
ആനകളോട് പാപ്പാന്‍മാരും ഉടമകളും കാണിക്കുന്ന ക്രൂരത ശ്രദ്ധയില്‍പെട്ടപ്പോഴാണ് നാട്ടാന പരിപാലന നിയമം കേരള സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നത്.
ഈ നിയമവും മൃഗങ്ങളോട് ക്രൂരത കാണിക്കുന്നത് തടയുന്ന നിയമവും അനുസരിച്ച് നാട്ടാനകള്‍ക്കു വേണ്ടത്ര പരിരക്ഷ ലഭിച്ചേ തീരൂ. നിയമം ലംഘിക്കുന്നവര്‍ക്ക് ശിക്ഷ നല്‍കാന്‍ വ്യവസ്ഥയുണ്ട്.
പക്ഷെ ഈ നിയമം ലംഘിക്കപ്പെടുന്നു. സുപ്രീം കോടതിയും കേരള ഹൈക്കോടതി ഉള്‍പ്പെടെയുള്ള ഹൈക്കോടതികളും പലപ്പോഴും ഇടപെട്ടിട്ടുണ്ട്. നിയമം കര്‍ശനമായി നടപ്പിലാക്കുന്നു എന്ന് വനംവകുപ്പ് പറയുമെങ്കിലും അതൊക്കെ പാഴ്‌വാക്കുകളായി അവശേഷിക്കുന്നു.
നാട്ടാന പരിപാലന നിയമം കേരള സര്‍ക്കാര്‍ 2003 ല്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നു. അതിനായി വിശദമായ ചട്ടങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. അതില്‍ പ്രസക്തമായ ചട്ടങ്ങള്‍ ഇവയാണ്.
1. മൂന്ന് വര്‍ഷമെങ്കിലും പരിചയമുള്ള പാപ്പാനെ ആന സംരക്ഷണത്തിനായി നിയോഗിക്കുക.
2. പാപ്പാന്റെ പരിചയം സംബന്ധിച്ച് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ സര്‍ട്ടിഫിക്കറ്റ് വേണം.
3. ആരോഗ്യകരമായ അന്തരീക്ഷത്തില്‍ ആനയെ പാര്‍പ്പിക്കുക.
4. മൃഗഡോക്ടര്‍ ആനയെ പരിശോധിക്കണം.
5. ആനയ്ക്ക് വേണ്ടത്ര വെള്ളവും തീറ്റയും നല്‍കുക.
6. ഉത്സവകാലങ്ങളില്‍ ആനകളെ അനാവശ്യമായ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമാക്കരുത്. ശബ്ദശല്യത്തില്‍നിന്ന് ഒഴിവാക്കുക.
7. ആനയുടെ ആരോഗ്യം വിലയിരുത്തി നിശ്ചിത സമയപരിധിക്കപ്പുറം ഉത്സവപരിപാടികളില്‍ പങ്കെടുപ്പിക്കരുത്.
8. റോഡിലൂടെ തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ നടത്തിക്കൊണ്ടുപോകരുത്. ഒരു ദിവസത്തില്‍ 30 കിലോമീറ്ററില്‍ കൂടുതല്‍ നടക്കാന്‍ അനുവദിക്കരുത്.
ആനയ്ക്ക് വേദന ഉളവാക്കുന്ന പ്രവൃത്തി പാപ്പാന്‍ കാണിച്ചാലും അത് നിയമത്തിന്റെ ദൃഷ്ടിയില്‍ ക്രൂരതയായി കണക്കാക്കും. അനാവശ്യമായി ചങ്ങലക്കിടരുത്. എന്നാല്‍ ചോരവാര്‍ന്ന് വ്രണങ്ങളുമായി ആനകള്‍ നടന്നുപോകുന്ന കാഴ്ച പലപ്പോഴും ഉണ്ടാകാറുണ്ട്. മദ്യപിച്ച് വരുന്ന പാപ്പാന്‍മാര്‍ ആനകളെ ക്രൂരമായി മര്‍ദ്ദിച്ചിട്ടുള്ള സംഭവങ്ങളുമുണ്ട്. ഇതൊക്കെ കണക്കിലെടുത്തുകൊണ്ടാണ് നാട്ടാന പരിപാലനനിയമം സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നത്. ഇങ്ങനെയുള്ള നിയമം ഇന്ത്യയില്‍ ആദ്യം കൊണ്ടുവന്നത് കേരള സര്‍ക്കാറാണ്.
നിയമം ലംഘിക്കപ്പെട്ടപ്പോഴൊക്കെ മൃഗസ്‌നേഹികള്‍ പൊതുതാല്‍പര്യ ഹരജികളുമായി ഹൈക്കോടതിയില്‍ എത്തിയിട്ടുണ്ട്. പലപ്പോഴും കോടതി ഇടപെട്ട് പരിഹാരമാര്‍ഗങ്ങള്‍ നല്‍കിയിട്ടുമുണ്ട്. ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നതിനായി കൊണ്ടുപോകുമ്പോള്‍ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഹൈക്കോടതി വിധി പുറപ്പെടുവിക്കുകയുണ്ടായി.
