
പണ്ട് പണ്ടാണ് കേട്ടോ ഈ സംഭവം..ഒരിടത്ത് ഒരു കോളേജ് ഉണ്ടായിരുന്നു. കോളേജില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും നല്ല സുഹൃത്തുക്കള്‍ ആയി ജീവിതം മുന്നോട്ടു കൊണ്ട് പോയി കൊണ്ടിരിക്കുന്ന കാലം. പരസ്പരം ഇഴവിടാത്ത ബന്ധം.അങ്ങനെ ഒരിക്കല്‍ ആ ബന്ധം വഷളായി.. ഒരൊറ്റ ദിവസം കൊണ്ട്. നിങ്ങള്‍ക്കും അറിയണ്ടേ ആ കഥ.. ഞാന്‍ തുടങ്ങട്ടെ.
അന്നൊരു വെള്ളിയാഴ്ച. പുതപ്പിനടിയില്‍ കൈകള്‍ കാലുകള്‍ക്കിടയില്‍ തിരുകി സുഖനിദ്രയിലാണ്ട് കിടന്ന രാജേഷിന്റെ ഫോണില്‍ അതിരാവിലെ ഒരു ഫോണ്‍ കാള്‍. ഞെട്ടി ചാടിയെണീറ്റ രാജേഷ് ഫോണ്‍ എടുത്തു. ലേഡീസ് ഹോസ്റ്റലില്‍ നിന്നും ധന്യ ആണ്.
'രാജേഷേ ഡാ, നമ്മുടെ ജെസ്സിയെ കാണാനില്ല.'
ഉറക്കപിച്ചില്‍ ആയിരുന്ന രാജേഷിന്റെ ഉറക്കമൊക്കെ പമ്പ കടന്നു.
'അവിടെ എവിടേലും കാണും. ഈ നേരത്ത് അവള്‍ എവിടെ പോകാന്‍ ..
' ഇല്ല രാജേഷേ ഞങ്ങള്‍ ഒരു പാട് നേരം ആയി തിരയുന്നു. ഇന്നലെ അവള്‍ വല്ലാത്ത വിഷമത്തിലായിരുന്നു.. എന്താന്നറിയില്ല പേടിയാകുന്നു. ഫോണില്‍ വിളിച്ചാല്‍ ഓഫ് ആണെന്നാ പറയുന്നേ .'
ധന്യ പാതി കരച്ചിലില്‍ ആണെന്ന് രാജേഷിനു മനസിലായി.
' സാരമില്ല വിഷമിക്കാതെ നമുക്ക് നോക്കാം '. രാജേഷ് ഫോണ്‍ വെച്ചു .
രാജേഷ് അപ്പോള്‍ തന്നെ കൂടെയുള്ള ശ്യാമിനെയും, അനീഷിനെയും, ശ്രീജിത്തിനെയും വിവരം ധരിപ്പിച്ചു. ക്ലാസ്സ് റൂമുകളിലും, കാന്റീനിലും എന്ന് വേണ്ട തൊള്ളായിരം ഏക്കര്‍ ചുറ്റളവുള്ള യുനിവേഴ്‌സിറ്റി മുഴുവന്‍ ഉച്ച വരെ അവര്‍ തിരഞ്ഞു. ജെസ്സിയുടെ യാതൊരു വിവരവും ഇല്ല. അവര്‍ വീണ്ടും ലേഡീസ് ഹോസ്റ്റലിലേക്ക് വിളിച്ചു നോക്കി. മറുപടി എത്തിയിട്ടില്ല എന്ന് തന്നെ.
നില്‍ക്കകള്ളി ഇല്ലാതായപ്പോള്‍ രാജേഷ് ജെസ്സിയുടെ വീട്ടിലേക്കു വിളിച്ചു.
'അച്ഛാ ഞാന്‍ ജെസ്സിടെ കൂടെ പഠിക്കുന്ന രാജേഷ് ആണ്.ജെസ്സിക്ക് ഫോണ്‍ ഒന്ന് കൊടുക്കാമോ?
'ജെസ്സി ഇവിടില്ലല്ലോ അവള്‍ അവിടെയല്ലേ..
'ശരി അച്ഛാ അവളെ വിളിച്ചിട്ട് കിട്ടുന്നില്ല, ഞാന്‍ കരുതി അവള്‍ വീട്ടില്‍ ആയിരിക്കുമെന്ന്.
