തിരുവനന്തപുരം: മദ്യനയം രൂപവത്കരിക്കാനുള്ള സര്‍ക്കാരിന്റെ അവകാശം അംഗീകരിക്കല്‍ മാത്രമാണ് കോടതിവിധിയിലൂടെ ഉണ്ടായിരിക്കുന്നതെന്നും ഇതിലൂടെ ഘട്ടംഘട്ടമായി അഴിമതി നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫില്‍ ഉണ്ടായിരുന്നവര്‍തന്നെയാണ് ഇപ്പോള്‍ അഴിമതിയാരോപണവുമായി രംഗത്തുവന്നിട്ടുള്ളത്. മന്ത്രി കെ.ബാബുവിനെതിരെ പുതിയ അഴിമതിയാരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മന്ത്രിസഭയില്‍നിന്ന് കെ.ബാബുവിനെ നീക്കി അദ്ദേഹത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ മദ്യനയം സദുദ്ദേശ്യപരമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, സര്‍ക്കാര്‍ ഇതിനെ അഴിമതി നടത്താനുള്ള അവസരമാക്കി മാറ്റി. പ്രതിപക്ഷം അഴിമതിയെക്കുറിച്ച് മുമ്പ് പറഞ്ഞ കാര്യങ്ങളിലെ തെളിവുകളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അഴിമതിക്കാരെ സംരക്ഷിക്കുന്ന നയമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് ശേഷം മാത്രമാണ് ബാറുടമകള്‍ പ്രതിപക്ഷത്തെ കണ്ടതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.