
നേരറിയാന്‍ സിബിഐ എന്നാണ് ചൊല്ല്. പക്ഷെ അന്വേഷണം വെറും വഴിപാടാക്കി സിബിഐ മാറ്റരുതെന്നാണ് കോടതിയുടെ പ്രതികരണം. അതിനുമുമ്പ് സിബിഐ അന്വേഷണത്തെക്കുറിച്ച് ഒരു പശ്ചാത്തലം ആവശ്യമാണ്. യാതൊരു സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാതെ സത്യസന്ധമായ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ പിടികൂടി വിശ്വാസത നിലനിര്‍ത്തിയിരുന്ന അന്വേഷണ ഏജന്‍സിയാണ് സിബിഐ. എന്നാല്‍ തുടര്‍ന്ന് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കും മറ്റും വിധേയമായി സിബിഐയുടെ സല്‍പ്പേര് നഷ്ടപ്പെടുത്തി.
1995-ല്‍ കോളിളക്കം സൃഷ്ടിച്ച ഹവാല കേസുകള്‍ സുപ്രീംകോടതി കൈകാര്യം ചെയ്തപ്പോള്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന എസ്.പി ബറൂച്ചയുടെ പ്രതികരണം ഇന്ത്യന്‍ ജനതയെ ഞെട്ടിച്ചു. 'ചീത്തപ്പേര് വേണ്ടുവോളം ഉണ്ടാക്കിക്കഴിഞ്ഞിരിക്കുന്ന അന്വേഷണ ഏജന്‍സിയാണ് സിബിഐ' എന്ന് അദ്ദേഹം ആക്രോശിച്ചു. രാഷ്ട്രീയ സ്വാധീനമുള്ള കോടീശ്വരനായ മധ്യപ്രദേശ് സ്വദേശി ജയിനിനെ ഹവാല കേസില്‍ സിബിഐ സംരക്ഷിച്ചു നിര്‍ത്തിയിരിക്കുകയാണെന്ന് സുപ്രീം കോടതി അതിനിശിതമായി വിമര്‍ശിച്ചു. രാഷ്ട്രീയ അധികാരത്തിന്റെ ഇടനാഴിയില്‍ സുപ്രീംകോടതിയുടെ ശബ്ദം പ്രതിധ്വനിച്ചു. തുടര്‍ന്നാണ് വിദേശത്തുള്ള ജയിനിനെ സിബിഐ ചോദ്യം ചെയ്യാന്‍ ഇന്ത്യയില്‍ എത്തിച്ചത്.
തുടര്‍ന്ന് സിബിഐ അന്വേഷണം കാര്യക്ഷമമായോ? എന്നിട്ടും സിബിഐ സംശയത്തിന്റെ നിഴലിലായി. പല കേസുകളിലും അന്വേഷണം സത്യസന്ധമായിരുന്നില്ല. അതിന്റെ ഏറ്റവും അടുത്ത ഉദാഹരണമാണ് കല്‍ക്കരിപ്പാടം കേസുകളിലും സിബിഐ സുപ്രീംകോടതിയുടെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായത്. സിബിഐ എന്നുവെച്ചാല്‍ സെന്‍ട്രല്‍ ബറിയല്‍ (ആൗൃശമഹ) ഇന്‍വെസ്റ്റിഗേഷന്‍ എന്ന് ജസ്റ്റിസ് ബറൂച്ച വിമര്‍ശിച്ചപ്പോള്‍, സിബിഐ 'കൂട്ടിലടക്കപ്പെട്ട തത്ത' എന്നാണ് രണ്ട് വര്‍ഷം മുമ്പ് ചീഫ് ജസ്റ്റിസ് ആയിരുന്ന ആര്‍.എം ലോധ വിമര്‍ശിച്ചത്. വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിയെങ്കിലും വലിയൊരു പരിധിവരെ മികച്ച അന്വേഷണം ഇപ്പോള്‍ സിബിഐ നടത്തുന്നുവെന്ന് വേണം കരുതാന്‍. അധികാരത്തിലിരിക്കുന്ന കക്ഷി രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്താന്‍ സിബിഐയെ ഉപായമാക്കുന്നു എന്ന ആരോപണവും ഉണ്ടായിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള പഴ്‌സണല്‍ വകുപ്പിലാണ് സിബിഐ. പ്രധാനമന്ത്രിയുടെ തൊട്ടുതാഴെ സഹമന്ത്രിയുണ്ടെങ്കിലും പ്രധാന കേസുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണെന്നുള്ളത് പകല്‍വെളിച്ചം പോലെ സത്യമാണ്.
കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച അഭയക്കേസ് ആത്മഹത്യയാക്കി സിബിഐ ആദ്യം എഴുതിത്തള്ളാന്‍ ശ്രമിച്ചപ്പോള്‍ അന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആയിരുന്ന കെ.കെ ഉത്തരനാണ്. അതിനുശേഷം കൊലപാതകമാണെന്ന് തുടര്‍ അന്വേഷണത്തില്‍ സിബിഐ പറഞ്ഞു. പക്ഷേ പ്രതികളെ പിടികൂടാന്‍ കഴിയുന്നില്ല. തുടര്‍ അന്വേഷണത്തില്‍ കോടതി വീണ്ടും ഉത്തരവിട്ടു. അങ്ങനെ പി.ഡി.ശാരങ്ധരന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആയിരുന്നപ്പോള്‍ നല്‍കിയ വിധിയെ തുടര്‍ന്നാണ് 1999-ല്‍ മൂന്നുപ്രതികളെ കൊലക്കേസില്‍ സിബിഐ അറസ്റ്റുചെയ്തത്. കേസിന്റെ വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല.
കഴിഞ്ഞാഴ്ച തിരുവനന്തപുരം സിബിഐ കോടതിയില്‍ നിന്നുണ്ടായ ഒരു പ്രധാന ഉത്തരവാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടത്.
ലതാനായര്‍ മുഖ്യപ്രതിയായ കോളിളക്കം സൃഷ്ടിച്ച കിളിരൂര്‍ ലൈംഗിക പീഡന കേസിനോടനുബന്ധിച്ച കവിയൂര്‍ കേസാണ് (സപ്തംബര്‍, 2004) സിബിഐ കോടതിയുടെ കടുത്ത വിമര്‍ശനത്തിന് വിധേയമായത്.
കവിയൂരിലെ പൂജാരിയായ നാരായണന്‍ നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്തതാണ് ആദ്യം പോലീസും പിന്നീട് സിബിഐയും അന്വേഷിച്ചത്. നമ്പൂതിരി തൂങ്ങിമരിച്ച നിലയിലായിരുന്നു. ഭാര്യ ശോഭന, മൂത്ത മകള്‍ അനഘ (16), മറ്റൊരു മകളായ അഖില (7), മകന്‍ അക്ഷയ് (5) എന്നിവര്‍ വിഷം കഴിച്ചു മരിച്ച നിലയിലായിരുന്നു.
കിളിരൂര്‍ പെണ്‍വാണിഭത്തില്‍ കുപ്രസിദ്ധി നേടിയ ലതാ നായരുടെ പ്രേരണയാല്‍ ഇവര്‍ ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. ലതാ നായര്‍ തങ്ങളെ സാമ്പത്തികമായി വഞ്ചിച്ചുവെന്നും കുടുംബത്തിന്റെ പേര് ചീത്തയാക്കിയെന്നും വ്യക്തമാക്കിക്കൊണ്ടുള്ള ആത്മഹത്യാക്കുറിപ്പുകള്‍ നാരായണന്‍ നമ്പൂതിരിയും അനഘയും എഴുതിയിരുന്നത് പോലീസ് കണ്ടെടുത്തിരുന്നു. പോലീസ് അന്വേഷിച്ച കേസാണ് സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം സിബിഐ അന്വേഷിച്ചത്. കിളിരൂരില്‍ ശാരി എന്നയുവതിയുടെ നിരവധി പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത കേസില്‍ മുഖ്യപ്രതിയാണ് ലതാനായര്‍. നാരായണന്‍ നമ്പൂതിരിയുടെ മകള്‍ അനഘ പലപ്പോഴും ലതാ നായരുടെ കൂടെ നഗരത്തില്‍ പലയിടങ്ങളില്‍ പോയിട്ടുണ്ടെന്നും മറ്റും സാക്ഷിമൊഴികളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. പോലീസ് കേസ് ഉണ്ടായപ്പോള്‍ ലതാ നായര്‍ നാരായണന്‍ നമ്പൂതിരിയുടെ വീട്ടില്‍ ഒളിവില്‍ താമസിച്ചിരുന്നു.
