SPECIAL NEWS
  Jun 20, 2015
റോഡിലെ 'കൊലയാളി'കളെ അടിച്ചമര്‍ത്തണം
ജി ഷഹീദ്
* സ്റ്റിയറിങ് കയ്യിലെടുത്താല്‍ രാജാവാണെന്ന് കരുതേണ്ട
* കുറ്റക്കാരോട് അനുകമ്പ വേണ്ട
* വാഹനം ഓടിക്കുന്നത് ആളെ കൊല്ലാനല്ല
* ശിക്ഷാരീതി മാറണം. നിയമ നിര്‍മ്മാണസഭകള്‍ മുന്‍കൈ എടുക്കണം
* നാല് മിനിറ്റില്‍ ഇന്ത്യയില്‍ ഒരാള്‍ വാഹന അപകടത്തില്‍ കൊല്ലപ്പെടുന്നു


ജനങ്ങളെ അപകടപ്പെടുത്തുന്ന രീതിയില്‍ വാഹനം അലക്ഷ്യമായി ഓടിച്ച് റോഡില്‍ രക്തക്കളം സൃഷ്ടിക്കുന്ന ഒരാളോട് യാതൊരു കാരണവശാലും കോടതികള്‍ അനുകമ്പ കാണിക്കരുത്. അങ്ങനെ ചെയ്താല്‍ നീതി നിര്‍വഹണം വെറും പ്രഹസനമാകും. സമൂഹത്തോട് കാണിക്കുന്ന അനീതിയായിരിക്കും അതെന്ന് സുപ്രീം കോടതി വീണ്ടും ഓര്‍മ്മിപ്പിച്ചു.

അലക്ഷ്യമായി വാഹനം ഓടിച്ചയാള്‍ രണ്ടുപേരുടെ ദാരുണ മരണത്തിന് കാരണമായി. രണ്ടുപേരും കുടുംബനാഥന്‍മാര്‍. ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്‍കിയാലും കുടുംബങ്ങളുടെ തീരാദുഃഖം ഒരു കാലത്തും അകറ്റാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു.

കുറ്റക്കാര്‍ 85,000 രൂപ നഷ്ടപരിഹാരം നല്‍കിയപ്പോള്‍ ശിക്ഷ വെറും 24 ദിവസമായി പഞ്ചാബ് ഹൈക്കോടതി കുറച്ചു. ഇത് തികഞ്ഞ അനീതിയായിപ്പോയെന്ന് ചൂണ്ടിക്കാട്ടി പ്രതിയായ സൗരഭ് ഭക്ഷിക്ക് മജിസ്‌ട്രേറ്റ് കോടതി വിധിച്ച രണ്ടുവര്‍ഷം തടവ് ശിക്ഷ സുപ്രീംകോടതി ശരിവെച്ചു.

മജിസ്‌ട്രേറ്റ് വിധിച്ച ശിക്ഷ അഡീഷണല്‍ സെഷന്‍സ് കോടതി ശരിവെച്ചിരുന്നു. അതിനെതിരെ പ്രതി പഞ്ചാബ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കൊല്ലപ്പെട്ടവരുടെ അവകാശികള്‍ക്ക് 85,000 രൂപ നല്‍കാന്‍ സമ്മതിച്ചു. അപ്പോഴാണ് പ്രതി ഇതുവരെ അനുഭവിച്ച 24 ദിവസം ശിക്ഷ മതിയാകുമെന്ന് പറഞ്ഞ് പ്രതിയെ ഹൈക്കോടതി മോചിപ്പിച്ചത്. അതിനെതിരെ പഞ്ചാബ് സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

അലക്ഷ്യമായി, ജനങ്ങളെ അപകടപ്പെടുത്തുന്ന രീതിയില്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ചുരുങ്ങിയത് രണ്ടുവര്‍ഷം ശിക്ഷ നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇവിടെ പ്രതി മനുഷ്യജീവന് യാതൊരു പരിഗണനയും നല്‍കാതെയാണ് വാഹനമോടിയത്. അത് മറ്റൊരു വാഹനത്തില്‍ ഇടിച്ചപ്പോഴാണ് അതിലുണ്ടായിരുന്ന രണ്ട് പേര്‍ കൊല്ലപ്പെട്ടത്.

