
ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീക്ക് കോടതിയില്‍ നിന്നും കിട്ടുന്ന ജീവനാംശം അന്തസ്സോടെ ജീവിക്കാനുള്ള തുകയായിരിക്കണം. ഒരു സുപ്രധാന വിധിയിലൂടെ നമ്മെ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത് സുപ്രീം കോടതിയാണ്.
ഇതുവരെ വളരെ തുച്ഛമായ തുക ജീവനാംശമായി നല്‍കി വരുന്ന സ്ഥിതി ഇതോടെ മാറും. കാരണം സാന്ത്വന സ്പര്‍ശത്തോടെയാണ് വിപ്ലവകരമായ ഈ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. തുച്ഛമായ തുക ജീവനാംശമായി നല്‍കുന്നത് ഇഴഞ്ഞു ജീവിക്കാനുള്ള സ്ഥിതിയിലേക്ക് സ്ത്രീയെ തള്ളിവിടുമെന്ന് കോടതി പറഞ്ഞു. അതുകൊണ്ട് അന്തസ്സോടെ ജീവിക്കാന്‍ സാധ്യമാക്കുന്ന തുക ജീവനാംശമായി നല്‍കിയേ തീരൂ. കോടതി വ്യക്തമാക്കി.
കരസേനയില്‍ ഉദ്യോഗസ്ഥനായ തന്റെ മുന്‍ ഭര്‍ത്താവിനെതിരെ ഷമീമ ഫറൂക്കി ലഖ്‌നോ കുടുംബകോടതിയില്‍ ഒരു ഹരജി നല്‍കിയിരുന്നു. ഷമീമയുടെ ദയനീയ സ്ഥിതി പരിഗണിച്ചുകൊണ്ട് അവര്‍ക്ക് പ്രതിമാസം 4000 രൂപ ജീവനാംശം നല്‍കാന്‍ കുടുംബകോടതി വിധിച്ചു. മുന്‍ ഭര്‍ത്താവിന് അന്ന് പ്രതിമാസം 17654 രൂപ വരുമാനം ഉണ്ടായിരുന്നു.
എന്നാല്‍ അദ്ദേഹം അപ്പീല്‍ പോയി. അപ്പീല്‍ അനുവദിച്ചുകൊണ്ടും അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചത് കണക്കിലെടുത്തും ജീവനാംശം പ്രതിമാസം 2000 രൂപ മതിയാകുമെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. ഇതിന് എതിരെയാണ് ഷമീമ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി, കുടുംബകോടതി പുറപ്പെടുവിച്ചിരുന്ന വിധി പുനഃസ്ഥാപിച്ചു.
ഹര്‍ജിക്കാരിയുടെ മുന്‍ ഭര്‍ത്താവ് കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചുഎന്ന കാരണം കൊണ്ട് മാത്രം ജീവനാംശതുക വെട്ടിക്കുറച്ച ഹൈക്കോടതി വിധി ന്യായീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. (വിരമിച്ച വ്യക്തിക്ക് കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നുണ്ട്). ന്യായമായ യാതൊരു കാരണവും ഉന്നയിക്കാതെയാണ് തുക കുറച്ചുകൊണ്ട് ഹൈക്കോടതി വിധിച്ചതെന്ന് കോടതി അഭിപ്രായപ്പെട്ടു. ജീവിത ചെലവുകള്‍ വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ പ്രതിമാസം 2000 രൂപ കൊണ്ട് ഒരു സ്ത്രീക്ക് എങ്ങനെ ജീവിക്കാന്‍ കഴിയും? കോടതി ചോദിച്ചു.