കവിയൂര്‍ കേസില്‍ കുറ്റപത്രം നല്‍കിയപ്പോള്‍ ചില പ്രധാനകാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തുടര്‍ അന്വേഷണത്തിന് നാരായണന്‍ നമ്പൂതിരിയുടെ സഹോദരന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ക്രൈം മാസിക എഡിറ്റര്‍ ടി.പി നന്ദകുമാറും കോടതിയെ സമീപിച്ചു. കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളും അവരുമായി ബന്ധപ്പെട്ടവരും അനഘയെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് ടി.പി നന്ദകുമാറിന്റെ ആരോപണം. ഈ ഉന്നതരെ സംരക്ഷിച്ചുകൊണ്ട് അവരെ സിബിഐ പ്രതിപ്പട്ടികയില്‍ ചേര്‍ത്തില്ലെന്നാണ് നന്ദകുമാറിന്റെ ആരോപണം. ഇക്കാര്യം അന്വേഷിക്കാനാണ് സിബിഐ കോടതി ക്രിമിനല്‍ നടപടി ക്രമപ്രകാരമുള്ള തുടര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
ആരോപണത്തെക്കുറിച്ച് അന്വേഷിച്ചുവെങ്കിലും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി 2011 ഫിബ്രവരിയില്‍ സിബിഐ തുടര്‍ അന്വേഷണറിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ അത് പരിശോധിച്ചുകൊണ്ട് അന്വേഷണ നടപടികളില്‍ കോടതി തൃപ്തി രേഖപ്പെടുത്തിയില്ല. തുടര്‍ അന്വേഷണത്തിന് വീണ്ടും കോടതി ഉത്തരവിട്ടു. 2012 ജൂലായില്‍ അത് തന്നെ ആവര്‍ത്തിച്ച് സിബിഐ റിപ്പോര്‍ട്ട് നല്‍കി. അത് തള്ളിക്കൊണ്ട് തുടര്‍ അന്വേഷണം നടത്താന്‍ കോടതി വീണ്ടും ഉത്തരവ് നല്‍കി. മൂന്നാമത്തെ റിപ്പോര്‍ട്ടും തള്ളിക്കൊണ്ട് തുടര്‍ അന്വേഷണത്തിനുള്ള കോടതി ഉത്തരവ് ഇക്കഴിഞ്ഞ 13ന് ഉണ്ടായി. ഇനി നാലാം പ്രാവശ്യവും തുടര്‍ അന്വേഷണം സിബിഐ നടത്തേണ്ടിയിരിക്കുന്നു.
കുപ്രസിദ്ധയായ ലതാ നായര്‍ പലപ്പോഴും അനഘയെ വീട്ടില്‍ നിന്ന് കൊണ്ടുപോയിട്ടുണ്ട്. അതിനാല്‍ അനഘയുമായി മറ്റാര്‍ക്കെങ്കിലും ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ടോ എന്ന് സിബിഐ ആഴത്തില്‍ അന്വേഷിക്കാനായിരുന്നു കോടതി ഉത്തരവ്. അതിന് ബലം നല്‍കുന്ന കാരണമുണ്ട്. അനഘയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയിരുന്നപ്പോള്‍ അനഘ ലൈംഗിക പീഡനത്തിന് വിധേയമായതിന് തെളിവുണ്ടെന്ന് ഡോക്ടര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അനഘയുടെ ഗുഹ്യഭാഗത്ത് പുരുഷബീജം ഡോക്ടര്‍ കണ്ടിരുന്നു.
ഇതേക്കുറിച്ച് സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ കാര്യക്ഷമവും സത്യസന്ധവുമായ അന്വേഷണം നടത്തിയിട്ടില്ലെന്ന് കോടതി പറഞ്ഞു. 'അന്വേഷണം അപൂര്‍ണമാണ്. യുക്തിക്ക് നിരക്കാത്ത രീതിയിലാണ് അനുമാനങ്ങള്‍ നല്‍കുന്നത്. സാഹചര്യത്തെളിവുകള്‍ പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ അതിലെ കണ്ണികള്‍ അറ്റുപോയിരിക്കുന്നു. വിശ്വാസയോഗ്യമായ അന്വേഷണം നടത്തിയിട്ടില്ലാത്തതിനാല്‍ വീണ്ടും അന്വേഷിക്കണം' എന്നാണ് കോടതി ഉത്തരവിട്ടത്.
അനഘയെ ലൈംഗികമായി പീഡിപ്പിച്ചത് അച്ഛനായ നാരായണന്‍ നമ്പൂതിരിയാണെന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരമാണ് സിബിഐ നല്‍കുന്നത്. ഇത് കോടതി തള്ളിക്കളയുകയും ചെയ്തു.
കേസ് അന്വേഷണ ഉദ്യോഗസ്ഥന് ചില മുന്‍വിധികള്‍ ഉണ്ടായിരുന്നു. മറ്റാരെങ്കിലും അനഘയെ പീഡിപ്പിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ച് ആഴത്തിലുള്ള അന്വേഷണം നടത്താന്‍ അദ്ദേഹം തയാറായിട്ടില്ല. ലതാ നായരെ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ അവര്‍ അനഘയെ കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ വിശ്വസിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇത് നീതിക്ക് നിരക്കാത്തതാണ്. സ്വതന്ത്രമായ അന്വേഷണം എന്തുകൊണ്ട് നടത്തിയില്ല? കോടതി ചോദിച്ചു.
