എം..എസ്.സി ചെരുപ്പുകള്‍!
ആര്‍. രാധാകൃഷ്ണന്‍ Posted on: 30 Mar 2015
ഹരിപ്പാട് കച്ചേരിമുക്കിലെ വൈകുന്നേരത്തെ സൗഹൃദസായാഹ്നം. ബിരുദപഠനത്തിനുശേഷം ടെസ്റ്റുകളൊക്കെ എഴുതി ജോലി തേടി നടക്കുന്ന ഞങ്ങള്‍ ഭാസുരേന്ദ്രബാബുവിന്റെ കടവാതില്‍ക്കല്‍ കൂടാറുണ്ട്. ഒരു മാര്‍ച്ച് 31 സന്ധ്യയ്ക്ക് അടുത്ത ദിവസത്തെ ഏപ്രില്‍ ഒന്നിനെക്കുറിച്ച് സംസാരിക്കുന്നതിനിടയ്ക്ക് വീണുകിട്ടിയ പദ്ധതി. ഭാസുരേന്ദ്രബാബുവിനെ ഫൂള്‍ ആക്കാം. അദ്ദേഹത്തിന്റെ കടയുടെ ഭിത്തിയിലൊക്കെ ചെരുപ്പിന്റെ പരസ്യം എഴുതിവെച്ചിട്ടുണ്ട്.ബാറ്റാ ഷൂ കമ്പനിയുടെ, ബി.എസ്.സി ചപ്പലുകളുടെ മാഹാത്മ്യങ്ങള്‍.. അതേ പെയിന്റും ബ്രഷും സംഘടിപ്പിച്ച് ആ രാത്രി തന്നെ ബി.എസ്.സി ചെരുപ്പുകളെയെല്ലാം എം..എസ്.സി ചെരുപ്പുകളാക്കി. ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായ പാദരക്ഷകള്‍! രാവിലെ കട തുറക്കാനെത്തിയ ഭാസുരേന്ദ്രബാബു വിഢ്ഢിദിനമാണെറിയാതെ കുറെ ബഹളം വച്ചുഫൂളായതറിഞ്ഞ് സ്‌പോര്‍ട്ട്‌സ് മാന്‍ സ്പിരിറ്റോടെ അദ്ദേഹം ഈ പദ്ധതി തയ്യാറാക്കിയവരെ കയ്യൊടെ പിടിക്കുകയും അവര്‍ക്ക് ഓരോ നാരങ്ങാവെള്ളം നല്‍കുകയും ചെയ്തത് പിന്നീടുള്ള കഥ.