ഹല ഹല ഹലോ ഹല ഹല...

സനീഷ് കുരുവിനാല്‍ Posted on: 30 Mar 2015


കുട്ടിക്കാലത്ത് വിഡ്ഢി ദിനം വളരെ രസകരമായിരുന്നു. ചെറിയ ചെറിയ തമാശകള്‍ ഒപ്പിക്കുക, സ്‌കൂള്‍ അടച്ചു ആദ്യദിനം ആരെയെങ്കിലും പറ്റിച്ചാല്‍ കിട്ടുന്ന സുഖം. അന്നൊക്കെ പത്രക്കടലാസ് രൂപ പോലെ പൊതിഞ്ഞു കെട്ടി റോഡില്‍ ഇടുക, പഴയ പേഴ്‌സ് റോഡില്‍ ഇട്ട് അതിനുള്ളില്‍ 'ഇതെടുത്തവന്‍ ഈ വര്‍ഷത്തെ മണ്ടന്‍' എന്നെക്കെ എഴുതി അത് എടുത്തു വായിക്കുന്നവരെ ഒളിഞ്ഞിരുന്നു കൂവുക അതൊക്കെ ആയിരുന്നു പ്രധാന വിനോദങ്ങള്‍. പഠിത്തം കഴിഞ്ഞു കവലനിരങ്ങി ആയി കഴിയുന്ന കാലത്ത് പറ്റിക്കല്‍ കുറച്ചു കൂടി നിലവാരം ഉയര്‍ത്തി. കൂട്ടത്തില്‍ ഉള്ളവനിട്ടു പണിയരുത് എന്നാണു നിബന്ധന എങ്കിലും കൂടെയുള്ളവനിട്ടു തന്നെ പണി കൊടുക്കുക എന്നാ ഹിഡന്‍ അജണ്ട നിലനിന്നുപോന്നു.

നാട്ടിന്‍ പുറത്ത് ആ കാലത്ത് ലാന്‍ഡ് ഫോണ്‍ കണക്ഷന്‍ കിട്ടുക എന്നത് വളരെ വലിയ ഒരു സംഭവം ആയി കണക്കാക്കിയിരുന്നു. രണ്ടും മൂന്നും വര്‍ഷം അപേക്ഷ കൊടുത്ത് കാത്തിരുന്നു കണക്ഷന്‍ കിട്ടുമ്പോ എല്ലാ വീടുകളിലും ആഘോഷമായിരുന്നു. ആ മാര്‍ച്ച് അവസാന ആഴ്ചയില്‍ ആണ് ഞങ്ങള്‍ക്ക് ഉള്‍പ്പടെ എട്ടു പത്തു വീടുകളില്‍ കണക്ഷന്‍ ലഭിച്ചത്. പല വീടുകളിലും സ്ത്രീകള്‍ ഒന്നും ഫോണില്‍ക്കൂടി സംസാരിച്ചിട്ടു പോലും ഇല്ലാരുന്നു. ഏപ്രില്‍ ഒന്നാം തീയതി രാവിലെ എട്ടുമണിക്ക് തന്നെ എല്ലാവരും കവലയില്‍ ഒത്തുകൂടി രാവിലെ ആരെ ഫൂള്‍ ആക്കും എന്നും എങ്ങനെ ആക്കും എന്ന ചര്‍ച്ച തുടങ്ങി.

പേഴ്‌സ് , പണപ്പൊതി, തീ പിടിച്ചു, ഡാം തുറന്നു എന്നതൊന്നും ഇപ്പൊ ഏല്‍ക്കില്ല. പുതിയ ഐഡിയ വേണം. ഐഡിയ ഞാന്‍ തന്നെ എടുത്തിട്ടു. പുതിയ ഫോണ്‍ കിട്ടിയ എല്ലാ വീട്ടിലേം നമ്പര്‍ എന്റെ കയ്യില്‍ ഉണ്ട്. ഏതെങ്കിലും ഒരു സ്ത്രീകള്‍ മാത്രം ഇപ്പൊ വീട്ടില്‍ ഉള്ളിടത് വിളിച്ചു പറ്റിക്കാം.
എക്‌സ്‌ചേഞ്ചില്‍ നിന്നാണ് എന്ന് പറഞ്ഞ്.