മര്‍ക്കടമുഷ്ടിയോടെ മുമ്പ് പറഞ്ഞ കാര്യങ്ങള്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. കാര്യക്ഷമമായ അന്വേഷണം ഏതെങ്കിലും രീതിയില്‍ നടത്തിയതിന് തെളിവില്ലാത്തതിനാല്‍ അതൊരു വഴിപാട് ആയിട്ടേ കാണാനാകൂ എന്ന് കോടതി പറഞ്ഞു. അര്‍ത്ഥവത്തായ അന്വേഷണം നടത്തണമെന്ന് വീണ്ടും ഉത്തരവിടുകയും ചെയ്തു.
ഇവിടെ ഉയരുന്ന ചോദ്യം ഇതാണ്. തുടര്‍ അന്വേഷണം പ്രഹസനം ആണെന്ന് ബോധ്യമായിട്ടും കോടതിക്ക് ഒന്നുചെയ്യാന്‍ കഴിയില്ലേ? തുടര്‍ അന്വേഷണം അന്ധമായി നീണ്ടുപോയിട്ട് എന്തു കാര്യം? മുമ്പ് പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ച് പുതിയ തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കിയാല്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ എന്തു നടപടി സ്വീകരിക്കാന്‍ കോടതിക്ക് കഴിയും?
കോടതിക്ക് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ കഴിഞ്ഞേക്കും. അതില്‍ക്കവിഞ്ഞ് ഒന്നും ചെയ്യാന്‍ കഴിഞ്ഞെന്ന് വരില്ല. കാരണം നിയമത്തില്‍ അതിനുള്ള വ്യവസ്ഥ ഇല്ല എന്നതാണ് നിര്‍ഭാഗ്യകരമായ അവസ്ഥ. ധിക്കാരിയായ ഒരു ഉദ്യോഗസ്ഥന് ഈ സ്ഥിതിവിശേഷം മുതലെടക്കാന്‍ കഴിഞ്ഞേക്കും.
ഈ സ്ഥിതി, അതായത് കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്നത്, ഹൈക്കോടതിയെ അറിയിക്കാന്‍ സിബിഐ കോടതി ജഡ്ജിക്ക് കഴിയില്ലേ? കഴിഞ്ഞേക്കും. ഇത്തരത്തിലൊരു കേസ് മുമ്പ് ഉണ്ടായിട്ടില്ലെങ്കിലും ഹൈക്കോടതിയുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്താല്‍ കഴിയുമെന്ന് നിയമവിദഗ്ധര്‍ പറയുന്നു. അങ്ങനെ വന്നാല്‍ ഹൈക്കോടതിയുടെ തീരുമാനം ഉണ്ടാകും.
തുടരന്വേഷണം അനന്തമായി നീളുന്നത് കേസിന്റെ വിചാരണയെയും പ്രതികൂലമായി ബാധിക്കാം. അല്ലെങ്കില്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്കോ ടി.പി നന്ദകുമാറിനോ ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാം. അതായത് കാര്യക്ഷമമായ അന്വേഷണം നടത്താതെ കോടതിയെ കബളിപ്പിക്കാന്‍ സിബിഐ ശ്രമിക്കുന്നുവെന്ന് ആരോപിക്കാം. അപ്പോള്‍ ഇരുഭാഗങ്ങളുടെയും വാദം കേട്ട് പ്രതിസന്ധി പരിഹരിക്കാനുള്ള നടപടിയെടുക്കാന്‍ ഹൈക്കോടതിക്ക് കഴിയും.
ക്രിമിനല്‍ നടപടിക്രമം പ്രകാരമാണ് തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവിടുന്നത്. എന്നാല്‍ അതില്‍ സമയപരിധി ഏര്‍പ്പെടുത്തിയിട്ടില്ല. സമയപരിധി കോടതിക്ക് നിശ്ചയിക്കാമെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഏതായാലും ഇങ്ങനെയുള്ള സ്ഥിതിവിശേഷത്തിന് ഒരു അറുതി ഉണ്ടായേ തീരൂ. അല്ലെങ്കില്‍ ഈ കേസുപോലെ പലതും നീളും.
നിയമത്തില്‍ ഭേദഗതി വരുത്താന്‍ നമ്മുടെ ജനപ്രതിനിധികളും തയാറാകണം. അല്ലെങ്കില്‍ അതിന് ഹൈക്കോടതിക്കോ സുപ്രീംകോടതിക്കോ ഉത്തരവ് നല്‍കാവുന്നതാണ്. ഇല്ലെങ്കില്‍ തുടരന്വേഷണങ്ങള്‍ അനന്തമായി നീളുക തന്നെ ചെയ്യും.