ഹൈക്കോടതിയുടെ ഏറ്റവും ഒടുവിലത്തെ വിധി ഇങ്ങനെയാണ്:
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ആനകളായ പാറശാല ശിവശങ്കരന്‍, നെയ്യാറ്റിന്‍കര കണ്ണന്‍ എന്നീ ആനകള്‍ അതിദയനീയമായ ചുറ്റുപാടില്‍ ജീവിക്കുകയാണെന്നും ദേവസ്വം അധികൃതര്‍ നിയമലംഘനം നടത്തുകയാണെന്നും അതിനാല്‍ ആനകളെ കോടതി ഇടപെട്ട് സംരക്ഷിക്കണമെന്നുമാണ് തിരുവനന്തപുരത്തെ പീപ്പിള്‍ ഫോര്‍ ആനിമല്‍സ് എന്ന സംഘടന ഹര്‍ജി നല്‍കിയത്.
ആനകള്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കാനും അവയെ സംരക്ഷിക്കാനും പരിചരിക്കാനുമായി അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന വനംവകുപ്പിന് ഹൈക്കോടതി ഉത്തരവ് നല്‍കി. ആനകളെ ആരോഗ്യകരമായ അന്തരീക്ഷത്തില്‍ മാറ്റിപ്പാര്‍പ്പിക്കേണ്ട ആവശ്യമുണ്ടെങ്കില്‍ നടപടി സ്വീകരിക്കാനും കോടതി കല്‍പിച്ചു.
നിയമം പാലിക്കാന്‍ ബാധ്യസ്ഥരായ വനംവകുപ്പ് അതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിക്ക് ഇടപെടേണ്ടിവന്നത്. കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിനോട് പ്രശ്‌നത്തില്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കാനും കോടതി ഉത്തരവിട്ടു.
ക്ഷേത്രങ്ങളിലെ ആവശ്യങ്ങള്‍ക്കായി നിയോഗിക്കപ്പെടുന്ന ആനകളുടെ ദയനീയ സ്ഥിതിയിലേക്ക് സുപ്രീംകോടതിയുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടും ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ബാംഗ്ലൂരിലെ വൈല്‍ഡ് ലൈഫ് റസ്‌ക്യൂ ആന്റ് റിഹാബിലിറ്റേഷന്‍ സെന്ററാണ് ഹര്‍ജിക്കാര്‍. ആ ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കാന്‍ മാറ്റിവച്ചിരിക്കുകയാണ്.
ഹര്‍ജിയില്‍ പ്രാരംഭവാദം കേട്ടപ്പോഴാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അറുപതോളം ആനകള്‍ ഉണ്ടല്ലോ, അവയുടെ സ്ഥിതി എന്താണെന്ന് കോടതി അന്വേഷിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ഒരു ഉന്നതതല സമിതി നടത്തിയ അന്വേഷണറിപ്പോര്‍ട്ട് പ്രകാരം ഗുരുവായൂരില്‍ ശ്വാസംമുട്ടുന്ന അന്തരീക്ഷത്തില്‍ ആനകള്‍ കഴിയുന്നുവെന്നാണ് കണ്ടെത്തിയത്. ടണ്‍ കണക്കിന് മാലിന്യങ്ങള്‍ പുന്നത്തൂര്‍ കോട്ടയിലുണ്ട്.
സുപ്രീംകോടതിയില്‍ നിലവിലുള്ള ഹര്‍ജിയില്‍ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കക്ഷികളാണ്. നാട്ടാനകളെ ചങ്ങലക്കിട്ട് ക്രൂരമായി പീഡിപ്പിക്കുന്ന സ്ഥിതിയെക്കുറിച്ചും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ആനകള്‍ ക്രൂരതയ്ക്ക് വിധേയമായാലും വനംവകുപ്പ് കണ്ണടയ്ക്കുകയാണ് പതിവ്. എന്നാല്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ കൂടുതലായി പുറത്തുവന്നതോടെ വനംവകുപ്പിന് നില്‍ക്കക്കള്ളിയില്ലാതെയായി.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാന വനംവകുപ്പ് 162 കേസുകള്‍ പാപ്പാന്‍മാര്‍ക്കും ഉടമകള്‍ക്കും എതിരെ എടുത്തിട്ടുണ്ട്. അവ പേരിന് മാത്രം. പാപ്പാന്‍മാരുടെ ക്രൂരതമൂലം കണ്ണുകള്‍ക്ക് ഭാഗികമായി കാഴ്ച നഷ്ടപ്പെട്ട ആനകളും കേരളത്തിലുണ്ട്. അതില്‍ ഒന്നാണ് തൃശ്ശൂരിലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആന. കേരളത്തിലെ സൂപ്പര്‍സ്റ്റാര്‍ ആന എന്ന് വിശേഷിക്കപ്പെടുന്ന, 10 അടി 4 ഇഞ്ച് പൊക്കമുള്ള ആനയാണിത്. പക്ഷെ, കൊലയാളിയാനയാണ്. 1988 മുതല്‍ അഞ്ച് പാപ്പാന്‍മാര്‍ ഉള്‍പ്പെടെ പത്തുപേരെ ആന കൊന്നിട്ടുണ്ട്.
ആനകള്‍ കാര്യക്ഷമമായി പരിപാലിക്കപ്പെടുന്നുണ്ടോ? അത് ശ്രദ്ധിക്കാനുള്ള ചുമതല കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള മൃഗക്ഷേമബോര്‍ഡിനുമുണ്ട്. സമീപകാലത്തായി ഈ ബോര്‍ഡ് കുറച്ചൊക്കെ ശ്രദ്ധ കാണിക്കുന്നുണ്ട്. അത്രമാത്രം ഫലവത്താണെന്ന് പറയാന്‍ വയ്യ.