ഇനി ബാര്‍ 24 മാത്രം

Posted on: 01 Apr 2015


മദ്യനയം ഹൈക്കോടതി ശരിവെച്ചു

ഫൈവ് സ്റ്റാര്‍ ഹോട്ടലിനു മാത്രം ബാര്‍ മതിയെന്ന സര്‍ക്കാര്‍ നിലപാടിന് അംഗീകാരം

മദ്യം മൗലികാവകാശമല്ലെന്ന് കോടതി

വിധിയെത്തുടര്‍ന്ന് 300 ബാറുകള്‍ പൂട്ടി


കൊച്ചി:
ഫൈവ് സ്റ്റാര്‍ ഹോട്ടലിനു മാത്രം ബാര്‍ മതിയെന്ന സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ഇതോടെ, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ ബലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 300 ബാറുകള്‍ ചൊവ്വാഴ്ച രാത്രി പത്ത് മണിക്ക് പൂട്ടി. കേരളത്തില്‍ 24 ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രമേ ബുധനാഴ്ച മുതല്‍ പ്രവര്‍ത്തിക്കുകയുള്ളൂ.

മദ്യം മൗലികാവകാശമല്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് കെ.ടി. ശങ്കരനും ജസ്റ്റിസ് ബാബു മാത്യു പി. ജോസഫും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് മദ്യനയത്തില്‍ അപാകമില്ലെന്ന് വിധിച്ചത്. മദ്യനയത്തെയും വിദേശമദ്യ ചട്ടത്തിലെ ഭേദഗതിയെയും ചോദ്യം ചെയ്ത് ബാര്‍ ഉടമകള്‍ നല്‍കിയ അപ്പീലുകള്‍ കോടതി തള്ളി.

ഫോര്‍ സ്റ്റാര്‍, ഹെറിറ്റേജ് ഹോട്ടലുകള്‍ക്കും ബാര്‍ അനുമതി നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഫൈവ് സ്റ്റാറിന് സമാനമാണ് ഫോര്‍ സ്റ്റാറും ഹെറിറ്റേജും എന്ന് കരുതാനാവില്ല. വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ടൂറിസം മന്ത്രാലയമാണ് ബാറുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കുന്നത് - കോടതി വിലയിരുത്തി.

മദ്യനയത്തെ അനുകൂലിച്ച് ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. നല്‍കിയ അപ്പീല്‍ കോടതി അനുവദിച്ചു. മദ്യനയം രൂപവത്കരിച്ചതില്‍ നടപടിക്രമത്തിന്‍റെ ലംഘനമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മന്ത്രിസഭ അംഗീകരിച്ചതാണ് മദ്യനയം. അതിന്റെ അടിസ്ഥാനത്തില്‍ വിദേശമദ്യ ചട്ടത്തില്‍ ബാര്‍ അനുമതി ഫൈവ് സ്റ്റാറിനു മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് ഭേദഗതിയും വരുത്തിയിട്ടുണ്ട്.
മദ്യനയത്തെക്കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന ബാറുടമകളുടെ വാദം കോടതി തള്ളി. വീര്യം കുറഞ്ഞ മദ്യം നല്‍കുകയെന്ന ശുപാര്‍ശ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പൂര്‍ണമായി സ്വീകരിക്കാന്‍ സര്‍ക്കാറിന് ബാധ്യതയില്ല.

ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കുകയെന്നതാണ് പ്രഖ്യാപിത ലക്ഷ്യമെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി നേരത്തെ രണ്ടും മൂന്നും നക്ഷത്ര പദവിയുള്ള ബാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അത് സുപ്രീം കോടതി ശരിവെച്ചതുമാണ്. അടുത്ത ഘട്ടമെന്ന നിലയിലാണ് ഫോര്‍ സ്റ്റാറിനു കൂടി ബാര്‍ നിഷേധിക്കുന്നത് എന്ന സര്‍ക്കാര്‍ നിലപാടില്‍ തെറ്റു കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ബാറുകള്‍ പൂട്ടിയാല്‍ വീട്ടിലിരുന്ന് മദ്യപാനം വര്‍ധിക്കുമെന്ന ബാറുടമകളുടെ വാദവും കോടതി അംഗീകരിച്ചില്ല. ബിവറേജസില്‍ നിന്ന് വാങ്ങിയാലും വീട്ടിലിരുന്ന് കഴിക്കണമെന്ന് വന്നാല്‍ ഉപയോഗം കുറയാനുള്ള സാധ്യത ഉണ്ടെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.



bar ban zoomin

 

ga