മുട്ടകൂടോത്രം

കെ.ജി. ജയരാജ്‌ Posted on: 31 Mar 2015

എടാ ഉണ്ണിയേ ഇങ്ങോട്ട് എഴുന്നേറ്റു വന്നേടാ... കാലത്തെ അമ്മയുടെ പതിവില്ലാത്ത വിളി കേട്ടു ഞാന്‍ കിടക്കപ്പായില്‍ നിന്നും ചാടി എണീറ്റ് ചെന്നു

ആ വിളിയില്‍ എന്തോ പന്തികേട് ഉണ്ടെന്ന് ശബ്ദും കേട്ടപ്പോള്‍ തന്നെ എനിക്ക് മനസിലായി.

ചെന്നു നോക്കിയപ്പോള്‍ അമ്മ കയ്യില്‍ ഒരു മുട്ടയും പിടിച്ചു നില്‍ക്കുന്നു.

ഈ വെളുപ്പാന്‍ കാലത്ത് അമ്മെയെന്നാ ഈ മുട്ടയും പിടിച്ചു നില്‍ക്കുന്നെ

നീ ഇതൊന്നു നോക്കിക്കേ രാവിലെ നിലവിളക്ക് കത്തിക്കാന്‍ ചെന്നപ്പോ നമ്മുടെ സിറ്റ് ഔട്ടില്‍ നിന്ന് കിട്ടിയതാ.

ഞാന്‍ ആ മുട്ട വാങ്ങി നോക്കി ഇതെന്നാ ഇതില്‍ കൂടെ പടം ഒക്കെ വരച്ചു വെച്ചേക്കുന്നെ

എന്റെ ഈ കമന്റ് കേട്ടതു തലക്കിട്ടു ഒരു കൊട്ട് തന്നിട്ട് അമ്മപറഞ്ഞു. എടാ ഇതു കൂടോത്രാ കൂടോത്രം മുട്ടകൂടോത്രം നീ ആ സിറ്റ് ഔട്ടിലേക്ക് ഒന്ന് ചെന്നു നോക്കിക്കേ അപ്പൊ കാണാം കളി

സിറ്റ് ഔട്ടില്‍ എന്താണെന്ന് അറിയാന്‍ ഉള്ള ജിജ്ഞാസയോട് കൂടി ഞാന്‍ അങ്ങോട്ട് ചെന്നു നോക്കി. അപ്പൊ അതാ കൂടെ ചെമ്പരത്തി പൂവും ചെത്തിപ്പൂവും അരിയും ഒക്കെ കിടക്കുന്നു സിറ്റ് ഒട്ടില്‍.

അപ്പോഴാണ് കാലത്തെ തന്നെ ഞങ്ങളുടെ ഒച്ചകേട്ടു അപ്പുറത്തെ വീട്ടിലെ ശാരദചേച്ചി അങ്ങ്് വന്നത്. എന്നാ പറ്റി ഉഷേ ശാരദേച്ചിയുടെ ഈ ചോദ്യം കേട്ടതും അമ്മയുടെ ശബ്ദുത്തിനു ഒച്ച കൂടാന്‍ തുടങ്ങി ഇതു നോക്കിക്കേ ശാരദേ ആരോ ഞങ്ങടെ വീട്ടില്‍ കൂടോത്രം ചെയ്തിട്ട് പോയേക്കുന്നു. എന്നാലും എന്നോടും എന്റെ പിള്ളേരോടും ഇതു ചെയ്യാന്‍ തോന്നിയല്ലോ ഒരു ഉറുമ്പിനെപ്പോലും ഞാന്‍ അറിഞ്ഞു കൊണ്ട് നോവിച്ചിട്ടില്ല. അമ്മ എണ്ണി പറഞ്ഞു കരയാന്‍ തുടങ്ങി.

ഞങ്ങടെ അടുത്ത് ഇത്തരം ഒരു സംഭവം ആദ്യമായതിനാലാണോ ആവോ എന്തോ പെട്ടെന്ന്
തന്നെ സംഭവം സീന്‍ ആയി. കാലത്തെ കവലയില്‍ ചായ കുടിക്കാന്‍ വന്ന ആള്‍ക്കാര്‍ എല്ലാം കൂടി. ഇടക്ക് ഓരോരുത്തരും ഓരോ അഭിപ്രായം പറഞ്ഞു സഹതപിക്കുന്നുണ്ട്. അത് കേള്‍ക്കുമ്പോള്‍അ# അമ്മയുടെ കരച്ചിലിന് ആക്കവും കൂടുന്നത് ഞാന്‍ ശ്രദ്ധിച്ചു.

അമ്മയൊന്നു മിണ്ടാതിരുന്നെ ഇതിലൊന്നും വലിയ കാര്യമൊന്നുമില്ല. അവിടെ കൂടി നിന്നവരുടെ ഇടയില്‍ ഒരു പുരോഗമനവാദി ആകാന്‍ വേണ്ടി ഞാന്‍ ചുമ്മാ അടിച്ചുവിട്ടു.

