കണ്ണൂര്‍കാരന്‍ പുപ്പുലി മുരളീ ബ്രോ വകയായി സന്തത സഹചാരി ശ്രീമാന്‍ ദാവൂദിന് ഫേസ് ബുക്കിലൂടെ ഒരു സന്ദേശം കൊടുത്തു. ഒരു മഹാ സംഭവം ! 'Start Immediately to attend the interview with all certificates'
ഇന്നുതന്നെ കമ്പനിയില്‍ ഹാജരാകണം.
ഐ.ടി.കമ്പനി മാനേജരുടെ കത്തിന്‍റെ കോപ്പി സഹിതം കണ്ടപ്പോള്‍ തന്നെ മുരളീബ്രോയുടെ മനസ്സില്‍ കുളിര് കോരി. നന്നായി മാതൃകാപരമായ സേവനം കൊടുക്കുന്ന ആളുകള്‍ക്ക് എന്നും ഡിമാ ണ്ട് തന്നെ. ഇന്ത്യയുടെ ഏതു അററത്തുപോയി പണിയെടുക്കുവാനും തയാറാകുന്നവര്‍ക്ക് മാത്രം കിട്ടുന്ന ഒരു ഭാഗ്യം. നാട്ടില്‍ ഒരു പണിയുമില്ലാതെ തെക്ക്‌വടക്ക് നെടുനീളെ വട്ടം കറങ്ങി നടക്കുന്നതിനേക്കാള്‍ ഭേദം കിട്ടിയ പണിയില്‍ത്തന്നെ കടിച്ചു തൂങ്ങി കിടക്കുക എന്നത് തന്നെ !
കമ്പനിയിലെ കോണ്ട്രാക്റ്റ് മാര്‍ച്ച് അവസാനം കഴിഞ്ഞതാണല്ലോ? ഇത്ര പെട്ടെന്ന് വീണ്ടും വിളിയെത്തും എന്ന് പ്രതീക്ഷിച്ചില്ല. എല്ലാം പടച്ചോന്റെ വിളയാട്ടം! മെസ്സേജിന്‍റെ അറ്റാച്ച്‌മെന്‍റ് ഒന്നുകൂടി മനസ്സിരുത്തി വായിച്ചു. ഏപ്രില്‍ ഒന്നിന് തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എച്.ആര്‍. മാനേജര്‍ക്ക് മുന്നില്‍ ഹാജരാവണം.
എന്തായാലും കൂട്ടുകാരെ ആരെയെങ്കിലും വിളിച്ചു നോക്കാം. എന്തിനു ടിന്‍റു ബ്രോവിനെത്തന്നെ വിളിക്കാം. നമ്പര്‍ ഡയല്‍ ചെയ്തു. നെറ്റ് വര്‍ക്ക് ബിസി. വീണ്ടും െ്രെട ചെയ്തു. സ്ഥിതി പഴയത് തന്നെ. നെറ്റ് വര്‍ക്ക് ജാം !
അതിരാവിലെ കുളികഴിഞ്ഞ് കണ്ണൂര്‍ സ്‌റ്റേഷനില്‍നിന്നും വണ്ടി കയറി. പണിയൊത്താല്‍ എന്തായാലും കുറച്ചു കാലവും കൂടി കമ്പനി വക ക്വാര്‍ട്ടേഴ്‌സും ഒന്നേമുക്കാലിന്റെ കൂപ്പണ്‍ ഭക്ഷണവും കഴിച്ചുതള്ളിനീക്കാം!
പ്രതീക്ഷകളുടെ ചിറകുകള്‍ക്ക് വേഗം കൂട്ടി വണ്ടി മുന്നോട്ടു പോയിക്കൊണ്ടിരുന്നു. എന്തായാലും സെക്ഷനിലെ രാധാകൃഷ്ണന്‍ സാറിനെയൊന്ന് വിളിച്ചുനോക്കാം.
-ഹലോ.....സാറേ ഇത് കണ്ണൂരില്‍ നിന്നും ദാവൂദാണ്.
-ശരി കാര്യം പറയൂ. എന്തൊക്കെയുണ്ട് വിശേഷം ?
-സാറേ എനക്ക് ഒരി മെസ്സേജ് വന്നിന്. ഇന്ന് കമ്പനീല് ഇന്റര്‍വ്യൂ ഉണ്ടത്രേ. നമ്മുടെ മുരളീ ബ്രോ കാള്‍ ലെറ്റര്‍ സഹിതം മെസ്സേജ് അയച്ചിരിക്കുന്നു. എന്റെ കാര്യം നമ്മുടെ മനേജരോട് ഒന്ന് പറഞ്ഞു വെച്ചേക്കണം. ഞാനിപ്പോ വല്ലാത്ത അവസ്ഥയിലാ.... എന്റെ കാര്യം അറിയാലോ ...?
-ഇന്റര്‍വ്യൂവോ...... നമ്മുടെ കമ്പനീലോ ? തനിക്കല്ലേടോ ഫൈനല്‍ സെറ്റില്‍മെന്റും തന്ന് ചീട്ടു കീറി പറഞ്ഞു വിട്ടത്? എടോ ചങ്ങാതീ ഇന്നെത്രയാ തിയതി ? തന്നെ ആരോ ആപ്പ് വെച്ചു ഫൂളാക്കിയതായിരിക്കും ! ഇവിടെ ഇന്റെര്‍വ്യൂവും ഇല്ല ഒരു മണ്ണാങ്കട്ടയും ഇല്ല ! വിഡ്ഢി കൂശ്മാണ്ടമേ.......
ഒരു ഏപ്രില്‍ ഫൂള്‍ വിനോദത്തില്‍ പുളകം കൊള്ളുന്ന മുരളീ ബ്രോവിന്‍റെ ഓഞ്ഞ ചിരിയും, അമളി പറ്റിയ ദാവൂദ് ഇബ്രാഹിമിന്‍റെ നെഞ്ചിലൂടെ ഓടിക്കയറിയ തീവണ്ടിയുടെ ക്കൂക്കി വിളിയും അപ്പോള്‍ കേള്‍ക്കാമായിരുന്നു! ട്രെയിനില്‍ പത്രം വില്‍ക്കുന്ന പയ്യന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു ' ഇന്നത്തെ വാര്‍ത്ത'.......'വിഡ്ഢിദിനത്തില്‍ ചമ്മിയ നേതാക്കള്‍'
എഡിറ്റ് ചെയ്യപ്പെട്ട കാള്‍ ലെറ്റര്‍ നോക്കി ആത്മഗതം: ദൈവമേ...................ഇതെന്തൊരു ലോകം