സൗദി അറേബ്യയില്‍, ഒരു പോളിക്ലിനിക്കില്‍ ജോലിയില്‍ പ്രവേശിച്ച സമയം, ഡ്യൂട്ടി രാത്രി ഒരുമണിവരെ. മജീദിക്കയും ലത്തീഫിക്കയും (കൂടെ താമസിക്കുന്നവരാ, ഉറ്റ ചങ്ങാതിമാര്‍). 11 മണിയാകുമ്പോഴേക്കും സ്ഥലം വിടും. മെസ്സില്‍ നിന്നും ഭക്ഷണം, പിന്നെ, ചര്‍ച്ചകള്‍ രംഗം കയ്യടക്കുകയായി. ക്ലിനിക്കില്‍ അന്ന് സംഭവിച്ച രസകരമായ സംഭവങ്ങള്‍.. സിനിമ തുടങ്ങി പല വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ രാത്രി 12 മണിവരെയൊക്കെ നീളും. ഞാന്‍ ഡ്യൂട്ടി കഴിഞ്ഞ്, ഭക്ഷണം കഴിച്ച് എത്തുമ്പോഴേക്കും പലപ്പോഴും ഇവര്‍ ഉറക്കത്തിലായിരിക്കും
ഇനി സംഭവത്തിലേക്ക്...
ഏപ്രില്‍ 1, പുലര്‍ച്ചെ ഒരു മണി കഴിഞ്ഞുകാണണം....
പതിവുപോലെ ഡ്യൂട്ടി കഴിഞ്ഞ് ഭക്ഷണവും കഴിച്ച് മുറിയിലെത്തുമ്പോഴേക്കും ലത്തീഫിക്ക (മജീദിക്ക മറ്റൊരുമുറിയിലും) കൂര്‍ക്കം വലി തുടങ്ങിയിരുന്നു. അവര്‍ക്ക് ശല്യമുണ്ടാക്കണ്ട എന്ന് കരുതി മുറിക്ക് പുറത്തുള്ള ലൈറ്റ് ഇട്ട് റൂമില്‍ കയറി, ഒരാള്‍ എന്റെ കട്ടിലില്‍ കിടക്കുന്നതായി കണ്ടു. മുറിയില്‍ വെളിച്ചമില്ലാത്തതുകൊണ്ട് അവ്യക്തമായിരുന്നു. അരികില്‍ ഒരു ബാഗ്, താഴെ ഹാവായ് ചെരുപ്പ്, വെള്ളം നിറച്ച ജഗ്ഗ്.... ഞാന്‍ ആകെ അമ്പരന്നുപോയി. അമര്‍ഷവും. ഇട്ട ചെരുപ്പ് പുറത്ത് അഴിച്ചുവെക്കാന്‍ പോലും മര്യാദയില്ലാത്തൊരാള്‍, അനുവാദമില്ലാതെ എന്റെ കട്ടിലില്‍ കിടക്കുന്നത് കണ്ടപ്പോള്‍ എനിക്ക് കലി കയറി. പതുക്കെ ലത്തീഫിക്കയെ തൊട്ടുവിളിച്ചു, ദേഷ്യം സഹിക്കവയ്യാതെ ചോദിച്ചു. ' ലത്തീഫിക്കാ.... ഇതാരാ എന്റെ കട്ടിലില്‍ ? ' ലത്തീഫിക്ക പുതച്ചിരുന്ന പുതപ്പ് ഒരു ഭാഗത്തുനിന്നും മാറ്റി, പകുതിഉറക്കത്തില്‍ പറഞ്ഞുതീര്‍ത്തു. ' ഞാന്‍ വിളിച്ച് പറയാന്‍ മറന്നു. ജിത്തുവിന്റെ നാട്ടുകാരനാണെന്നാ പറഞ്ഞത്, ആള് വളരെ ക്ഷീണിതനാ, ഇനി വിളിക്കാന്‍ നില്‍ക്കണ്ട, ജിത്തു തറയില്‍ വിരിച്ച് കിടന്നോ '. ഇതുകൂടി കേട്ടതോടെ എന്റെ ദേഷ്യം ഇരട്ടിച്ചു. ഞാന്‍ മുറിക്ക് പുറത്ത് കടന്നു. എന്റെ ആലോചന കാടുകയറാന്‍ തുടങ്ങി....
