തിരുവനന്തപുരം : അവസാനം ബാര്‍പ്രശ്‌നം യു.ഡി.എഫിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന സാഹചര്യത്തിലേക്ക് കൊണ്ടുചെന്നെത്തിച്ചു. സാമ്പത്തിക വര്‍ഷാവസാനത്തില്‍ പതിവ് രീതിയില്‍ ലൈസന്‍സ് പുതുക്കി പോകേണ്ട കാര്യം വിവാദത്തിലെത്തിയ നാള്‍വഴി ഇങ്ങനെ: മാര്‍ച്ചിലെ അവസാന മന്ത്രിസഭായോഗത്തില്‍ ബാര്‍ ലൈസന്‍സ് പ്രശ്‌നം വന്നപ്പോള്‍ കെ.എം. മാണി ലൈസന്‍സ് പുതുക്കുന്ന ഫയല്‍ താന്‍ കണ്ടിട്ടില്ലെന്ന് പറഞ്ഞു.
ഇതേത്തുടര്‍ന്ന് അന്ന് തീരുമാനമായില്ല. പിന്നീട് മാണി അനുമതി നല്‍കിയെങ്കിലും അടുത്ത മന്ത്രിസഭായോഗത്തിലാകട്ടെയെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു പറഞ്ഞു. ഇതോടെ പ്രശ്‌നം മന്ത്രിസഭയ്ക്ക് പുറത്തെത്തി. കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ ഇടപെട്ടു. നിലവാരമില്ലാത്ത 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ കഴിയില്ലെന്ന് അദ്ദേഹം കടുത്ത നിലപാടെടുത്തു. മത, സാമുദായിക നേതാക്കളും രംഗത്തെത്തി. സര്‍ക്കാര്‍ പ്രതിരോധത്തിലായി. അപ്പോഴേക്കും ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ലൈസന്‍സ് പുതുക്കുന്നതിന് നിയമതടസ്സമുണ്ടായി.
തിരഞ്ഞെടുപ്പായതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനം പിന്നീട് മതിയെന്ന് മുന്നണി നേതൃത്വം തീരുമാനിച്ചു. ഇതിനിടെ 418 ബാറുകള്‍ പൂട്ടി. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും വിവാദമുയര്‍ന്നു. സുധീരന്‍ കടുത്ത നിലപാടില്‍നിന്ന് പിന്നാക്കം പോയില്ല. പൂട്ടിയ ബാറുകളില്‍ നിലവാരമുള്ളവ തുറക്കാമെന്ന നിലപാട് ആദ്യമെടുത്ത കെ.എം. മാണി പിന്നീട് നിലപാട് തിരുത്തി. ബാറുകള്‍ തുറക്കേണ്ടെന്ന അഭിപ്രായത്തിലേക്ക് വന്നു. യു. ഡി.എഫിലെ മറ്റ് കക്ഷികളും ബാറുകള്‍ തുറക്കേണ്ടെന്ന നിലപാട് എടുത്തതോടെ, ബാറുകള്‍ തുറക്കുന്നതിന്റെ പാപഭാരം താന്‍ മാത്രം ചുമക്കേണ്ടെന്ന നിലപാട് മുഖ്യമന്ത്രിയെടുത്തു. പൂട്ടിയ 418 ബാറുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന 312 ബാറുകള്‍ കൂടി പൂട്ടാന്‍ തീരുമാനിച്ചു. ഇതോടെ ബാര്‍ ഉടമകള്‍ കൂട്ടമായി സര്‍ക്കാരുമായി തെറ്റി. തുടര്‍ന്ന് പ്രശ്‌നം കോടതിയിലെത്തുകയായിരുന്നു.