ഇത്തരക്കാരെ ഒക്കെ പിടിച്ചു പോലീസില്‍ എല്‍പിക്കണം എവിടുന്നോ ആരുടെയോ കമന്റ് കേട്ടു ഞാന്‍ ഉള്ളില്‍ ചിരിച്ചു. കൂടോത്രത്തിനു നമ്മുടെ പോലീസ് കേസ് എടുക്കുമോ ആവോ?

സംഭവം ഇങ്ങനെ കൊഴുത്ത് നില്‍ക്കുമ്പോഴാണ് ആള്‍കൂട്ടത്തിനു ഇടയില്‍ ഒരു ശബ്ദും കേട്ടത്. ആ മുട്ട ഇങ്ങു എടുത്തുകൊണ്ട് വന്നേ. കൂട്ടത്തില്‍ ഇത്തിരി ജ്യോത്സ്യം ഒക്കെ കൈവശമുള്ള കുട്ടപ്പന്‍ ചേട്ടന്‍ ആിരുന്നു അത്. എന്നിട്ട് അത് ദേ ഇവിടെ ഇട്ടങ്ങു കത്തിച്ചേ അത് പുഴുങ്ങിത്തീരും മുമ്പ് അത് ചെയ്തവന്‍ ഇവിടെ തുള്‌ളിക്കൊണ്ട് വരും. അതിനുള്ള സൂത്രപ്പണി ഒക്കെ എനിക്കറിയാം.

ഇതു കേട്ടപ്പോള്‍ എനിക്കും ഇന്‍ട്രസ്റ്റ് ആയി അങ്ങനെ ആണേല്‍ അതൊന്നു അറിയണമല്ലോ. ഞങ്ങള്‍ മുറ്റത്ത് കരിയില ഒക്കെ കൂട്ടിയിട്ടു കത്തിക്കാന്‍ തുടങ്ങി.

കുട്ടപ്പന്‍ ചേട്ടന്‍ അപ്പൊ മുട്ടയും കയ്യില്‍ പിടിച്ച് എന്തോ മന്ത്രങ്ങളൊക്കെ ചൊല്ലുന്നു ഉണ്ടായിരുന്നു. കൂട്ടത്തില്‍ അമ്മയുടെ പ്രാര്‍ത്ഥനയും എന്റെ ദൈവമേ എന്റെ വീട്ടില്‍ ഇതാര് ചെയ്താലും അവന്റെ രണ്ടു കാലും അമ്മ പറഞ്ഞു തീരും മുമ്പ് കൂട്ടത്തില്‍ ഒരു പയ്യന്‍ ഓടി വന്നു പറഞ്ഞു.

എന്റെ പൊന്നു ഉഷചേച്ചി. എന്നെ ഇങ്ങനെ ശപിക്കല്ലേ. ഞാനാ ഇതു ഇവിടെ കൊണ്ട് വെച്ചത്. ഇന്ന് ഏപ്രില്‍ ഫൂളല്ലേ നിങ്ങളെ ഒന്ന് ഫൂള്‍ ആക്കാന്‍ ഞാനാ മുട്ടയില്‍ കരി കൊണ്ട് പടം വരച്ചു ഇവിടെ കൊണ്ടേ ഇട്ടത്.

വെറുതെ ഒരു തമാശക്കു ചെയ്തതാ. അത് ഇത്രേം പുലിവാല്‍ ആകുമെന്ന് കരുതിയില്ല.

ഇതു കേട്ടതും അവിടെ നിന്ന എല്ലാവരുടെയും സഹതാപം പൊട്ടിച്ചിരിആയി മാറാന്‍ അധിക സമയം വേണ്ടി വന്നില്ല.

പഴയ ഏതോ ഒരു മലയാള സിനിമയില്‍ നിന്നും അടിച്ചെടുത്തതാണെങ്കിലും തന്റെ വിദ്യ ഫലിച്ചതില്‍ കുട്ടപ്പന്‍ ചേട്ടനും കൃതാര്‍ത്ഥനായി.

പക്ഷേ അമ്മയുടെ ദേഷ്യം മുഴുവനായും മാറിയില്ലായിരുന്നു. അമ്മ പിറുപിറുത്തുകൊണ്ട് അടുക്കളയിലേക്കു കയറിപ്പോയി.

അപ്പോഴും എനിക്കൊരു സംശയം ബാക്കി ആയിരുന്നു. ശരിക്കും ഫൂള്‍ ആയതാരാ ആ പയ്യനോ, ഞങ്ങളോ അതോ അവിടെ കൂടിയ ആള്‍ക്കാരോ?

എന്തായാലും ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു ഏപ്രില്‍ ഫൂള്‍ തന്നതിനു എനിക്ക് അവനോടു ഇപ്പോഴും നന്ദി തോന്നുന്നു.



april fool

 

ga