ലേഡിസ് ആണെങ്കില്‍ കൂടുതല്‍ ചിന്തിക്കില്ല. ഓക്കേ..അത് എല്ലാവര്‍ക്കും സമ്മതം. ഞാന്‍ നമ്പര്‍ ലിസ്റ്റ് കൊടുത്തു. നേരെ കൂട്ടത്തിലെ മിമിക്രിക്കാരനായ രാജേഷിന്റെ വീട്ടിലേക്കു മാര്‍ച്ച് ചെയ്തു. നീ സംസാരിക്കണ്ട.. നിന്റെ അയല്‍ക്കാര്‍ക്ക് നിന്റെ ശബ്ദം തിരിച്ചറിയാന്‍ പറ്റും. രാജേഷ് മാത്രം സംസാരിക്കുക, അത് ശരിയാണ് ഞാന്‍ മാറിനിന്നു. രാജേഷ് തൊണ്ട ക്ലിയര്‍ ചെയ്തു ഡയല്‍ ചെയ്തു. അപ്പുറത്ത് എടുത്തു എന്ന് അവന്റെ ആംഗ്യത്തില്‍ നിന്ന് മനസ്സിലായി..

'അത് മേഡം, ഈരാറ്റുപേട്ട ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ നിന്നാണ് വിളിക്കുന്നത്, പുതിയ ഫോണ്‍ കിട്ടിയ ഒരു വീട്ടില്‍ വിളിച്ചു ശബ്ദം ക്ലിയര്‍ ആണോ എന്ന് ടെസ്റ്റ് ചെയ്യാന്‍ ആണ്, ആ വീട്ടിലെ ആദ്യ മാസത്തെ ബില്ലില്‍ നൂറു രൂപ കുറച്ചു തരും, ബില്ലുമായി ഇവിടെ വന്നാല്‍..'
'ശരി സാറേ..നല്ലോണം കേക്കുന്നോണ്ട്. ചെറിയ ഒരു മൂളല്‍ ഉണ്ട് കേട്ടോ..എന്നാലും കേക്കാം ..'
'ശരി ശരി, ചേച്ചി ഒന്ന് മുതല്‍ പത്തു വരെ ഉച്ചത്തില്‍ ഒന്ന് എണ്ണിക്കേ.. ശബ്ദത്തിന്റെ ഏറ്റക്കുറച്ചില്‍ അറിയാന്‍ വേണ്ടി ആണ്. ഒന്ന് ചെറിയ ശബ്ദത്തില്‍ രണ്ടു കുറച്ചു കൂടി ഉച്ചത്തില്‍ മൂന്നു കൊറേകൂടി ഉറച്ചു...അങ്ങനെ പറയു...'
അപ്പുറത്ത് എണ്ണല്‍ തുടങ്ങി.. ഒരു വട്ടം കഴിഞ്ഞപ്പോ..
'പോരാ അല്പം കൂടെ ഉച്ചത്തില്‍'
അപ്പുറത്ത് ....'ഒന്നേ...രണ്ടേ...മൂന്നേയ് ..നാലു നാലേയ്'
ആഹ്ഹഹഹഹ,,,ചിരിച്ചു മടുത്തു...ഞങ്ങള്‍..
'ഓക്കേ ഓക്കേ ചേച്ചി മതി മതി ഇപ്പൊ ശരിയായിട്ടുണ്ട്. ഇനി ഒരു പ്ലേറ്റ് എടുത്തു ഫോണിന്റെ അടുത്ത് വെച്ച് തവികൊണ്ട് ആഞ്ഞു അടിക്കുക, മറ്റു ശബ്ദങ്ങള്‍ കൂടെ എങ്ങനെ കിട്ടുന്നു എന്നത് ഞങ്ങള്‍ക്ക് ഇവിടെ റെക്കോര്‍ഡ് ചെയ്യാന്‍ വേണ്ടി ആണ്... '