എന്റെ നാട്ടുകാരന്‍... ആരായിരിക്കും ? ഉടനെ ഒരാളുടെ രൂപം മനസ്സില്‍ വന്നു... വിജയേട്ടന്‍. അടുത്തകാലത്താണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്, ഒരു ദിവസം സുഹൃത്തിനേയും കൂട്ടി ക്ലിനിക്കില്‍ വന്നതാ, നാട്ടില്‍ നിന്ന് കണ്ട മുഖപരിചയം വച്ച് അദ്ദേഹത്തോട് ചോദിച്ചു, വിചാരിച്ച ആള്‍ തന്നെ. നാട്ടുകാരനെന്ന പരിഗണന വച്ച് പരമാവധി ഡിസ്‌കൌണ്ടൊക്കെ കൊടുത്ത് പറഞ്ഞുവിട്ടു. രണ്ട് ആഴ്ച കഴിഞ്ഞ് ഒരു സൌദി പൌരനേയും കൂട്ടി, അന്ന് കൂടെ വന്ന സുഹൃത്ത് എന്റെ അടുത്ത് വന്ന് പറഞ്ഞു 'വിജയനെ 2 ദിവസമായി കാണാനില്ല, കുറേ പേരുടെ ചിട്ടിനടത്തിയ കാശ് വെട്ടിച്ച് കടന്നുകളഞ്ഞു '. നാട്ടിലെ അഡ്രസ്സ് വേണമെന്നായി സൌദി പൌരന്‍. അഡ്രസ്സ് എനിക്കറിയില്ലെന്നും എന്റെ അയല്‍വാസിയല്ല എന്നുമൊക്കെ പറഞ്ഞ് അവരെ ഒരു വിധത്തില്‍ പറഞ്ഞുവിട്ടു. നാട്ടുകാരനായി ഇയാള്‍ മാത്രേ എന്നെ അന്വേഷിച്ച് വരാനുള്ളൂ. ഞാന്‍ ഉറപ്പിച്ചു, അയാള്‍ തന്നെ.
പിന്നെ നേരെ മജീദിക്കയുടെ അടുത്ത് വന്ന് തട്ടി വിളിച്ചു, ഞാന്‍ അതേ ചോദ്യം ആവര്‍ത്തിച്ചു. ഉറക്കച്ചടവോടെ ഒരേ ഉത്തരം ' ഇനി വിളിക്കാന്‍ നില്‍ക്കണ്ട, രാവിലെ വിശദമായി സംസാരിക്കാം.... അയാള്‍ വളരെ ക്ഷീണിതനാണ്. ഇപ്പോള്‍ അയാളെ വലിച്ച് താഴെയിടുമെന്ന് പറഞ്ഞ് ഞാന്‍ പുറത്തിറങ്ങി. ഒരു പെരുംകള്ളനെ ഒളിപ്പിച്ച് താമസിപ്പിച്ചാലുള്ള ശിക്ഷ എന്തായിരിക്കുമെന്ന് യാതൊരു പിടിയുമില്ല. ഈശ്വരാ..... കോടതി ശരീയത്താ .... ഹമ്മേ.... എന്റെ തല.... മനസ്സില്‍ ആധിയേറി. ഇല്ലാത്ത ധൈര്യം പരമാവധി സംഭരിച്ച്, വരുന്നത് വരട്ടേയെന്ന് കരുതി അയാളെ വിളിച്ചുണര്‍ത്താന്‍ തന്നെ തീരുമാനിച്ചു. പതുക്കെ മുറിയില്‍ കയറി. കാലില്‍ തൊട്ട് വിളിക്കാം, അതാവും നല്ലത്.... നെഞ്ചിടിപ്പ് ഇരട്ടിക്കുന്നു .... മെല്ലെ അടുത്ത് ചെന്ന് കാലില്‍ പിടിച്ചു..... ങേ ... അയ്യോ ... കാലില്ല. അയാളുടെ തലയില്‍ കൂടി തൊട്ടപ്പോഴാ പറ്റിയത് അമളിയാണെന്ന് ഉറപ്പിച്ചത് ... കൈ ആഴ്ന്നുപോകുന്നു...... കിടക്കയില്‍ ഒറ്റയിരിപ്പിരുന്നുപോയി. ചിരിക്കണോ അതോ ഇവരെ തെറിപറയണോ ....ഒന്നും മനസ്സിലായില്ല. പുതപ്പും തലയിണയും വച്ച് മനുഷ്യരൂപമുണ്ടാക്കി ഇവര്‍ എന്നെ പറ്റിക്കുകയായിരുന്നു. ഒരു നിമിഷത്തേക്ക് ടെന്‍ഷന്‍ മാറിയ ആശ്വാസം പറ്റിയ അമളിയും ആലോചിച്ചു കൊണ്ട് ഏറെ നേര കട്ടിലില്‍ ഇരുന്ന് ചിരിയായിരുന്നു. അപ്പോഴേക്കും, അതുവരെ കടിച്ചൊതുക്കിയ ലത്തീഫിക്കയുടെ ചിരി ഒരു പൊട്ടിച്ചിരിയായി പുറത്തുവന്നു. പിന്നാലെ ഉറക്കം നടിച്ചുകിടന്ന മജീദിക്കയും. പിന്നെ പറയണോ പൂരം. പരിപാടിയുടെ സംവിധാനം ലത്തീഫിക്കയായിരുന്നു, ആളൊരു രസികനാണേ, ഇങ്ങനെ പലവിധത്തില്‍ ആളുകള്‍ പറ്റിക്കപ്പെട്ടു. ഇപ്പോഴും പറ്റിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.