ഒരു പുതിയ നിയമപംക്തി ആരംഭിക്കുന്നു. ഇതിലുന്നയിച്ചിരിക്കുന്ന വിഷയങ്ങളേക്കുറിച്ച് വായനക്കാര്‍ക്കും പ്രതികരിക്കാം. പീഡനകേസുകളില്‍ നിരപരാധികളെ പോലീസ് പ്രതികളാക്കുന്നുവെന്ന ഹൈക്കോടതി വിധിയേക്കുറിച്ചാവട്ടേ ആദ്യം
ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 2012 ല്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നിട്ടുള്ള നിയമം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കിക്കഴിഞ്ഞു. ഈ നിയമം അനുസരിച്ച് കേരള പോലീസ് എടുക്കുന്ന ക്രിമിനല്‍ കേസുകള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. ആദ്യവിധി ഹൈക്കോടതി ജസ്റ്റിസ് പി.ദേവദാസന്റേതാണ്. 2013 ആഗസ്ത് 20 ന്. രണ്ടാമത്തെ വിധി ജസ്റ്റിസ് ബി.കമാല്‍ പാഷയുടേതാണ്; 2014 ഡിസംബര്‍ 8 ന്. രണ്ട് വിധിയും അനുസരിച്ച് ഹൈക്കോടതി പ്രകടിപ്പിച്ചിരുന്ന സുപ്രധാനമായ നിരീക്ഷണങ്ങള്‍ സര്‍ക്കാര്‍ ഗൗനിച്ചിട്ടേ ഇല്ല.
ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ആദ്യമായി കിട്ടിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെതന്നെയാണ്. ഉമ്മന്‍ചാണ്ടി കൊച്ചിയില്‍ 2015 മാര്‍ച്ച് 21 ന് മെട്രോ റയില്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ രണ്ട് വിധിയും മാതൃഭൂമി അദ്ദേഹത്തിന് കൈമാറിയിരുന്നു.
'രണ്ട് വിധികളും സുപ്രധാനമായവയാണ്. അവ ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദി, അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് പി ഭവദാസന്റെ വിധി |
ജസ്റ്റിസ് പി ഭവദാസന്‍ |
തന്നെ ഒരു കേസില്‍ പ്രതിയാക്കിയതിന് വടക്കേക്കര (എറണാകുളം ജില്ല) പോലീസിനെതിരെ ബേബി എന്നയാള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ താന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസില്‍ ബേബി പ്രതിയാക്കപ്പെട്ടു. ബേബി നല്‍കിയ പരാതി അനുവദിച്ചുകൊണ്ട് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കി. അതോടൊപ്പം ചില സുപ്രധാന നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കുകയും ചെയ്തു.
തന്നെ പോലീസ് കള്ളക്കേസില്‍ പ്രതിയാക്കിയെന്നാണ് ബേബി ആരോപിച്ചത്. ഇത്തരം സംഭവങ്ങളുണ്ടായാല്‍ അവ പരിശോധിക്കാന്‍ കേന്ദ്ര നിയമപ്രകാരം ശിശുക്ഷേമ സമിതികള്‍ ഓരോ ജില്ലയിലും പ്രവര്‍ത്തിക്കുന്നു. പീഡനകേസുകള്‍ ഉണ്ടായാല്‍ പോലീസിന് കേസ് എടുക്കാം. അതോടൊപ്പം പ്രശ്‌നം ശിശുക്ഷേമസമിതിയെ അറിയിക്കുകയും ചെയ്യാം.
തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നുള്ള പ്രതി ബേബിയുടെ വാദത്തിന് വേണ്ടത്ര ശക്തിയുണ്ടെന്ന് ജസ്റ്റിസ് പി.ഭവദാസന്‍ കേസ് വിശദമായി പരിശോധിച്ചുകൊണ്ട് പറഞ്ഞു.
പീഡനത്തിന് വിധേയയായെന്ന് ആരോപിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കിയിട്ടുള്ള മൊഴി വിചിത്രമായിതോന്നുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു.
മെഡിക്കല്‍ റിപ്പോര്‍ട്ട് എന്താണ് പറയുന്നത്?. പെണ്‍കുട്ടി നല്‍കിയ മൊഴിയുമായി അത് പൊരുത്തപ്പെടുന്നില്ലെന്നും ഹൈക്കോടതി കണ്ടെത്തി.
കുട്ടി ആദ്യം ശ്രീനിവാസന്‍ എന്നയാളെ പ്രതിയാക്കി. ഈ പ്രതി ജയിലിലായി. ഇപ്പോള്‍ ബേബിയുടെ ഊഴമായി.
ശിശുക്ഷേമ സമിതിക്ക് പരാതികിട്ടിയാല്‍ അത് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് സമിതികള്‍ ചെയ്യേണ്ടതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
'ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണോ എന്ന് കണ്ടെത്താന്‍ പ്രാരംഭ അന്വേഷണം ഇല്ലാത്ത സ്ഥിതിയാണ്. പെണ്‍കുട്ടി പറയുന്നത് ശരിയാണെങ്കില്‍ തന്നെ അതിന് അനുസൃതമായ മെഡിക്കല്‍ പരിശോധനാ തെളിവുണ്ടോ? രണ്ട് ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയെ പരിശോധിച്ചിരുന്നു. ലൈംഗിക പീഡനത്തിന് യാതൊരുതെളിവും ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളതെന്ന് ഹൈക്കോടതി വ്യക്തമാക്കി.'
'അതിനാല്‍ പെണ്‍കുട്ടിയുടെ മൊഴി ആശ്രയിച്ചിട്ടുള്ള നടപടി അപകടകരമാണ്'. ഇത്തരം കേസുകളില്‍ ആരെയും പ്രതിയാക്കാവുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് പ്രാരംഭ അന്വേഷണം ഉറപ്പാക്കണം. ശിശുക്ഷേമ സമിതിയുടെ പരാതി മാത്രം പോലീസ് അടിസ്ഥാനമാക്കരുത്.
പക്ഷേ ഈ വിധിയുടെ അടിസ്ഥാനത്തില്‍ യാതൊരു നടപടിക്കും സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായിട്ടില്ല.
ജസ്റ്റിസ് കമാല്‍ പാഷയുടെ വിധി |
ജസ്റ്റിസ് ബി കമാല്‍ പാഷ |
ജസ്റ്റിസ് കമാല്‍ പാഷയുടെ വിധിമൂലം രക്ഷപ്പെട്ടത് വനിതാ വൈസ്ചാന്‍സലര്‍. ഈ വിധിമൂലം ചില പ്രധാന ഉദ്യോഗസ്ഥരും രക്ഷപ്പെട്ടു. അല്ലെങ്കില്‍ കേസ് വിചാരണ ചെയ്ത ഘട്ടത്തില്‍ ഇവരെല്ലാം പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ട ഗതി വരുമായിരുന്നു. അതിലൊരാളാണ് മുന്‍ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ജെ.ലത (ഇപ്പോള്‍ കൊച്ചി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍)
കഴിഞ്ഞ വര്‍ഷം മാനന്തവാടി സര്‍ക്കാര്‍ സാങ്കേതിക സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നാണ് കേസ്.
സ്‌കൂള്‍ ജീവനക്കാരന്‍ ആരോപണവിധേയനായി. പ്രശ്‌നം വയനാട്ടിലെ ശിശുക്ഷേമ സമിതി അന്വേഷിച്ചു. അതനുസരിച്ച് മാനന്തവാടി പോലീസ് കേസ് എടുത്തു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജെ.ലത തിരുവനന്തപുരത്താണ് ജോലി നോക്കുന്നതെങ്കിലും അവരെയും ജോ.ഡയറക്ടറെയും മറ്റ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടെ ഏഴ് പേരെ പ്രതികളാക്കി.
താന്‍ നിരപരാധിയാണെന്നും ഈ കേസുമായി തനിക്ക് ബന്ധമില്ലെന്നും ചൂണ്ടിക്കാട്ടി ഡോ.ലതയും മറ്റും ഹൈക്കോടതിയെ സമീപിച്ചു. പോലീസ് കേസ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കി.
 |
ജെ. ലത |
ശിശുക്ഷേമ സമിതിയുടെ അധികാര ദുര്‍വിനിയോഗം തെളിയിക്കുന്ന ഒരു കേസാണിതെന്ന് ഹൈക്കോടതി അതിനിശിതമായി കുറ്റപ്പെടുത്തി. 'യാതൊരു കൂസലുമില്ലാതെയാണ് സമിതി ഈ ദുര്‍വിനിയോഗം നടത്തിയിരിക്കുന്നത്, എല്ലാ അതിര്‍ത്തികളും ലംഘിച്ചുകൊണ്ട് തികച്ചും നിയമവിരുദ്ധ നടപടിയാണിത്. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിന് ഉത്തരവ് നല്‍കാന്‍ യാതൊരു അധികാരവും സമിതിക്കില്ല.
വയനാട്ടില്‍ നടന്ന സംഭവത്തില്‍ തിരുവനന്തപുരത്തുള്ള ഒരു ഉദ്യോഗസ്ഥയെ എങ്ങനെ പ്രതിയാക്കും? പോലീസ് നടപടി നിയമവിരുദ്ധമായിപ്പോയെന്ന് ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു.
കേസില്‍ പോലീസ് നടപടി നല്‍കിയ പ്രഥമ വിവരറിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
പീഡനകേസുകളില്‍ നിരപരാധികളെ പോലീസ് പ്രതിയാക്കുന്നുവെന്ന ഹൈക്കോടതി നിരീക്ഷണം അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാതൃഭൂമിയോട് പറഞ്ഞു.
കോടതി വിധികള്‍ പഠിച്ച് ഫലപ്രദമായ പരിഹാരനടപടിയും കണ്ടെത്തും. അതിനായി സാമൂഹിക നീതിവകുപ്പ്, ആഭ്യന്തരവകുപ്പ് എന്നിവയുമായി ചര്‍ച്ചയും നടത്തും.
'ഇത്തരം കേസുകളില്‍ നിരപരാധികള്‍ പ്രതിയാക്കപ്പെടുന്നത് നിര്‍ഭാഗ്യകരമാണ്. അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.'
ശിശുക്ഷേമ സമിതികളില്‍ വേണ്ടത്ര നിയമപരിജ്ഞാനമുള്ളവര്‍ ഇപ്പോള്‍ ഇല്ലെന്ന് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അക്കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് അദ്ദേഹം അറിയിച്ചു,