അപ്പീല്‍ നല്‍കുമെന്ന് ബാറുടമകള്‍

സ്വന്തം ലേഖിക Posted on: 01 Apr 2015

കൊച്ചി: മദ്യനയം ശരിെവച്ച ഹൈക്കോടതി നടപടി ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബാറുടമകള്‍. അടുത്ത ദിവസം തന്നെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ബാറുടമകള്‍ അറിയിച്ചു. എന്നാല്‍ വിധിയുടെ പകര്‍പ്പ് ലഭിക്കാന്‍ വൈകുമെന്നാണ് സൂചന. ഇത് ബാറുകളുടെ ഈസ്റ്റര്‍ വ്യാപാരത്തിന് തിരിച്ചടിയാകും.

വിധിയുടെ പകര്‍പ്പ് കിട്ടിയാലും നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി സുപ്രീം കോടതിയില്‍ നിന്ന് ഇടക്കാല ഉത്തരവ് നേടിയെടുക്കാന്‍ പിന്നെയും കാലതാമസമെടുക്കും. പഞ്ചനക്ഷത്ര ബാറുകളല്ലാത്തവയ്ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ പ്രവര്‍ത്തനാനുമതിയുണ്ടാകില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലൈസന്‍സ് കാലാവധി കഴിഞ്ഞ ബാറുകളെല്ലാം അടപ്പിക്കും. ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് പഞ്ചനക്ഷത്ര ബാറുകള്‍ക്ക് മാത്രമേ പ്രവര്‍ത്തനാനുമതിയുണ്ടാകൂ എന്നും സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഹൈക്കോടതിയില്‍ നിന്ന് വിധിയുടെ പകര്‍പ്പ് അടുത്ത ചൊവ്വാഴ്ചയോടെ മാത്രമേ ലഭിക്കാന്‍ സാധ്യതയുള്ളൂ. സുപ്രീം കോടതിയില്‍ നിന്ന് ഇടക്കാല ഉത്തരവ് ലഭിക്കാന്‍ പിന്നെയും കാലതാമസമെടുക്കും. ഈസ്റ്ററിന് മുന്‍പ് ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാവില്ലെന്ന് ചുരുക്കം.

നിലവില്‍ ലൈസന്‍സുള്ള ബാറുകളാണെങ്കില്‍ സുപ്രീം കോടതിയെ സമീപിച്ചാല്‍ തല്‍സ്ഥിതി തുടരാന്‍ എളുപ്പത്തില്‍ ഉത്തരവ് കിട്ടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. ലൈസന്‍സ് പുതുക്കിക്കിട്ടാന്‍ വിശദമായ വാദം കേള്‍ക്കല്‍ ആവശ്യമായി വരും.

ഇത് ഇടക്കാല ഉത്തരവ് വൈകാന്‍ കാരണമായേക്കുമെന്ന് സര്‍ക്കാര്‍ ഭാഗം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ സുപ്രീംകോടതിയെ സമീപിച്ച് അനുകൂലമായ ഇടക്കാല ഉത്തരവ് നേടിയെടുക്കാന്‍ ശ്രമിക്കുമെന്ന് ബാറുടമകളുെട അഭിഭാഷകന്‍ പറഞ്ഞു. വിധിയുടെ പകര്‍പ്പ് കിട്ടിയാല്‍ കാലതാമസമില്ലാതെ ഇതിന്റെ നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.



bar ban zoomin

 

ga