ശിക്ഷക്ക് വ്യവസ്ഥയുള്ളപ്പോള്‍ പണം നല്‍കി അതില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു പ്രതി ശ്രമിക്കുന്നതിനെ കോടതികള്‍ തട്ടി അകറ്റുകതന്നെ വേണമെന്ന് സുപ്രീംകോടതി പറഞ്ഞു. പണം ഉണ്ടെന്ന് വെച്ച് എന്തും ആകാമെന്ന് കരുതരുത്. മറ്റുള്ളവരുടെ ജീവന്‍ അപകടപ്പെടുത്തുന്ന രീതിയില്‍ വാഹനങ്ങള്‍ ഓടിക്കുന്നവരെ ഉരുക്ക് മുഷ്ടിയോടെ നിയമം നേരിടണമെന്നാണ് സുപ്രീംകോടതി നല്‍കുന്ന സന്ദേശം.

റോഡ് അപകടങ്ങള്‍ ഇന്ത്യയില്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നാല് മിനിറ്റിനുള്ളില്‍ ഒരാള്‍ കൊല്ലപ്പെടുന്നതായി കേന്ദ്രഉപരിതല ഗതാഗത വകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള വിശദമായ റിപ്പോര്‍ട്ടില്‍ പറയുന്നു.

കുറ്റക്കാര്‍ക്ക് നിയമത്തില്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്നതിനാല്‍, പ്രതികളോട് കോടതി അനുകമ്പ കാണിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. നഷ്ടപരിഹാരം നല്‍കി പ്രതി രക്ഷപ്പെടുന്ന സ്ഥിതി ഉണ്ടാകരുത്. നഷ്ടപരിഹാരത്തിനായി കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് മോട്ടോര്‍ വാഹന നഷ്ടപരിഹാര കോടതിയെ സമീപിക്കാം.

'പ്രതിക്ക് ശിക്ഷ വിധിക്കുമ്പോള്‍ അത് കഠിനശിക്ഷ തന്നെയായിരിക്കണം', സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചു.

ചിലരുടെ ഡ്രൈവിങ് കണ്ടാല്‍ ഈ നാട്ടില്‍ ഡ്രൈവിങ് നിയമം ഇല്ലെന്ന് തോന്നും. ചിലര്‍ സാഹസികരെപ്പോലെ വാഹനത്തിന്റെ വളയം കയ്യിലെടുക്കുന്നു. മറ്റു ചിലര്‍ മദ്യപിച്ച് ഓടിക്കുന്നു. ചിലര്‍ അപകടം ഉണ്ടാകുമ്പോള്‍ ഓടി രക്ഷപ്പെടുന്നു. മറ്റ് ചിലരെ പോലീസ് സംരക്ഷിക്കുന്നു.

അപകടത്തില്‍പ്പെട്ട് പരിക്കേല്‍ക്കുന്ന ചിലര്‍ ഒരുപക്ഷേ നീണ്ട ചികിത്സക്ക് ശേഷം രക്ഷപ്പെട്ടേക്കാം.... പക്ഷേ, വികലാംഗരാകാം. കട്ടിലില്‍നിന്ന് മോചനം കിട്ടാത്തവരുണ്ട്. ഓര്‍മ്മ ശക്തി നഷ്ടപ്പെടുന്നവരുണ്ട്. കുടുംബനാഥന്‍ നഷ്ടപ്പെട്ടാല്‍ കുടുംബം പെരുവഴിയിലാകും. ഒരുപക്ഷെ നീണ്ട കാത്തിരിപ്പിന് ശേഷമാകാം. നഷ്ടപരിഹാര തുക കിട്ടുന്നത്. അപ്പോഴേക്കും രൂപയുടെ മൂല്യം കുറഞ്ഞിരിക്കും. അങ്ങനെ ദുര്യോഗങ്ങള്‍ പലതാണ്.

