എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു വിഡ്ഢിദിനമായിരുന്നു അന്ന് കാരണം എല്ലാവരെയും പറ്റിച്ചു നടന്ന എനിക്കിട്ടുകിട്ടിയ എട്ടിന്റെ പണിയായിരുന്നു അത്.
എന്റെ വീട്ടിനടുത്തുള്ള കണാരേട്ടന് ആടിനെയും പശുവിനെയും വളര്‍ത്തലാണ് പ്രധാന തൊഴില്‍. ആരെയും ബുദ്ധിമുട്ടിക്കാതെ തന്റെ കാര്യങ്ങളില്‍ തല്‍പരനായി സുഖമായി കഴിയുന്ന ഒരു പാവം മനുഷ്യന്‍. എന്റെ വിവരക്കേടുകൊണ്ടോ എന്തോ എന്റെ മനസ്സില്‍ കണാരേട്ടനെ ഒന്നു പറ്റിച്ചാലോ എന്നൊരു തോന്നലുണ്ടായി. പരീക്ഷയൊക്കെ കഴിഞ്ഞ് വേനലവധി തുടങ്ങുന്ന അവസരമായതിനാല്‍ എല്ലാറ്റിനും ഭയങ്കര ഉത്സാഹമായിരുന്നു. അങ്ങിനെ ഞാന്‍ കാലത്ത് തന്നെ പ്ലാന്‍ തയ്യാറാക്കി. നിറയെ മീനുകളുള്ള കണാരേട്ടന്റെ കുളത്തില്‍ മോട്ടോറു വെച്ച് മീന്‍ പിടിക്കാന്‍ അവിടെ അടുത്തുള്ള ചിലര്‍ പരിപാടിയിട്ടിട്ടുണ്ടെന്നും ഇന്ന് കണാരേട്ടന്‍ പോയിക്കഴിഞ്ഞാല്‍ അവരിവിടെയെത്തുെന്നും ചിരി ഉള്ളിലടക്കി ഞാന്‍ എങ്ങിനെയോ പറഞ്ഞൊപ്പിച്ചു. ഇതു കേട്ടമാത്രയില്‍ കണാരേട്ടന്റെ മുഖത്തു മിന്നിമറഞ്ഞ ഭാവങ്ങളെന്നെ വിഷമിപ്പിച്ചെങ്കിലും ഞാനൊന്നുമറിയാത്തതുപോലെ നിന്നു. ശരി അവരിങ്ങുവരട്ടെ ഞാന്‍ ശരിയാക്കിക്കൊടുക്കാം എന്നു പറഞ്ഞ് കോലായിലെ ബഞ്ചിലിരുന്ന കണാരേട്ടന്‍ ഭാര്യയോട് ചായ ഇപ്പോ വേണ്ട എന്നു പറഞ്ഞ് പുറത്തേക്കിറങ്ങി. ഈ തക്കത്തിനും ഞാനും മെല്ലെ തടിതപ്പി. കണാരേട്ടന്‍ നേരെ ഇറങ്ങിപ്പോയത് തന്റെ കുളത്തിനടുത്തേക്കാണെന്ന് ഞാന്‍ മനസിലാക്കി. നിറയെ മീനുള്ള ആ കുളത്തിലേക്ക് ഞാനടക്കമുള്ളവര്‍ക്ക് വല്ലാത്ത ഒരു നോട്ടമുണ്ടായിരുന്നെന്ന് കണാരേട്ടനടക്കം നാട്ടിലെ എല്ലാവര്‍ക്കും അറിയാമായിരുന്നു. ആയതിനാല്‍ ഏപ്രില്‍ ഫൂളെന്നോ വിഡ്ഢിദിനമെന്നോ ഒന്നുമറിയാത്ത കണാരേട്ടന്‍ അതു കാര്യമാക്കിയെടുക്കുകയും ചെയ്തു എന്ന് എനിക്കു മനസ്സിലായി.
