SPECIAL NEWS
  Jun 06, 2015
ശബ്ദശല്യം: സംസ്ഥാന സര്‍ക്കാര്‍ നിഷ്‌ക്രിയമാകരുത്‌
ജി.ഷഹീദ്‌

കൊല്‍ക്കത്ത നഗരാതിര്‍ത്തിക്കുള്ളില്‍ ഒരു മുസ്ലീം പള്ളിയെച്ചൊല്ലിയുള്ള തര്‍ക്കം പതിനഞ്ച് വര്‍ങ്ങള്‍ക്കുമുമ്പ് ഒരു വര്‍ഗീയ കലാപത്തിന് കളമൊരുക്കി.

മുസ്ലീംപള്ളിയിലെ ബാങ്കുവിളി ശബ്ദമലിനീകരണം പരിധിക്കപ്പുറം ഉയര്‍ത്തി നഗരവാസികള്‍ക്ക് ശല്യമായെന്നായിരുന്നു ആരോപണം. കേസുകൊടുത്തത് ഒരു ഹിന്ദു. ബാങ്കുവിളി പരിമിതപ്പെടുത്താന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടത് മുസ്ലീങ്ങളെ രോഷാകുലരാക്കി. മതസ്വാതന്ത്ര്യത്തെ ഹൈക്കോടതി അവഹേളിക്കുന്നു എന്നുവരെ ആരോപണമുയര്‍ന്നു.

പക്ഷെ, പോലീസും ഭരണാധികാരികളും സംയമനം പാലിച്ച് പ്രശ്‌നം രമ്യമായി പരിഹരിച്ചു. മലിനീകരണ നിയന്ത്രണനിയമം കേന്ദ്രനിയമമാണെന്നും പൗരന്മാര്‍ അത് മാനിക്കണമെന്നും ഭരണാധികാരികള്‍ മുസ്ലീങ്ങളെ ധരിപ്പിച്ചു. പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ബാങ്കുവിളി നടത്തുന്നതില്‍ ആര്‍ക്കും പ്രതിഷേധമില്ലെന്നായിരുന്നു പൊതുവായ ഒത്തുതീര്‍പ്പ്.

കൊല്‍ക്കത്ത നഗരത്തില്‍ തന്നെ ഒരിക്കല്‍ ഹോളി ആഘോഷത്തിനിടെ വെടിക്കെട്ട് നടത്തിയ സംഭവവും കോടതിയിലെത്തി. ജനങ്ങളുടെ ചെവി പൊട്ടിക്കുന്ന ശബ്ദം. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടുള്ള വെടിക്കെട്ട് നടത്തിയതിന് സംഘാടകര്‍ക്ക് ഹൈക്കോടതി പിഴചുമത്തി. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവ് വഹിക്കാനും സംഘാടകര്‍ക്ക് കോടതി ഉത്തരവ് നല്‍കി. ഏതായാലും അതിന് ശേഷം രാഷ്ട്രീയപാര്‍ട്ടികളുടെ റാലികളില്‍ പോലും വെടിക്കെട്ട് നടത്തുമ്പോള്‍ ശബ്ദപരിധി ലംഘിച്ചിട്ടില്ല.

ശബ്ദമലിനീകരണത്തിന് പരിധി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രനിയമം എല്ലാ സംസ്ഥാനങ്ങളും നടപ്പിലാക്കിയിട്ടുണ്ടെങ്കിലും അത് ഫലപ്രദമായിട്ടില്ല. ഡല്‍ഹിയിലും ചണ്ഡീഗഡിലും മാത്രമാണ് നിയമം പൂര്‍ണ്ണമായും ഫലപ്രദമായി നടപ്പിലാക്കിയിട്ടുള്ളത്. ഇടയ്ക്കിടെയുണ്ടാകുന്ന കേസുകളില്‍ സുപ്രീംകോടതിയുടെവരെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ ഈ നിയമത്തെക്കുറിച്ച് അവബോധം ഉണ്ടായി വരുന്നതേയുള്ളൂ.

ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബഞ്ചിന്റെ ഒരു സുപ്രധാന ഉത്തരവ് ഈ പശ്ചാത്തലത്തില്‍ വിലയിരുത്താം. എറണാകുളം എം.എ.റോഡില്‍ സ്ഥിതി ചെയ്യുന്ന മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയും കൊച്ചിന്‍ ഹോസ്പിറ്റലും നേരിടുന്ന നിരന്തരമായ ശബ്ദശല്യമാണ് ട്രിബ്യൂണലിന്റെ പരിഗണനയ്‌ക്കെത്തിയത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി ശാഖ പ്രസിഡന്റ് ഡോ.എബ്രഹാം പോളും മാറ്റുമായിരുന്നു ഹര്‍ജിക്കാര്‍. റോഡിലെ ശബ്ദശല്യം രോഗികള്‍ക്ക് സൈ്വര്യം നല്‍കുന്നില്ലെന്നായിരുന്നു പരാതി. ചികിത്സകൊണ്ട് രോഗം ഭേദപ്പെട്ടവര്‍പോലും മാനസികമായി തളരുന്നുവെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. പരാതികള്‍ പലതവണ നല്‍കിയെങ്കിലും കൊച്ചി സിറ്റി പോലീസ് കമ്മീഷണറും മലിനീകരണ നിയന്ത്രണബോര്‍ഡും നടപടി എടുക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്നും ഹര്‍ജിയില്‍ പറഞ്ഞു. നിയമപ്രകാരം പൊതുജനാരോഗ്യം കാത്തുസൂക്ഷിക്കാനുള്ള അധികാരവും ചുമതലയും ഭരണാധികാരികള്‍ക്കുണ്ടെന്ന സുപ്രധാനമായ സുപ്രീംകോടതി വിധി പ്രാബല്യത്തിലുള്ളതെങ്കിലും അധികൃതര്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു.

ഹരിത ട്രിബ്യൂണലാകട്ടെ മലിനീകരണ നിയന്ത്രണബോര്‍ഡില്‍ നിന്നും വിശദീകരണം തേടി. എം.എ.റോഡില്‍ അന്തരീക്ഷ, ശബ്ദമലിനീകരണം പരിധിക്കപ്പുറത്താണെന്നായിരുന്നു മറുപടി. 2003 ആഗസ്ത് 22 ന് കേരള ഹൈക്കോടതിയുടെ ഒരു സുപ്രധാന വിധി ഉണ്ടായിട്ടുള്ളത് ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി. പക്ഷെ, വര്‍ഷങ്ങള്‍ പന്ത്രണ്ട് കഴിഞ്ഞിട്ടും ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ ഫലപ്രദമായ യാതൊരു നടപടിയും സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്ന് ട്രിബ്യൂണല്‍ പറഞ്ഞു.

ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിന് വിശദമായ സര്‍വെ നടത്തണം. നഗരത്തെ പല മേഖലകളായി തരംതിരിക്കണം. വ്യവസായ, വാണിജ്യ, പാര്‍പ്പിട മേഖലകള്‍ എങ്ങിങ്ങനെ. കൂടാതെ ശബ്ദശല്യം പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുള്ള നിശബ്ദമേഖല (ആശുപത്രി പരിസരം) എന്നിവയും തരംതിരിക്കണം. ഈ മേഖലകളില്‍ പരിധിക്കപ്പുറമുള്ള ശബ്ദമലിനീകരണം ഒരിക്കലും അനുവദിക്കരുത് എന്നായിരുന്നു പ്രസ്തുത ഹൈക്കോടതി വിധി. ഇതിനായി സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഹൈക്കോടതി വിധി എന്തുകൊണ്ട് സര്‍ക്കാര്‍ ഇതുവരെ പ്രാവര്‍ത്തികമാക്കിയില്ലെന്നാണ് ട്രിബ്യൂണല്‍ ആകംക്ഷയോടെ ചോദിച്ചു. സര്‍ക്കാറിന്റെ നിഷ്‌ക്രിയത്വം നിര്‍ഭാഗ്യകരമായിപ്പോയെന്ന് ട്രിബ്യൂണല്‍ വിമര്‍ശിച്ചു.