രാജേഷ് ഫോണ്‍ കട്ട് ചെയ്തു.
വീട്ടുകാര്‍ക്കെന്തോ പന്തികേട് തോന്നിയിട്ടോ എന്തോ അവര്‍ രാജേഷിനെ തിരിച്ചു വിളിച്ചു.
'മോനെ എന്തേലും കുഴപ്പം ഉണ്ടോ അവിടെ
രാജേഷ് കാര്യം പറഞ്ഞു.
'ഞാന്‍ ഉടനെ അങ്ങോട്ട് വരാം മോനെ ' അതും പറഞ്ഞു ജെസ്സിയുടെ അച്ഛന്‍ ഫോണ്‍ വെച്ചു.
രാജേഷ് ഉടന്‍ തന്നെ ധന്യയെ വിളിച്ചു.
'ധന്യേ പേടിക്കാതെ ഇരിക്കൂ. ഞാന്‍ അവളുടെ വീട്ടില്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്. അവര്‍ ഇപ്പോള്‍ തന്നെ എത്താംന്നു പറഞ്ഞു '
'അയ്യോ....' അപ്പുറത്ത് നിന്നും ധന്യ.
'നീ അപ്പോളേക്കും അവളുടെ വീട്ടിലേക്കു വിളിച്ചു പറഞ്ഞോ
'എന്താ കുഴപ്പം വല്ലോം ഉണ്ടോ രാജേഷ് ചോദിച്ചു.
വളരെ മധുരം ആയി അപ്പുറത്ത് നിന്നും ധന്യ മൊഴിഞ്ഞു.
'എടാ പൊട്ടാ... ജെസ്സി ഇവിടെ തന്നെയുണ്ട്.. നീ മറന്നോ ഇന്ന് ഏപ്രില്‍ ഫൂള്‍ ദിനം ആണ്. നിന്നെ ഞങ്ങളെല്ലാം കൂടി ഒന്ന് ഫൂള്‍ ആക്കിയതല്ലേ ..!!
രാജേഷിനു കരയണോ ദേഷ്യപ്പെടണോ എന്നറിയാതായി.
'നിങ്ങളുടെ ഒരു തമാശ.. രാവിലെ മുതല്‍ ഇത്രേം നേരം ഞങ്ങള്‍ കുറച്ചു മനുഷ്യര്‍ ഇവിടെ തീ തിന്നത് നിങ്ങള്‍ക്ക് വെറും തമാശ ആയിരുന്നല്ലേ. അവളുടെ അച്ഛന്‍ ഇപ്പൊ ഇങ്ങോട്ട് എത്തും. ആ മനുഷ്യനോട് ഞാന്‍ എന്ത് പറയും. ഞങ്ങള്‍ കാണിച്ച ഈ ആത്മാര്‍ഥത നിങ്ങള്‍ അര്‍ഹിക്കുന്നില്ല എന്ന് നിങ്ങള്‍ തന്നെ കാണിച്ചു തന്നു.. വളരെ വളരെ നന്ദി.. ഒരേയൊരു കാര്യം മാത്രം.. തമാശകള്‍ ജീവിതത്തില്‍ നല്ലത് തന്നെ.. പക്ഷെ അത് മറ്റുള്ളവരുടെ സ്‌നേഹത്തെ ചൂഷണം ചെയ്യാനോ. ഒരാളുടെ മനസിനെ മുറിപ്പെടുത്താനോ ഇനിയെങ്കിലും ഉപയോഗിക്കരുത്. '
രാജേഷ് ഫോണ്‍ വെയ്ക്കുമ്പോള്‍ മറുഭാഗത്ത് ലേഡീസ് ഹോസ്റ്റലിലെ ആ മുറി ഒരു വല്ലാത്ത നിശബ്ദതയില്‍ മൂടിയിരുന്നു.
വാല്‍കഷണം : ലോക വിഡ്ഢി ദിനത്തില്‍ മറ്റുള്ളവരെ വിഡ്ഢികള്‍ ആക്കി എന്ന് സ്വയം അഹങ്കരിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ വിഡ്ഢികള്‍ ആവുകയല്ലേ.. അവര്‍ വിഡ്ഢി ദിനത്തില്‍ മാത്രമല്ല എല്ലാ ദിവസവും വിഡ്ഢികള്‍ തന്നെ.