അങ്ങിനെ ഞാന്‍ വീട്ടിലേക്കു തിരിച്ചു വന്ന് ചായകുടിയൊക്കെ കഴിഞ്ഞ് അടുത്തയാളെ പറ്റിക്കാനുള്ള വ്യഗ്രതയുമായി കൂട്ടുകാരുടെ അടുത്തേക്കു പോയി. ഉച്ചയ്ക്ക് ചോറുകഴിക്കാനുള്ള സമയമായപ്പോള്‍ ഞാന്‍ വീട്ടിലേക്കു വന്നു. അപ്പോഴേക്കാണ് കണാരേട്ടന്റെ കാര്യം ഓര്‍മ വന്നത്. മെല്ലെ കണാരേട്ടന്റെ അടുത്തേക്കു ചെന്നു. എന്നെ കണ്ടതും തെല്ലൊരാശ്വാസത്തില്‍ കണാരേട്ടന്‍ എന്നോടു പറഞ്ഞു. ഇതുവരെ ആരും വന്നിട്ടില്ല ഇനി വരുമോ ആവോ.
അതുകേട്ടതും എന്റെ മനസ്സു പിടഞ്ഞു. കുറ്റസമ്മതത്തോടെ ഞാന്‍ കാര്യങ്ങളൊക്കെ പറഞ്ഞപ്പോ ഒരു ചീത്ത വിളിയോ ഓടിച്ചു വിടലോ ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ ഒന്നും ഉണ്ടായിട്ടില്ല എന്നു മാത്രമല്ല വളരെ വിഷമത്തോടെ കണാരേട്ടന്‍ എന്നോടു പറഞ്ഞ കാര്യം കേട്ടപ്പോ ഞാനാകെ വിഷമിച്ചുപോയി.
മോനേ നീ എന്നെ പറ്റിച്ചതില്‍ എനിക്കൊരു വിഷമവും ഇല്ല. പക്ഷേ അബദ്ധത്തില്‍ എന്റെ വിരലിലുണ്ടായിരുന്ന അരപവന്റെ മോതിരം വെള്ളത്തില്‍ വീണുപോയി. അതുകൊണ്ട് ആരെങ്കിലും വരുന്നതുവരെ ഞാനിവിടെ കാത്തിരിക്കുകയായിരുന്നു പക്ഷേ ആരും വന്നില്ല.
ഞാനാകെ വല്ലാതെയായിപ്പോയി. ഞാന്‍ കാരണമാണല്ലോ കണാരേട്ടന് മോതിരം നഷ്ടപ്പെട്ടത്. ഞാന്‍ പറഞ്ഞു സാരമില്ല കണാരേട്ടാ ഞാന്‍ തപ്പിയെടുത്തുതരാം. മോതിരം എവിടെയാ വീണത്.
നിര്‍വികാരനായി മോതിരം വീണസ്ഥലം കണാരേട്ടന്‍ എനിക്കു കാണിച്ചുതന്നു. ഞാന്‍ സാവധാനം കുളത്തിലേക്കിറങ്ങിത്തപ്പുവാന്‍ തുടങ്ങി. അങ്ങിനെ കണാരേട്ടന്‍ പറഞ്ഞ എല്ലാ സ്ഥലത്തും ഞാന്‍ അര മണിക്കൂര്‍ തപ്പിയിട്ടും മോതിരം കിട്ടിയില്ല. അവസാനം കുളത്തില്‍ നിന്നു തന്നെ ഞാന്‍ ചോദിച്ചു കണാരേട്ടാ ഇനി എന്താ ചെയ്യുകയെന്ന്.
പെട്ടെന്നാണ് കണാരേട്ടന്റെ മറുപടി.
അതുസാരമില്ല മോനെ. നീ ഇനി കുളം വറ്റിച്ചാലും മോതിരം കിട്ടാന്‍ പോകുന്നില്ല കാരണം എനിക്കു സ്വര്‍ണത്തിന്റെ മോതിരം ഇല്ലതാനും ഉണ്ടെങ്കില്‍ത്തന്നെ അത് കുളത്തില്‍ വീണിട്ടുമില്ലതാനും. നീ എനിക്കൊരു നാലിന്റെ പണി തന്നു. അതിനു ഞാന്‍ നിനക്കൊരു എട്ടിന്റെ പണി അങ്ങോട്ടുതന്നു. നീയെന്നെ കുളക്കരയിലിരുത്തി. ഞാന്‍നിന്നെ കുളത്തിലിറക്കിയിരുത്തി അത്രമാത്രം എന്നും പറഞ്ഞ് വീട്ടിലേക്കു കടന്നുപോയി.
ഞാന്‍ ഇളിഭ്യനായി കുറേനേരം കുളത്തില്‍ തന്നെ നിന്ന് ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം വീട്ടിലേക്കു നടന്നു.