SPECIAL NEWS
  May 23, 2015
സ്ത്രീധന പീഡനം: നിയമം ദുരുപയോഗപ്പെടുത്തരുതെന്ന് സുപ്രീംകോടതി
ജി.ഷഹീദ്
* അറസ്റ്റ്: പോലീസിന് കൂടുതല്‍ ജാഗ്രത വേണം
* കോടതി നിരീക്ഷണങ്ങള്‍ പോലീസും സര്‍ക്കാരും പലപ്പോഴും അവഗണിച്ചു
* കേന്ദ്ര ആഭ്യന്തരവകുപ്പ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി
* നിയമഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കും
* 2001 മുതല്‍ 2012 വരെ ഇന്ത്യയില്‍ 91,202 സ്ത്രീധന പീഡനകേസുകള്‍
* 5,081 കള്ളക്കേസുകള്‍
* കേസുകള്‍ കൂടുതല്‍ യു.പി.യില്‍, നാഗാലന്‍ഡിലും ലക്ഷദ്വീപിലും കേസുകള്‍ ഇല്ല



'സ്ത്രീധന പീഡനങ്ങള്‍ തടയാനുള്ള നിയമം അനുസരിച്ചുള്ള കേസുകളില്‍ കട്ടിലില്‍ കിടക്കുന്ന രോഗിയെപ്പോലും പോലീസ് കള്ളക്കേസില്‍ കുടുക്കുന്നു', മുന്നറിയിപ്പിന്റെ ശബ്ദത്തിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

നിരപരാധികളെ പ്രതിക്കൂട്ടിലാക്കുന്ന ഇത്തരം കേസുകളെ ശക്തിയായി അപലപിച്ചുകൊണ്ട്, സര്‍ക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീകോടതി അഭിപ്രായപ്പെട്ടിട്ടു.

ഈ നിയമം പോലീസ് ദുരുപയോഗപ്പെടുത്തരുതെന്നാണ് കോടതിയുടെ നിര്‍ദേശം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കള്ളക്കേസുകള്‍ ഉണ്ടാകുന്നതാണ് കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. വടക്കന്‍ സംസ്ഥാനങ്ങളിലാണ് കള്ളക്കേസുകള്‍ കൂടുതല്‍.

വിവാഹം കഴിഞ്ഞിട്ടും സ്ത്രീധനത്തുക കിട്ടാതെ വരുമ്പോഴാണ് ഭര്‍ത്താവോ ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളോ സ്ത്രീയെ നിരന്തരമായി പീഡിപ്പിക്കാന്‍ തുടങ്ങുന്നത്. അത് ചിലപ്പോള്‍ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ കലാശിക്കും. അല്ലെങ്കില്‍ ക്രൂരമായ ദേഹോപദ്രവമാകാം.

പോലീസിന് കേസ് എടുക്കാന്‍ വ്യവസ്ഥയുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ 1983 ല്‍ ഭേദഗതി വരുത്തി 498-എ വകുപ്പുകൂടി ചേര്‍ത്തു. അതനുസരിച്ച് ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും എതിരെ പോലീസിന് കേസ് എടുക്കാം.

ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, സഹോദരിമാര്‍, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് എതിരെയും കേസുകള്‍ പെരുകിയ അവസ്ഥ രാജ്യത്തുണ്ടായി. ഭര്‍ത്താവ് മാത്രമല്ല, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ വരെ ശിക്ഷിക്കപ്പെട്ടു.

നിയമം ദുരുപയോഗപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ അതിനെതിരെ സുപ്രീംകോടതിതന്നെ ആദ്യം ശബ്ദിച്ചു. പല കേസുകളിലും നിയമം ദുരുപയോഗപ്പെടുത്തി നിരപരാധികളെ നിരന്തരമായി മാനസികപീഢയ്ക്ക് വിധേയമാക്കുന്ന പോലീസ് നടപടികള്‍ ഉണ്ടായിട്ടുണ്ടെന്ന് കോടതി പറഞ്ഞു.

ജസ്റ്റിസ് ചന്ദ്രമൗലി പ്രസാദ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ ഈയിടെ ഉണ്ടായ വിധിയാണ് കൂടുതല്‍ ശ്രദ്ധേയം. ഒരു കേസ് ഉണ്ടായാല്‍ ഭര്‍ത്താവിന്റെ കുടുംബത്തിലുള്ള പലരെയും അറസ്റ്റ് ചെയ്യുന്ന പോലീസിന്റെ നടപടിയാണ് കോടതി ശക്തിയായ ഭാഷയില്‍ അപലപിച്ചത്.