ഈ കേസില്‍ പ്രതിയുടെ ശിക്ഷ ഹൈക്കോടതി കുറവ് വരുത്താന്‍ പാടില്ലാത്തതായിരുന്നു. തെളിവുകള്‍ വിലയിരുത്തിയാല്‍ നിയമത്തില്‍ പറയുന്ന ശിക്ഷതന്നെ പ്രതിക്ക് കിട്ടണം. അനാവശ്യമായ അനുകമ്പ കോടതിയില്‍ കാണിച്ചാല്‍ അത് സാമൂഹിക തിന്മയായിത്തീരുമെന്ന് സുപ്രീംകോടതി പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304-എ വകുപ്പ് അനുസരിച്ച് രണ്ടുവര്‍ഷം ശിക്ഷ തന്നെയാണ് പ്രതിക്ക് കിട്ടുന്നത്. ഈ ശിക്ഷാരീതി മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതിന് നിയമനിര്‍മ്മാണ സഭകളാണ് മുന്‍കൈ എടുക്കേണ്ടത്. അതായത് നമ്മുടെ ജനപ്രതിനിധികള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കണം.

വാഹന അപകടങ്ങള്‍ വര്‍ധിച്ചാല്‍ അത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കാല്‍നടക്കാരും മറ്റ് വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും കൊല്ലപ്പെട്ടാല്‍ റോഡും തെരുവുകളും രക്തക്കളമാകും. മനസ്സമാധാനത്തോടെ ആര്‍ക്കും സഞ്ചരിക്കാന്‍ കഴിയില്ല.

വാള്‍ എടുക്കുന്നവരെല്ലാം വെളിച്ചപ്പാട്. അതുപോലെ സ്റ്റിയറിങ് കയ്യില്‍ കിട്ടിയാല്‍ രാജാക്കന്മാര്‍ എന്ന് ആരും കരുതരുത്.

അതിനാല്‍ നിമയനിര്‍മ്മാണസഭകള്‍ ഈ ഗൗരവപ്പെട്ട സ്ഥിതി വിലയിരുത്തി പ്രവര്‍ത്തിക്കണമെന്ന് അതീവ ഉത്കണ്ഠയോടെ സുപ്രീംകോടതി പറഞ്ഞു.
 
Other News in this section
ട്രാഫിക് നിയമലംഘനം കണ്ടെത്താന്‍ 'നല്ല സമരിയക്കാര്‍'
റോഡപകടങ്ങള്‍ മൂലം ഇന്ത്യയില്‍ ഓരോ നാല് മിനിറ്റിലും ഒരാള്‍ വീതം കൊല്ലപ്പെടുന്നു എന്നാണ് ഔദ്യോഗിക കണക്ക്. ഈ ദുസ്ഥിതി പരിഗണിച്ചാണ് ട്രാഫിക് നിയമലംഘനങ്ങള്‍ തടയാന്‍ സുപ്രീംകോടതിയുടെ റോഡ് സുരക്ഷാസമിതി മുന്‍കൈയെടുക്കുന്നത് ട്രാഫിക് നിയമലംഘനങ്ങള്‍ പോലീസിനെ അറിയിക്കാന്‍ നല്ല സമരിയക്കാരെ ( Good Sameritan ) നിയോഗിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി ഇങ്ങനെയൊരു നൂതന സംരംഭത്തിന് ..
ഔഷധവില: പാവങ്ങളെ കൊലയ്ക്കു കൊടുക്കരുത്!
സ്ത്രീക്ക് അന്തസ്സോടെ ജീവിക്കാനുള്ള തുകയായിരിക്കണം ജീവനാംശം
കോടതിയെ തോല്‍പ്പിക്കാനോ സിബിഐയുടെ ശ്രമം?
'ഭര്‍ത്താവിന്റെ ക്രൂരതയ്ക്ക് വേണ്ടത്ര തെളിവ് വേണം'
ശബ്ദശല്യം: സംസ്ഥാന സര്‍ക്കാര്‍ നിഷ്‌ക്രിയമാകരുത്‌
സ്ത്രീധന പീഡനം: നിയമം ദുരുപയോഗപ്പെടുത്തരുതെന്ന് സുപ്രീംകോടതി
പീഡനകേസുകളില്‍ നിരപരാധികള്‍ പ്രതികളാകുമ്പോള്‍
മനുഷ്യജീവന് റെയില്‍വെ വില കല്‍പ്പിക്കുന്നില്ലേ?: സുപ്രീം കോടതി
നാട്ടാനകളുടെ രക്ഷയ്ക്ക് കോടതിയുടെ ഇടപെടല്‍

Latest news

- -