റെയില്‍ അപകടങ്ങള്‍ പലപ്പോഴും നടക്കുന്നു. പല രൂപത്തില്‍. ദാരുണ മരണങ്ങള്‍. യാത്രക്കാരെ കൊള്ളയടിക്കല്‍. ബലാത്സംഗങ്ങള്‍...
ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് റെയില്‍ അധികൃതര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുന്നുണ്ട്? സുപ്രീം കോടതിയാണ് ചോദിക്കുന്നത്. അവ ഫലപ്രദമാണെന്ന് തോന്നുന്നില്ലെന്നും കോടതി കേന്ദ്ര സര്‍ക്കാറിനെ ഓര്‍മ്മിപ്പിക്കുന്നു. ഉദാഹരണമായി കാവല്‍ക്കാരന്‍ ഇല്ലാത്ത ലവല്‍ ക്രോസിങ്ങുകള്‍ സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നു.
ഒന്നു കൂടി കോടതി ചോദിച്ചു. സുരക്ഷാനടപടികള്‍ ഫലപ്രദമല്ലാത്ത സാഹചര്യത്തില്‍ പുതിയ ട്രെയിന്‍ സര്‍വീസുകള്‍ എന്തിന് തുടങ്ങുന്നു? 'ഇത് തികച്ചും വിരോധാഭാസമായി തോന്നുന്നു.' കോടതി പറഞ്ഞു. മനുഷ്യജീവന് ഒട്ടും വിലയില്ലേ? റെയില്‍വേ ഭരണകൂടത്തിന്റെ നടപടികള്‍ സൂക്ഷ്മമായി വിലയിരുത്തിയാല്‍ ഇങ്ങനെയാണ് തോന്നുന്നത്. അതിരൂക്ഷമായി കോടതി പ്രതികരിച്ചു.
റെയില്‍വെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു കേസിലാണ് രാജ്യത്തെ അത്യുന്നത നീതിപീഠം ഈ അഭിപ്രായം പ്രകടിപ്പിച്ചത്. പത്തുവര്‍ഷങ്ങളില്‍ നടന്നിട്ടുള്ള റെയില്‍ അപകടങ്ങള്‍, ഭാവിയില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ അതെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടുകള്‍, കൈക്കൊണ്ട തുടര്‍നടപടികള്‍ എന്നിവ വിശദമായി പരിശോധിക്കാനും സുപ്രീം കോടതി തീരുമാനിച്ചു.
കാവല്‍ക്കാരന്‍ ഇല്ലാത്ത ലെവല്‍ക്രോസിങ്ങുകള്‍ ഇല്ലാതാക്കാന്‍ 1980 ല്‍ റെയില്‍വെ മന്ത്രാലയം അടിയന്തര നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇത്രയും കാലമായി അത് ഫലപ്രദമായി നടപ്പിലാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇനിയെങ്കിലും ഗൗരവത്തോടെ ഈ വിഷയം റെയില്‍വെ പരിഗണിക്കുമോ? റെയില്‍വെക്ക് പ്രത്യേകമായി സുരക്ഷാവിഭാഗമുണ്ടല്ലോ. തുടര്‍നടപടികളുടെ വിശദാംശങ്ങള്‍ അറിയിക്കൂ. കോടതി ആവശ്യപ്പെട്ടു.
ഇന്ത്യയിലൊട്ടാകെ പതിനായിരത്തില്‍ കൂടുതല്‍ കാവല്‍ക്കാരില്ലാത്ത റെയില്‍ ക്രോസിങ്ങുകള്‍ ഉണ്ട്. അതില്‍ മുന്നൂറോളം ലവല്‍ ക്രോസിങ്ങുകളില്‍ അപകടങ്ങള്‍ പതിയിരിക്കുന്നു. ഇത്തരം റെയില്‍ ക്രോസിങ്ങുകളില്‍ 2006 2013 നുള്ളില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 68 എണ്ണത്തില്‍ മാത്രമാണ് റെയില്‍വെ ഓവര്‍ ബ്രിഡ്ജുകള്‍ പണിതീര്‍ത്തിട്ടുള്ളത്.
യാത്രക്കാരായ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തുടര്‍ക്കഥയാവുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗങ്ങള്‍ നടക്കുന്നു. മോഷണം, കവര്‍ച്ച, കൊലപാതകം എന്നിവയും നടക്കുന്നു. സ്ത്രീകളുടെ കംപാര്‍ട്ട്‌മെന്റില്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ടോ? കുറ്റകൃത്യങ്ങള്‍ പോലീസും റെയില്‍വെയും കാര്യക്ഷമമായി അന്വേഷിച്ചിട്ടുണ്ടോ? ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്.
സ്ഥിതിവിവരകണക്കുകള്‍ റെയില്‍വെ ഹാജരാക്കിയതുകൊണ്ട് കാര്യമില്ല. മനുഷ്യജീവന് വിലകല്‍പ്പിച്ചുകൊണ്ട് റെയില്‍വെ സ്വീകരിക്കുന്ന നടപടികള്‍ വിശദീകരിക്കണം. വീഴ്ച വരുത്തിയാല്‍ ബന്ധപ്പെട്ടവര്‍ക്ക് എതിരെ നടപടി സ്വീകരിക്കും- കോടതി മുന്നറിയിപ്പ് നല്‍കി.