വെറും സംശയത്തിന്റെ പേരില്‍ മാത്രം ആളുകളെ അറസ്റ്റുചെയ്ത് പീഡിപ്പിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഒരാളെ വെറും ആരോപണം മാത്രം അടിസ്ഥാനമാക്കി അറസ്റ്റ്‌ചെയ്യാന്‍ പാടില്ല. പോലീസ് ഉദ്യോഗസ്ഥന് പൂര്‍ണബോധ്യം ഉണ്ടായാല്‍ മാത്രമേ അറസ്റ്റ് പാടുള്ളൂ എന്നാണ് കോടതിയുടെ കര്‍ശനമായ നിര്‍ദേശം. 'നിയമം ഒരു കാരണവശാലും ദുരുപയോഗപ്പെടുത്തരുത്'.

കേസ് എടുത്താല്‍ വിചാരണപൂര്‍ത്തിയാകാന്‍ നീണ്ട കാലതാമസം എടുക്കുന്നതും മുമ്പ് സുപ്രീം കോടതിയുടെ വിമര്‍ശനത്തിന് വിധേയമായതാണ്. ആഗ്ര പോലീസ് 1990 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണ തുടങ്ങിയത് 2009 ലായിരുന്നു. അതിനകം രണ്ട് പ്രതികള്‍ മരിച്ചുകഴിഞ്ഞിരുന്നു.

സ്ത്രീധന പീഡന കേസുകള്‍ക്ക് വ്യവസ്ഥചെയ്തിട്ടുള്ള ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഭേദഗതി (498-എ) പോലീസ് ദുരുപയോഗപ്പെടുത്തിയിട്ടുള്ളതായി ഹൈക്കോടതിയും സുപ്രീംകോടതിയും നിരീക്ഷിച്ചിട്ടുണ്ടെന്ന് ദേശീയ നിയമകമ്മീഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അനാവശ്യവും സ്വേച്ഛാപരവുമായ അറസ്റ്റുകള്‍ ഒഴിവാക്കാന്‍ നടപടി വേണ്ടെന്ന് കമ്മീഷന്‍ സര്‍ക്കാറിന് ശുപാര്‍ശ നല്‍കിയിരുന്നു. സ്ത്രീകള്‍ക്ക് എതിരെയുള്ള ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ എല്ലാ ജില്ലകളിലും പ്രത്യേക വനിതാ സെല്‍ സ്ഥാപിക്കണമെന്നാണ് കമ്മീഷന്റെ ശുപാര്‍ശ.

നിയമം അനുസരിച്ച് പീഡന കേസുകളില്‍ ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കും.

ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പോലീസ് അതീവജാഗ്രത പുലര്‍ത്തണമെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

1961 ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന സ്ത്രീധന നിരോധനനിയമം ഒട്ടും ഫലപ്രദമല്ലാത്ത അവസ്ഥയിലായിരുന്നു. സ്ത്രീധനം നിര്‍ബാധം തുടരുന്നു. കേസുകള്‍ ഉണ്ടായപ്പോഴാണ് 1983 ല്‍ ശിക്ഷാനിയമം ഭേദഗതി ചെയ്തത്. ഈ നിയമം ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് പല സന്ദര്‍ഭങ്ങളിലും സുപ്രീംകോടതി പരാമര്‍ശിച്ചിട്ടുള്ളതായി ആഭ്യന്തരവകുപ്പ് ചൂണ്ടിക്കാട്ടി.

ഉന്നത അദ്യോഗസ്ഥരുടെ അനുമതിയില്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് ചില സംസ്ഥാനങ്ങളില്‍ ഉത്തരവിട്ടിട്ടും അത് പാലിക്കപ്പെടാതെ പോയിട്ടുണ്ടെന്ന് ആഭ്യന്തരവകുപ്പ് പറഞ്ഞു.

