മദ്യോപയോഗം നിയന്ത്രിക്കാന്‍ അധികാരമുണ്ട്: സര്‍ക്കാര്‍

Posted on: 01 Apr 2015


കൊച്ചി: മദ്യവില്പന മൗലികാവകാശമല്ലെന്നും അക്കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നുമായിരുന്നു ബാര്‍ കേസില്‍ സര്‍ക്കാറിന്റെ വാദം. ഖോഡേ ഡിസ്റ്റിലറിയും കര്‍ണാടക സര്‍ക്കാറും തമ്മിലുള്ള കേസില്‍ സുപ്രീം കോടതി ഇത് വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാറിന് സമ്പൂര്‍ണ മദ്യനിരോധം ഏര്‍പ്പെടുത്തുകയോ വില്പന സര്‍ക്കാറിനു കീഴില്‍ മാത്രമാക്കുകയോ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്യാമെന്നാണ് ആ കേസിലെ വിധിന്യായത്തില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാറും ബി.സിക്‌സ് ഹോളിഡേ റിസോര്‍ട്ട്‌സും തമ്മിലുള്ള കേസില്‍ അക്കാര്യം സുപ്രീം കോടതി തന്നെ ശരിവെച്ചിട്ടുമുണ്ട്.
മദ്യോപയോഗം മൂലമുള്ള ദൂഷ്യങ്ങള്‍ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 2014-15-ലെ മദ്യനയത്തിന്റെ ലക്ഷ്യവും അതാണ്. മദ്യനയത്തിലൂടെ വില്പനയില്‍ നിയന്ത്രണം കൊണ്ടുവരാനാവില്ലെന്നോ സമ്പൂര്‍ണ മദ്യനിരോധത്തിലൂടെയേ അത് സാധിക്കൂ എന്നോ ഉള്ള വാദം ശരിയല്ല. മദ്യനിരോധമാണ് അന്തിമ ലക്ഷ്യം. അതിലേക്കുള്ള പ്രയാണമാണ് വില്പനയിലെ നിയന്ത്രണമെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു.
ബാര്‍ ലൈസന്‍സ് ഫൈവ് സ്റ്റാറിനു മാത്രമായി പരിമിതപ്പെടുത്തുന്നത് മദ്യ ഉപയോഗം കുറയ്ക്കാന്‍ ഉദ്ദേശിച്ചാണ്. കുടുംബത്തിന്റെ കണ്ണില്‍പ്പെടാതെ യുവാക്കള്‍ക്ക് പൊതു സ്ഥലത്ത് മദ്യപിക്കാനുള്ള അവസരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ബാറുകളുടെ എണ്ണം കുറയ്ക്കുന്നത്. സര്‍ക്കാറിന്റെ കീഴിലുള്ള മദ്യവില്പന ശാലകളുടെ എണ്ണവും വര്‍ഷം തോറും 10 ശതമാനം വീതം കുറയ്ക്കാന്‍ തീരുമാനമുണ്ട്.
ത്രീ സ്റ്റാറിന് താഴെയുള്ള വിഭാഗങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്ന നയ തീരുമാനം 2014-ല്‍ സുപ്രീം കോടതി ശരിവെച്ചിട്ടുണ്ട്. കേരള സര്‍ക്കാറും ബി. സുരേന്ദ്ര ദാസും തമ്മിലുള്ള കേസിലെ ഈ വിധിക്ക് അനുസൃതമാണ് ഇപ്പോഴത്തെ നിയന്ത്രണമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ടൂറിസം മന്ത്രാലയം ഏര്‍പ്പെടുത്തുന്ന സ്റ്റാര്‍ പദവി അബ്കാരി നയത്തിലും സ്വീകാര്യമാണെന്ന് പ്രസ്തുത വിധിന്യായം വ്യക്തമാക്കുന്നുണ്ടെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.
സര്‍ക്കാറിന്‍റെ ഈ വാദങ്ങള്‍ അംഗീകരിക്കുന്നതാണ് ബാര്‍ കേസില്‍ ജസ്റ്റിസ് കെ.ടി. ശങ്കരനും ജസ്റ്റിസ് ബാബു മാത്യു പി. ജോസഫും ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി.
അപ്പീലില്‍ സര്‍ക്കാറിനു വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്ര മന്ത്രിയുമായ കപില്‍ സിബലും അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയും സീനിയര്‍ ഗവ. പ്ലീഡര്‍ ടോം കെ. തോമസും ഹാജരായി. കേസില്‍ കക്ഷി ചേര്‍ന്ന ടി.എന്‍. പ്രതാപന്‍ എം.എല്‍.എ.ക്കു വേണ്ടി അഡ്വ. കാളീശ്വരം രാജ് ഹാജരായി.



bar ban zoomin

 

ga