത്യയിലേക്ക് നയിക്കുമെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ബിയര്‍, വൈന്‍ പാര്‍ലര്‍ തുടങ്ങാന്‍ അനുമതിയെന്ന ആനുകൂല്യം പല ബാറുകളും വിനിയോഗിച്ചു കഴിഞ്ഞെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവാരമില്ലാത്തതിന്റെ പേരില്‍ പൂട്ടിയ 418 ബാറുകളില്‍ 374 എണ്ണവും നിലവാര പരിശോധനയുടെ അടിസ്ഥാനത്തില്‍ ബിയര്‍, വൈന്‍ പാര്‍ലര്‍ തുറക്കാന്‍ അനുമതി നേടിയിട്ടുണ്ട്.
ഇനി പൂട്ടേണ്ടി വരുന്ന 300 ബാറുകള്‍ക്കും അവയുടെ അപേക്ഷ പരിഗണിച്ച് അനുമതി നല്‍കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. താരതമ്യേന വീര്യം കുറഞ്ഞ പാനീയങ്ങളിലേക്ക് മലയാളികളുടെ ശീലം മാറി വരേണ്ടതുണ്ടെന്ന് കോടതി വിലയിരുത്തി.




bar ban zoomin

 

ga