ക്രിമിനല്‍ നടപടിക്രമത്തിലെ 125-ാം വകുപ്പ് പ്രകാരമാണ് ഉപേക്ഷിക്കപ്പെട്ട സ്ത്രീക്ക്, പുനര്‍വിവാഹം വരെ ജീവനാംശം നല്‍കാന്‍ വ്യവസ്ഥയുള്ളത്. ഉപേക്ഷിക്കപ്പെട്ട ഒരു സ്ത്രീയുടെ മനോവേദനയും ഉല്‍ക്കണ്ഠയും അകറ്റി അല്‍പ്പമെങ്കിലും ആശ്വാസം പകരാനും സാന്ത്വനിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് ക്രിമിനല്‍ നടപടിക്രമത്തിലെ 125-ാം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
'കുട്ടികള്‍ കൂടെയുള്ളപ്പോള്‍ ഇങ്ങനെയുള്ള സ്ത്രീ എന്തു ചെയ്യും? സാമ്പത്തികമായി ഞെരുങ്ങുകതന്നെ ചെയ്യും. ഉപേക്ഷിക്കപ്പെട്ട സ്ത്രീയുടെ മാനസികാവസ്ഥ കൂടി കണക്കിലെടുക്കണം. വലിച്ചെറിയപ്പെട്ട സ്ഥിതിയായിരിക്കും. അങ്ങനെയുള്ള ഒരുവള്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ന്യായമായ ഒരു തുക തന്നെ ലഭിക്കണം. അന്തസ്സായിതന്നെ ആ സ്ത്രീ ജീവിക്കണം. അതിന് നിയമപരമായ ബാധ്യതയാണ് മുന്‍ ഭര്‍ത്താവിനുള്ളതെന്നും സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചു. ആരോഗ്യപരമായോ അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും തരത്തിലോ ശാരീരിക വൈകല്യങ്ങള്‍ ഇല്ലാത്ത ഒരു വ്യക്തിയാണെങ്കില്‍ ഉപേക്ഷിക്കപ്പെട്ട ഭാര്യക്ക് ന്യായമായ ജീവനാംശം നല്‍കിയേപറ്റൂ എന്ന് കോടതി പറഞ്ഞു.
നീതിന്യായ കോടതികള്‍ പരിരക്ഷിക്കണ്ടേ സാമൂഹിക നീതിയുടെ ഭാഗമാണിത്. തനിക്ക് സാമ്പത്തിക പരാധീനതകള്‍ ഉണ്ടെന്ന് പറഞ്ഞ് അത് മറയാക്കി ജീവനാംശത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ മുന്‍ ഭര്‍ത്താവിനെ അനുവദിച്ചുകൂടാ. കുടുംബകോടതി ജഡ്ജി ന്യായമായി കാര്യങ്ങള്‍ ചെയ്തു. പക്ഷെ ഹൈക്കോടതി യാഥാര്‍ത്ഥ്യങ്ങളും അവഗണിച്ചുകൊണ്ട് നേരെ വിപരീതനടപടികളാണ് സ്വീകരിച്ചതെന്ന് സുപ്രീംകോടതി പറഞ്ഞു. 'തുക കുറച്ച ഹൈക്കോടതി ഉത്തരവ് ഒരു വിധത്തിലും ന്യായീകരിക്കാന്‍ കഴിയില്ല.'
1998 ലാണ് ഷമീമ കുടുംബകോടതിയില്‍ ഹരജി നല്‍കിയത്. നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്കുശേഷം 2012 ലാണ് കുടുംബകോടതി വിധിച്ചത്. ഈ കാലതാമസം പൊറുക്കാന്‍ കഴിയാത്തതാണെന്നും സുപ്രീം കോടതി പറഞ്ഞു. കുടുംബകോടതി ജഡ്ജി ധൃതി പിടിച്ച് കേസ് തീര്‍പ്പാക്കണമെന്നല്ല ഉദ്ദേശിക്കുന്നത്. പക്ഷെ തീരുമാനം എടുക്കാന്‍ നീണ്ട കാലതാമസം വരുത്തരുത്. ഇവിടെ പതിനാല് വര്‍ഷങ്ങള്‍ വേണ്ടി വന്നു. വളരെ അസ്വസ്ഥത ഉളവാക്കുന്നതാണ് ഈ കാലതാമസം. ജീവനാംശത്തിനായി ഒരു ഹര്‍ജി കോടതിയില്‍ എത്തിയാല്‍ എത്രയും വേഗം അതില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ടതാണ്. കുടുംബകോടതികള്‍ ഇത്തരം ഹരജികള്‍ വേണ്ടത്ര പരിഗണന നല്‍കി വേഗത്തില്‍ കേള്‍ക്കണം.അല്ലാതെ നിഷ്‌ക്രിയമായ രീതിയില്‍ കേസിനെ സമീപിക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
മാനുഷിക മൂല്യങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കി കുടുംബകോടതി ജഡ്ജിമാര്‍ സമീപനത്തില്‍ കാതലായ മാറ്റം വരുത്തണം. ഈ മനസ്ഥിതിക്ക് കളമൊരുക്കാന്‍ ന്യായാധിപന്‍മാര്‍ കാലത്തിനൊത്ത് മുന്നേറണം. അതിന് അവര്‍ക്കു പരിശീലനം നല്‍കുന്ന ജുഡീഷ്യല്‍ അക്കാദമികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് പി.സി.പാന്തും ഉള്‍പ്പെട്ട സുപ്രീംകോടതിയുടെ ഡിവിഷന്‍ ബഞ്ച് നിര്‍ദേശിക്കുകയും ചെയ്തു.