ചേച്ചി പ്ലേറ്റ് എടുത്തു അടിയും തുടങ്ങി.. എല്ലാ ചെവിയും ഫോണിന്റെ റിസീവറിന് ചുറ്റും..
'എന്നതാ അമ്മേ പ്ലേറ്റ് തല്ലിപ്പോളിക്കുന്നെ ?'
എന്ന് അവിടെ വേറെ ഒരു ചെറിയ ശബ്ദം..ചേച്ചിടെ മകള്‍ ആണെന്ന് തോന്നുന്നു
'മിണ്ടാതെടി ഫോണ്‍ ആപ്പീസിന്നാ..'
ചേച്ചി..
ഞങ്ങള്‍ വാ പൊത്തി ചിരിച്ചു മറിഞ്ഞു...
'ഓക്കേ ഓക്കേ ചേച്ചി ...ഇപ്പൊ എല്ലാം ക്ലിയര്‍ ആയി ..ചേട്ടന്‍ വരുമ്പോ പറഞ്ഞേക്കണം... പിന്നെ ബില്ല് വരുമ്പോ ഓഫീസില്‍ കൊണ്ട് വരാന്‍ മറക്കല്ല്..നൂറു രൂപ കുറയും...
'ശരി സാറേ..കൊടുത്തു വിടാം...'
ഫോണ്‍ കട്ട് ചെയ്തു..'കലക്കിട രാജേഷേ ..സംഗതി ഏറ്റു . അവര് ബില്ലും കൊണ്ട് എക്‌സ്‌ചേഞ്ചില്‍ പോകും ഒറപ്പാ..'
ഞാനും അവനെ അഭിനന്ദിച്ചു..
'ഓക്കേ..ഫ്രെണ്ട്‌സ്... എല്ലാരും പോയി കാപ്പി കുടിച്ചു വാ.. അടുത്ത പണി കാപ്പിക്ക് ശേഷം..'പറഞ്ഞു പിരിഞ്ഞു..

വീട്ടിലെത്തി പുട്ടും പഴവും വെട്ടി വെട്ടി വിഴുങ്ങുന്നതിനിടക്ക് അമ്മ പറഞ്ഞു..
'എടാ കൊച്ചെ കൊറച്ചു മുമ്പ് ഫോണ്‍ ആപ്പീസീന്ന് വിളിച്ചാരുന്നു.. നമ്മടെ പുതിയ ഫോണ്‍ ടെസ്റ്റ് ചെയ്യാന്‍..ഞാന്‍ വിശദമായി പറഞ്ഞു കൊടുത്തു. പിന്നെടാ കൊച്ചെ നമ്മടെ ബില്ലില്‍ നൂറു രൂപ കൊറച്ചു കിട്ടും.. അവര് നമ്മടെ ഫോണില്‍ വിളിച്ചകൊണ്ട്.. നീ ബില്ല് വരുമ്പോ അത് ആപ്പീസില്‍ കൊണ്ടേ കൊടുക്കണം കേട്ടോ..ഈ കാലത്ത് നൂറു രൂപ ചുമ്മാ കിട്ടുവോ.. പിന്നെ അവര് പ്ലേറ്റിന്റെ ശബ്ദം ടെസ്റ്റ് ചെയ്തത് എന്തിനാ എന്ന് എനിക്ക് മനസ്സിലായില്ല..ആ ..ആര്‍ക്കറിയാം.'

എന്‍റെ തൊണ്ടയില്‍ പുട്ടും പഴവും കുടുങ്ങി...
'എന്റെ അമ്മേ.....ആര് വിളിച്ചെന്ന്.....?'
'ഫോണ്‍ ആപ്പീസീന്ന്.. തിന്നുമ്പോ നിനക്ക് അല്ലേലും ചെവി കേക്കില്ലല്ലോ..'
'എന്നാലും അമ്മേ.. ആരാ എന്താ എന്നൊനും അറിയാതെ അവരോട്... ശ്ശോ ..'
'ഒന്ന് പോടാ ചെറുക്കാ..എനിക്ക് അറിയാം ഒരു ആപ്പീസീന്നു ഒക്കെ വരുന്ന വിളി കേട്ടാല്‍.. ഞാനേ നിന്നെക്കാളും പത്തു മുപ്പത്തഞ്ചു ഓണം കൂടുതല്‍ ഉണ്ടതാ..'
'അമ്മേ...'
പിന്നെ അമ്മയോട് ഒന്നും പറഞ്ഞില്ല....പറയാന്‍ പറ്റില്ലല്ലോ.... 'കാലമാടന്മാര് പണി പാളയത്തില്‍ തന്നെ തന്ന കാര്യം,, എന്നാലും എന്റെ രാജേഷേ..ഐഡിയ പറഞ്ഞു തന്ന എനിക്കിട്ടു തന്നെ തന്നല്ലോടാ സാമദ്രോഹീ .....




april fool

 

ga