
കൊച്ചി: സമ്പൂര്‍ണ മദ്യനിരോധനം ഘട്ടം ഘട്ടമായി നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ നയതീരുമാനത്തെ അഭിനന്ദിക്കുന്നതാണ് ഹൈക്കോടതിയുടെ വിധി.
ഒറ്റയടിക്കുള്ള മദ്യനിരോധനം പ്രായോഗികമല്ലാത്തതിനാലാണ് ഇങ്ങിനെയൊരു സമീപനം സ്വീകരിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി അതു മുഖവിലക്കെടുത്തു എന്നു വേണം കരുതാന്‍.
ജനതാല്‍പ്പര്യവും ജനനന്മയും മുന്‍നിര്‍ത്തി മദ്യനയം എങ്ങിനെ രൂപവത്കരിക്കണം എന്നത് സര്‍ക്കാര്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. ഏതു തീരുമാനമെടുത്താലും അതില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. മദ്യനിരോധനത്തിന് മുന്‍തൂക്കം നല്‍കണമെന്നുള്ള തത്വത്തില്‍ അധിഷ്ഠിതമായി സര്‍ക്കാര്‍ നയങ്ങള്‍ രൂപവത്കരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. മദ്യത്തിന്റെ ഉപയോഗം പൊതുജനങ്ങള്‍ക്കിടയില്‍ കഴിയുന്നത്ര കുറയ്ക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതിന് അനുസൃതമായിട്ടാണ് മദ്യനയം ആവിഷ്‌കരിച്ചതെന്നുമുള്ള സര്‍ക്കാര്‍ വാദങ്ങള്‍ ഡിവിഷന്‍ ബെഞ്ച് സ്വീകരിക്കുകയായിരുന്നു.
ഫൈവ് സ്റ്റാറിന് അനുമതി നല്‍കിയപ്പോള്‍ ഫോര്‍ സ്റ്റാറിനും ഹെറിറ്റേജിനും കൂടി പ്രവര്‍ത്തനാനുമതി നല്‍കിയ സിംഗിള്‍ ബെഞ്ചിന്റെ നേരത്തെയുള്ള വിധിയും ഇതോടെ റദ്ദായി. ഫൈവ് സ്റ്റാറിനു മാത്രം മതി അനുമതി എന്ന സര്‍ക്കാര്‍വാദത്തില്‍ അപാകമില്ലെന്നാണ് കോടതി വിധിയുടെ കാതല്‍.
മദ്യനയം ശരിവച്ചു; ഇനി ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം