
ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധം ഉണ്ടായേക്കാം. എന്നാല്‍ ഭാര്യയെ ആത്മഹത്യയ്ക്ക് നിര്‍ബന്ധിപ്പിക്കുന്ന രീതിയിലുള്ള ഒരു കുറ്റകൃത്യമാകുമോ അത്? ഇങ്ങനെയുള്ള കുറ്റം ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഭര്‍ത്താവില്‍ ചുമത്തുന്നതിന് വേണ്ടത്ര ഗൗരവവും തെളിവും അതിന് കൂടിയേതീരൂ എന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഇല്ലെങ്കില്‍ ഭര്‍ത്താവിന് എതിരെയുള്ള ഒരു അധാര്‍മ്മിക പ്രവൃത്തിയായി മാത്രമേ അതിനെ കാണാന്‍ കഴിയൂ.
ഭര്‍ത്താവിന്റെ പരസ്ത്രീബന്ധത്തിന്റെ പേരില്‍ ഭാര്യ കലഹിച്ചു. അതിന്റെ പ്രത്യാഘാതം എന്തായിരുന്നു? ഇരുവരും വിവാഹമോചനം നേടി. അതിന് തെളിവുണ്ട്. എന്നിട്ടും ഒരേ വീട്ടില്‍ തന്നെ അവര്‍ വെവ്വേറെ മുറിയിലായി താമസിച്ചു. ടെറസ്സിലെ ഒരു മുറിയിലായിരുന്നു മുന്‍ ഭാര്യ. മുന്‍ ഭര്‍ത്താവ് താഴെ താമസിച്ചു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം സ്ത്രീ ആത്മഹത്യ ചെയ്തു. സ്ത്രീധനനിരോധന നിയമപ്രകാരമാണ് പോലീസ് കേസ് എടുത്തത്. ആത്മഹത്യയ്ക്ക് സ്ത്രീയെ പ്രേരിപ്പിച്ചതിന്നും തെളിവ് നശിപ്പിച്ചതിന്നും വേറെ കേസുണ്ടായിരുന്നു. ഗുജറാത്തിലാണ് സംഭവം.
അഡീഷണല്‍ സെഷന്‍സ് കോടതി കേസ് വിചാരണ ചെയ്ത് മുന്‍ ഭര്‍ത്താവിന് അഞ്ച് വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. ഗുജറാത്ത് ഹൈക്കോടതി ശിക്ഷ ശരി വെച്ചു. അതിനെതിരെ മുന്‍ ഭര്‍ത്താവ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. തെളിവുകള്‍ പരിശോധിച്ചശേഷം ശിക്ഷ സുപ്രീം കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി.
വിവാഹമോചനത്തിന് മുമ്പുതന്നെ മറ്റൊരു സ്ത്രീയുമായി ഭര്‍ത്താവിന് അവിഹിത ബന്ധം ഉണ്ടായിരുന്നിരിക്കാം എന്ന് സുപ്രീംകോടതി പറഞ്ഞു. എന്നാല്‍ അത് എത്രയ്ക്ക് ക്രൂരതയാകും? സ്ത്രീക്ക് മാനസിക ആഘാതം ഏല്‍പിക്കുന്ന രീതിയിലുള്ള ഒരു ക്രൂരതയായി അതിനെ കണക്കാക്കാമോ? അതിന് തെളിവിന്റെ പിന്‍ബലം എത്രയുണ്ട്?
ഭാര്യയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതിനോ നിര്‍ബന്ധിക്കുന്നതിനോ വഴിയൊരുക്കുന്നതും മാനസികമായി അത്രകണ്ട് പീഡിപ്പിക്കുന്നതുമായ ക്രൂരതയായി കണക്കാക്കാനുള്ള തെളിവുകളുടെ അഭാവത്തിലാണ് മുന്‍ ഭര്‍ത്താവിന്റെ ശിക്ഷ റദ്ദാക്കുന്നതെന്ന് സുപ്രീം കോടതി പറഞ്ഞു.
ആത്മഹത്യ ചെയ്ത സ്ത്രീയുടെ സഹോദരി ഈ കേസില്‍ പ്രോസിക്യൂഷന്റെ സാക്ഷിയായിരുന്നു. ആത്മഹത്യയ്ക്ക് മുമ്പ് സഹോദരിയുമായി താന്‍ ഫോണില്‍ സംസാരിച്ചുവെന്ന് അവര്‍ മൊഴി നല്‍കിയിരുന്നു. ഒരേ വീട്ടില്‍ വെവ്വേറെ മുറികളിലായി വിവാഹ മോചനത്തിന് ശേഷവും താമസിച്ചിരുന്നതായി സഹോദരി തന്നെ അറിയിച്ചിരുന്നുവെന്ന് സാക്ഷി പറഞ്ഞു. ഹോളി ആഘോഷത്തിന് ശേഷം മാതാപിതാക്കള്‍ താമസിക്കുന്ന വീട്ടിലേക്ക് പോകുമെന്നും അവര്‍ പറഞ്ഞു.
ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ഉണ്ടായിരുന്ന അവിഹിതബന്ധം അത്രക്ക് തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നുള്ളതിനുള്ള യാതൊരു തെളിവും സാക്ഷിനല്‍കിയിട്ടില്ല.
ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ഉണ്ടായിരുന്ന അവിഹിത ബന്ധം സ്ത്രീയെ വേദനിപ്പിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്തിരുന്നു എന്നുള്ളതിന്റെ തെളിവ് മാത്രമേ കോടതി മുമ്പാകെയുള്ളൂവെന്ന് സുപ്രീംകോടതി പറഞ്ഞു. ആത്മഹത്യക്ക് നിര്‍ബന്ധിപ്പിക്കുന്നതിനോ ആത്മഹത്യക്ക് ഭാര്യയെ നിര്‍ബന്ധിപ്പിക്കുന്ന ഒരു സ്ഥിതി ഉണ്ടായിരുന്നില്ലെന്ന് തെളിവുകള്‍ വിലയിരുത്തിക്കൊണ്ട് സുപ്രീംകോടതി പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമം വ്യവസ്ഥചെയ്യുന്ന രീതിയിലുള്ള ക്രൂരത ഭര്‍ത്താവ് കാണിച്ചുവെന്നതിന് വിശ്വസനീയമായ തെളിവുകള്‍ ഇല്ലെന്ന് സുപ്രീംകോടതി പറഞ്ഞു.
'ആത്മഹത്യചെയ്യുന്നുവെങ്കില്‍ അത്രയ്ക്ക് ഗൗരവപ്പെട്ട മാനസിക ആഘാതം സ്ത്രീ നേരിട്ടിരിക്കണം. അങ്ങനെയൊരു സ്ഥിതിക്കുള്ള തെളിവ് ഈ കേസില്‍ ഇല്ല.'
ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധം ഉണ്ടായിരുന്നു. എന്നാല്‍ ആത്മഹത്യക്ക് ഭാര്യയെ അതെങ്ങനെ പ്രേരിപ്പിച്ചു? അല്ലെങ്കില്‍ നിര്‍ബന്ധിപ്പിച്ചു? അതിനുള്ള യാതൊരു തെളിവും സാക്ഷിക്ക് നല്‍കാന്‍ കഴിഞ്ഞിട്ടില്ല.
ആത്മഹത്യാക്കുറിപ്പ് സ്ത്രീ എഴുതി വച്ചിരുന്നു. അവിഹിത ബന്ധത്തിന്റെ പേരില്‍ ഭര്‍ത്താവിന് ഒരിക്കല്‍ അവര്‍ മാപ്പു നല്‍കിയിരുന്നതായും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കും ഈ കേസില്‍ ശിക്ഷ ലഭിച്ചിരുന്നു. അതും സുപ്രീം കോടതി റദ്ദാക്കി.