എമര്‍ജന്‍സി ഫൂള്‍

കെ ഗോപകുമാര്‍ റിയാദ്‌ Posted on: 31 Mar 2015

1989 മാര്‍ച്ച് 31 രാത്രി.
നാളെ ഏപ്രില്‍ 1.
ഓഫീസില്‍ ആരെയെങ്കിലും പറ്റിക്കണമല്ലോ മനസ്സില്‍ കരുതി.
തിരുവനന്തപുരത്ത് പട്ടത്തുള്ള കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡില്‍ കമ്പ്യൂട്ടര്‍ സെക്ഷനില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന കാലം.
പിറ്റേ ദിവസം രാവിലെ വീട്ടില്‍ നിന്നും പഴകിയ ചുവന്ന നിറമുള്ള കഫ് സിറപ്പ് പോലുള്ള ഏതോ മരുന്നും കോട്ടണും നീളമുള്ള തുണിയും സംഘടിപ്പിച്ച് ബാഗില്‍ കരുതി.
കമ്പ്യൂട്ടര്‍ റൂമില്‍ പന്ത്രണ്ടോളം പേര്‍ അതില്‍ ഞാനുള്‍പ്പെടെ നാല് പേര്‍ ആണുങ്ങള്‍.
ആദ്യം എത്തുന്ന ലേഡീസ് വരുന്നതിനുമുമ്പേ ഓഫീസില്‍ എത്തുവാനായി ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ കയറി. ഓഫീസില്‍ എത്തി.
ഭാഗ്യം ആരും എത്തിയിട്ടില്ല.
നേരെ കമ്പ്യൂട്ടര്‍ റൂമില്‍ കയറി കോട്ടണ്‍ മുകളിലായി ചുവന്ന മരുന്ന് ഒഴിച്ച് ചെറിയ തുണ്ടും വച്ച് നീളമുള്ള തുണി കൊണ്ട് ഇടതു കൈപ്പത്തിക്ക് മുകളിലായി ഒരു കൈകൊണ്ട് വല്ല വിധേയനയും കെട്ടി ഡെസ്‌കില്‍ തല കുനിച്ചിരുന്നു.
അല്പസമയത്തിനകം അമരാവതി, പത്മാവതി, ഷൈലെറ്റ്, ചിത്ര, തുടങ്ങിയ ലേഡീസ് സംസാരിച്ചുകൊണ്ട് കടന്നു വരുന്ന ശബ്ദം.
കൈകാണത്തക്ക വണ്ണം ഡെസ്‌കില്‍ വെച്ച് തല കുനിച്ചിരുന്നു. ചെറിയ ഞരക്കത്തോടെ വേദന അഭിനയിച്ചു.
കണ്ട മാത്രയില്‍ അവരെല്ലാം ഓടി അടുത്ത് വന്നു. ഗോപാ എന്തുപറ്റി എന്ന് വളരെ ഉത്കണ്ഠയോടെ ചോദിച്ചു. ഞാന്‍ തല പൊക്കാതെ തന്നെ ഞരക്കത്തോടെ കാര്യം പറഞ്ഞു. ബസ്സില്‍ നിന്നിറങ്ങുന്ന സമയം ഡോര്‍ അടക്കുമ്പോള്‍ കൈ കുടുങ്ങി ചതഞ്ഞുപോയി. ബസ്സില്‍ നിന്നും ഫസ്റ്റ്എയിഡ് മരുന്ന വെച്ച് കെട്ടി. ഇപ്പോള്‍ വേദന സഹിക്കാന്‍ മേല തല ചുറ്റുന്ന് എന്നെല്ലാം.
അപ്പോഴേക്കും കൂടെ ജോലി ചെയ്യുന്ന സുഹൃത്ത് ആന്റണി കണ്ടു കൊണ്ട് എന്ത് പറ്റിയെടാ ഗോപാ എന്ന് പറഞ്ഞു പാഞ്ഞെത്തി.
പിറകെ നന്ദകുമാറും. നമുക്ക് ഉടനെ ഹോസ്പിറ്റലില്‍ പോകാം എന്നു പറഞ്ഞു ഓഫീസിനു മുമ്പില്‍ ഉണ്ടായിരുന്ന സ്റ്റേറ്റ് ബോര്‍ഡ് വെച്ച കാറില്‍ കയറി നേരെ ഹോസ്പിറ്റല്‍ എമര്‍ജന്‍സി വാര്‍ഡില്‍. ഡോക്ടര്‍ കെട്ടഴിക്കുന്നതും അതിനുള്ളില്‍ ഒളിപ്പിച്ചിരുന്ന ഏപ്രില്‍ ഫൂള്‍ എന്നെഴുതിയ ചെറിയ തുണ്ട് കണ്ട് ഏവരും ഫൂള്‍ ആകുന്നതുമാകുന്ന രംഗം ഈ ഏപ്രില്‍ 1 നും ചിരിയോടെ മനസില്‍ ഓടിയെത്തുന്നു.



april fool

 

ga