നാല് മാസത്തിനുള്ളില്‍ ഉത്തരവ് പ്രാബല്യത്തിലാക്കണമെന്ന് ട്രിബ്യൂണല്‍ ഉത്തരവിട്ടു. കൊച്ചി നഗരത്തില്‍ മാത്രമല്ല, സംസ്ഥാനത്തൊട്ടുക്കും അത് പ്രാബല്യത്തിലാക്കണം. കാരണം ഹൈക്കോടതി വിധി സംസ്ഥാനത്തിലാകെ പ്രാബല്യത്തിലാക്കിയിരിക്കണം.

ആശുപത്രികള്‍ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളില്‍ വാഹനശല്യം ഒട്ടും പാടില്ല. ഹോണ്‍ നിരോധിക്കപ്പെട്ടിരിക്കുന്നു. സ്‌കൂള്‍, കോടതി മേഖലകളും ഈ രീതിയില്‍ ശബ്ദശല്യത്തില്‍നിന്ന് സംരക്ഷിച്ചിരിക്കണം.

ശബ്ദമലിനീകരണം കര്‍ശനമായി നിയന്ത്രിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി 2005 ജൂലായ് മാസത്തിലാണ് ഉണ്ടായത്. അതനുസരിച്ച് ഉച്ചഭാഷിണി ഉപയോഗിക്കുന്നതില്‍ നിയന്ത്രണമുണ്ട്.
 
Other News in this section
ട്രാഫിക് നിയമലംഘനം കണ്ടെത്താന്‍ 'നല്ല സമരിയക്കാര്‍'
റോഡപകടങ്ങള്‍ മൂലം ഇന്ത്യയില്‍ ഓരോ നാല് മിനിറ്റിലും ഒരാള്‍ വീതം കൊല്ലപ്പെടുന്നു എന്നാണ് ഔദ്യോഗിക കണക്ക്. ഈ ദുസ്ഥിതി പരിഗണിച്ചാണ് ട്രാഫിക് നിയമലംഘനങ്ങള്‍ തടയാന്‍ സുപ്രീംകോടതിയുടെ റോഡ് സുരക്ഷാസമിതി മുന്‍കൈയെടുക്കുന്നത് ട്രാഫിക് നിയമലംഘനങ്ങള്‍ പോലീസിനെ അറിയിക്കാന്‍ നല്ല സമരിയക്കാരെ ( Good Sameritan ) നിയോഗിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി ഇങ്ങനെയൊരു നൂതന സംരംഭത്തിന് ..
ഔഷധവില: പാവങ്ങളെ കൊലയ്ക്കു കൊടുക്കരുത്!
സ്ത്രീക്ക് അന്തസ്സോടെ ജീവിക്കാനുള്ള തുകയായിരിക്കണം ജീവനാംശം
കോടതിയെ തോല്‍പ്പിക്കാനോ സിബിഐയുടെ ശ്രമം?
'ഭര്‍ത്താവിന്റെ ക്രൂരതയ്ക്ക് വേണ്ടത്ര തെളിവ് വേണം'
സ്ത്രീധന പീഡനം: നിയമം ദുരുപയോഗപ്പെടുത്തരുതെന്ന് സുപ്രീംകോടതി
പീഡനകേസുകളില്‍ നിരപരാധികള്‍ പ്രതികളാകുമ്പോള്‍
മനുഷ്യജീവന് റെയില്‍വെ വില കല്‍പ്പിക്കുന്നില്ലേ?: സുപ്രീം കോടതി
റോഡിലെ 'കൊലയാളി'കളെ അടിച്ചമര്‍ത്തണം
നാട്ടാനകളുടെ രക്ഷയ്ക്ക് കോടതിയുടെ ഇടപെടല്‍

Latest news

- -