അന്ന് ഏപ്രില്‍ ഒന്നാണെന്ന് അറിയാമായിരുന്നു. കരുതലോടെ ഇരുന്നു. കഴിഞ്ഞ വര്‍ഷത്തെ അനുഭവം മനസ്സില്‍ ഉണ്ടായിരുന്നു. നന്നേ രാവിലെ അമ്മാവന്റെ മകന്‍ വന്നു പറഞ്ഞു അച്ഛന്‍ അവിടം വരെ ഒന്ന് ചെല്ലാന്‍ പറഞ്ഞിരിക്കുന്നുവത്രെ. അവന്‍ പ്രായത്തില്‍ എന്നെക്കാളും വളരെ ചെറുപ്പമാണ്. സ്‌കൂളില്‍ പഠിക്കുന്ന പ്രായം. അവനോടൊത്ത് ഇറങ്ങി പുറപ്പെട്ടപ്പോള്‍ പെട്ടന്ന് ചെറിയൊരു സന്ദേഹം.
ഞാന്‍ ചോദിച്ചു: എടാ ചെക്കാ ..ഏപ്രില്‍ ഫൂളാക്കനുള്ള വല്ല ശ്രമവുമാണോ?
അവന്‍ പരിഭ്രമിച്ചു എന്നെ നോക്കി. പാവം അങ്ങിനെ ഒരു വാക്കുപോലും അവന്‍ കേട്ടിട്ടില്ലന്നു തോന്നുന്നു.
എന്താടാ കാര്യം ഞാന്‍ അവനോടു തിരക്കി.
-കപ്പിയും ബക്കറ്റും കിണറ്റില്‍ വീണു അതെടുക്കാനാ.
തിരക്കഥക്ക് ഒരു കല്ലുകടി തോന്നാതിരുന്നില്ല.
ചെന്നപാടെ കിണറ്റില്‍ ഇറങ്ങി വേനല്‍ അല്ലെ വെള്ളം നന്നേ കുറവ്.
അപ്പോള്‍ മുകളില്‍ നിന്നും ഒരു സിംഹ ഗര്‍ജനം: അമ്മാവനാണ്. എന്താടാ രാവിലെ കിണറ്റില്‍ തപ്പുന്നത്..
ഇളിഭ്യനായി തിരിച്ചു നടക്കുമ്പോള്‍ പിന്നില്‍ നിന്നും വള്ളി നിക്കറുകാരന്റെ പരിഹാസ ചിരി ഇന്നും കാതുകളില്‍.
കോളിങ് ബെല്‍ ശബ്ദം കേട്ടപ്പോള്‍ വാതില്‍ തുറന്നത് അമ്മ. കുറച്ചു കഴിഞ്ഞു തിരിച്ചു വന്ന് അമ്മ പറഞ്ഞു.
ഇന്ന് ഇവിടേക്ക് മൂന്ന് നാല് പേരായി വരുന്നു.
നിന്നെ വിളിക്കാം എന്നു പറയുമ്പോള്‍ അവര്‍ ഒന്നും പറയാതെ തിരിച്ചു പോവുകയും ചെയ്യുന്നുവല്ലോ.
അതു പറഞ്ഞു തീരും മുന്‍പേ ശരം വിട്ട പോലെ അമ്മാവന്‍ കുതിച്ചു വരുന്നു.
അകത്തേക്ക് കയറിവന്നു എന്നെ കണ്ടതും
ഒരു നിമിഷം തരിച്ചുനിന്ന അമ്മാവന്‍ തിരിച്ചു നടക്കുമ്പോള്‍ അരിശത്തോടെ അമരുന്നത് കേട്ടു.
-നാണക്കേട്. ഇതിലും നല്ലത് നീ മരിക്കുകതന്നെയായിരുന്നു.
കൊശവന്‍.
പിന്നീട് അറിഞ്ഞു,
ഞാന്‍ മരിച്ചതായി നന്നേ രാവിലെ ഒരു പ്രചാരം ഉണ്ടായിരുന്നു പോല്‍.
പ്രഭവ കേന്ദ്രം അറിഞ്ഞിരുന്നെങ്കില്‍ ഒരു നന്ദി പറയാമായിരുന്നു.