
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളും ബൈക്കും കത്തിച്ചു
Posted on: 28 Jul 2015

കാട്ടാക്കട: വീടിനുമുന്നില്‍ ഒതുക്കിയിരുന്ന നാല് കാറുകളും ബൈക്കും അജ്ഞാതര്‍ കത്തിച്ചു . അഗ്‌നിശമനസേനയുടെ രണ്ടു യൂണിറ്റുകള്‍ എത്തി ഒന്നരമണിക്കൂര്‍ കൊണ്ടാണ് തീ കെടുത്തിയത്. വാഹനങ്ങള്‍ക്കൊപ്പം വീടിന്റെ ജനാലകളും പൂമുഖത്തിട്ടിരുന്ന ഫര്‍ണിച്ചറും കത്തിപ്പോയി.
കാട്ടാക്കടക്കടുത്ത് പൂഞ്ഞാംകോട്ട് തിങ്കളാഴ്ച പുലര്‍ച്ചെ 2.15 ഓടെയായിരുന്നു സംഭവം. പൂഞ്ഞാംകോട് വിപിന്‍ ഭവനില്‍ പാസ്റ്റര്‍ രാധാകൃഷ്ണന്റെ വാഹനങ്ങളും വീടുമാണ് കത്തി നശിച്ചത്. പുലര്‍ച്ചെ പ്രാര്‍ത്ഥനക്കായി ഉണര്‍ന്ന വീട്ടമ്മ രാധാമണിയാണ് വീടിനു പുറത്ത് തീയും പുകയും കണ്ടത്. പരിഭ്രമിച്ച് വാതില്‍ തുറക്കുമ്പോള്‍ ഇരുട്ടില്‍ രണ്ടുപേര്‍ മതില്‍ ചാടി ഓടുന്നതും കണ്ടു.
തുടര്‍ന്ന് ഭര്‍ത്താവിനെയും മകന്‍ വിപിനേയും വിളിച്ചുണര്‍ത്തി. അഗ്‌നിശമനസേനയെയും അറിയിച്ചു. ഇതിനിടെ തീ ആളി പ്പടര്‍ന്നു. അരമണിക്കൂറിനുള്ളില്‍ സ്ഥലത്ത് എത്തിയ കാട്ടാക്കടയിലെ അഗ്‌നിശമനസേന നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു യൂണിറ്റിനെക്കൂടെ വരുത്തി ഏറെ പണിപ്പെട്ടാണ് തീ വീട്ടിലേക്കു കടക്കാതെ നിയന്ത്രണ വിധേയമാക്കിയത്. അപ്പോഴേക്കും വാഹനങ്ങള്‍ ഏറെക്കുറെ കത്തിപ്പോയിരുന്നു. ഇരുനില വീട്ടില്‍ കാര്‍ പോര്‍ച്ചിനോട് ചേര്‍ന്ന ഇരുനിലകളിലെയും മുറികളിലെ ഉപകരണങ്ങളാണ് കൂടുതലും തീകത്തിനശിച്ചത്. വീടിന്റെ മുന്‍വശത്തെ ജന്നാലകളുടെ കണ്ണാടികളും പൂമുഖത്തിട്ടിരുന്ന കുറെയേറെ ഫര്‍ണിച്ചറും വൈദ്യുതി
വയറിങ്ങുകളും കത്തിയിട്ടുണ്ട്. കാട്ടാക്കട പോലീസും, വിരലടയാള ബ സയന്റിഫിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. നാല് കാറുകളില്‍ മൂന്നെണ്ണം വീട്ടുകാരായ മൂന്നുപേരുടെ പേരില്‍ ഉള്ളതാണ്. മറ്റൊരെണ്ണം വിപിന്‍ വില്‍ക്കാനായി വാങ്ങി ഇട്ടിരുന്നതാണ്. ബൈക്കും വീട്ടുകാരുടെതാണെന്നും പോലീസ് പറഞ്ഞു. പത്തനാപുരത്ത് പെന്തക്കോസ്തു സഭയില്‍ പ്രചാരകനാണ് രാധാകൃഷ്ണന്‍. ?അന്വേഷണം ആരംഭിച്ചതായി കാട്ടാക്കട പോലീസ് പറഞ്ഞു. കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ. യും ജനപ്രതിനിധികളും വീട് സന്ദര്‍ശിച്ചു.