സ്ത്രീധന പീഡന നിരോധന നിയമം അനുസരിച്ച് അറസ്റ്റ് ചെയ്യപ്പെടുന്ന പ്രതിക്ക് ജാമ്യമില്ലാ വകുപ്പാണ് ബാധകം. അതനുസരിച്ച് പോലീസിന് ജാമ്യം നല്‍കാന്‍ കഴിയില്ല. പ്രതി കോടതിയെ സമീപിക്കണം. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്താല്‍ ചിലപ്പോള്‍ ഹൈക്കോടതിയില്‍നിന്ന് മാത്രമേ ന്യായം കിട്ടൂ.

ഈ വകുപ്പ് എടുത്ത് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചിട്ടുണ്ട്. അതിനായി പാര്‍ലമെന്റിന്റെ നിയമദേഗതി വേണം. അത് ജാമ്യം കിട്ടാവുന്ന വകുപ്പാക്കാന്‍ പാര്‍ലമെന്റിന്റെ അനുമതി വേണം. ഒത്തുതീര്‍പ്പ് വ്യവസ്ഥ അനുസരിച്ച് കേസില്‍ തീര്‍പ്പാക്കാന്‍ കഴിയുമോ? പിഴ അടച്ച് കുറ്റകൃത്യത്തില്‍ നിന്ന് മുക്തി നേടാന്‍ കഴിയുമോ? ജസ്റ്റിസ് വി.എസ്. മളീമഠ് കമ്മിറ്റി നല്‍കിയിട്ടുള്ള ശുപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചുവരുന്നു.

അറസ്റ്റിന്റെ കാര്യത്തില്‍ ഇനി അതീവ ജാഗ്രത പോലീസ് കാണിച്ചേ തീരൂ. സുപ്രീംകോടതിയുടെ വിധിയുടെ പകര്‍പ്പ് എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്കും ഡി.ജി.പി.കള്‍ക്കും കിട്ടിയിട്ടുണ്ട്.

2001 മുതല്‍ 2012 വരെ ഇന്ത്യയില്‍ 91,202 സ്ത്രീധന പീഡനകേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ വ്യക്തമാക്കുന്നു. ഇതില്‍ 5,081 എണ്ണം കള്ളക്കേസ് ആയിരുന്നുവെന്ന് തെളിഞ്ഞു.
 

Other News in this section
ട്രാഫിക് നിയമലംഘനം കണ്ടെത്താന്‍ 'നല്ല സമരിയക്കാര്‍'
റോഡപകടങ്ങള്‍ മൂലം ഇന്ത്യയില്‍ ഓരോ നാല് മിനിറ്റിലും ഒരാള്‍ വീതം കൊല്ലപ്പെടുന്നു എന്നാണ് ഔദ്യോഗിക കണക്ക്. ഈ ദുസ്ഥിതി പരിഗണിച്ചാണ് ട്രാഫിക് നിയമലംഘനങ്ങള്‍ തടയാന്‍ സുപ്രീംകോടതിയുടെ റോഡ് സുരക്ഷാസമിതി മുന്‍കൈയെടുക്കുന്നത് ട്രാഫിക് നിയമലംഘനങ്ങള്‍ പോലീസിനെ അറിയിക്കാന്‍ നല്ല സമരിയക്കാരെ ( Good Sameritan ) നിയോഗിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി ഇങ്ങനെയൊരു നൂതന സംരംഭത്തിന് ..
ഔഷധവില: പാവങ്ങളെ കൊലയ്ക്കു കൊടുക്കരുത്!
സ്ത്രീക്ക് അന്തസ്സോടെ ജീവിക്കാനുള്ള തുകയായിരിക്കണം ജീവനാംശം
കോടതിയെ തോല്‍പ്പിക്കാനോ സിബിഐയുടെ ശ്രമം?
'ഭര്‍ത്താവിന്റെ ക്രൂരതയ്ക്ക് വേണ്ടത്ര തെളിവ് വേണം'
ശബ്ദശല്യം: സംസ്ഥാന സര്‍ക്കാര്‍ നിഷ്‌ക്രിയമാകരുത്‌
പീഡനകേസുകളില്‍ നിരപരാധികള്‍ പ്രതികളാകുമ്പോള്‍
മനുഷ്യജീവന് റെയില്‍വെ വില കല്‍പ്പിക്കുന്നില്ലേ?: സുപ്രീം കോടതി
റോഡിലെ 'കൊലയാളി'കളെ അടിച്ചമര്‍ത്തണം
നാട്ടാനകളുടെ രക്ഷയ്ക്ക് കോടതിയുടെ ഇടപെടല്‍

Latest news

- -