ഓര്‍മകള്‍ മായുമ്പോള്‍...
ഒരിക്കല്‍ ജപ്പാന്‍ പ്രധാനമന്ത്രി യാഷ്ഹിറോ നക്കസോണ്‍ അമേരിക്കയിലെത്തി. അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനുമായുള്ള ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാനാണ് എത്തിയത്. ചടങ്ങ് തുടങ്ങി ജാപ്പനീസ് പ്രധാനമന്ത്രിക്ക് കൈകൊടുത്ത് നിറഞ്ഞ ചിരിയോടെ റീഗന്‍ 'ഹലോ,മിസ്റ്റര്‍ ബുഷ്' എന്ന് അഭിസംബോധന ചെയ്തു.

''ങേ, ബുഷോ... ഹേയ്, പ്രസിഡന്റ് തന്നെ കളിയാക്കിയതാകും എന്ന് യാഷ്ഹിറോ സമാധാനിച്ചെങ്കിലും ചര്‍ച്ചയിലും റീഗന്‍ ബുഷ് വിളി തുടര്‍ന്നു. ഇത്തവണ ചര്‍ച്ചയില്‍ പങ്കെടുത്ത ജാപ്പനീസ് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ഞെട്ടി. ഈ പ്രസിഡന്റിന് ഇതെന്ത് പറ്റി എന്ന് പലരും മുഖത്തോടുമുഖം നോക്കിയെങ്കിലും പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത മട്ടിലായിരുന്നു റീഗന്‍. പിന്നീടാണ് മനസ്സിലാവുന്നത് ഇത് അദ്ദേഹത്തിന്റെ തമാശയല്ലായിരുന്നു എന്ന്. കാരണം, അല്‍ഷിമേഴ്‌സ് എന്ന രോഗത്തിന്റെ പിടിയിലായിരുന്നു അദ്ദേഹം.

അമേരിക്കയുടെ മിടുക്കനായ പ്രസിഡന്റിന്റെ ഔദ്യോഗിക ജീവിതത്തിനിടയില്‍ ഒരിക്കല്‍പോലും അദ്ദേഹത്തിന്റെ അല്‍ഷിമേഴ്‌സ് രോഗം ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. പക്ഷേ, റീഗന്റെ അവസാന നാളുകള്‍ ആരുടെയും കരളലിയിക്കുന്നതായിരുന്നു. അല്‍ഷിമേഴ്‌സ് എന്ന മറവിരോഗം അദ്ദേഹത്തെ അത്രമാത്രം തളര്‍ത്തിക്കളഞ്ഞു.

1994-ല്‍ റീഗന്‍ തന്നെ ലോകത്തോട് വിളിച്ചുപറഞ്ഞ അല്‍ഷിമേഴ്‌സ് ബാധ അദ്ദേഹത്തെ ഈ ലോകത്തുനിന്നും കൊണ്ടുപോയത് 2004-ലാണ്.
റീഗനെപ്പോലെ ലോകത്തുള്ള പ്രശസ്തരും അപ്രശസ്തരുമായ ധാരാളംപേരെ പിടികൂടിയ രോഗമാണ് അല്‍ഷിമേഴ്‌സ്.

ജീവനുണ്ടെങ്കിലും എല്ലാം മറന്നുള്ള ജീവിതം മരിച്ചതിനു തുല്യമാണ്. നാഡീവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന ഈ രോഗം ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഡിമന്‍ഷ്യയുടെ സര്‍വസാധാരണമായ രൂപങ്ങളിലൊന്നാണ് അല്‍ഷിമേഴ്‌സ്.

അല്‍ഷിമേഴ്‌സിനെക്കുറിച്ചുള്ള അവബോധം വളരുന്ന തലമുറയ്ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും സപ്തംബര്‍ 21-ന് അല്‍ഷിമേഴ്‌സ് ദിനമായി ആചരിക്കുന്നത്. അല്‍ഷിമേഴ്‌സ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയാണ് ഈ ദിനാചരണം നടത്തുന്നത്.

തയ്യാറാക്കിയത് അശ്വതികൃഷ്ണ,ബാലചന്ദ്രന്‍ എരവില്‍