Crime News

ആറുമാസമായി സഹോദരിയുടെ മൃതദേഹത്തിനൊപ്പം ജീവിച്ചയാള്‍ പോലീസ് പിടിയില്‍

Posted on: 12 Jun 2015



കൊല്‍ക്കത്ത: അച്ഛന്റെ അസ്വാഭാവികമരണം അന്വേഷിക്കാനെത്തിയ പോലീസ് കണ്ടത് ആറുമാസംമുമ്പ് മരിച്ച സഹോദരിക്കും ചത്തുപോയ വളര്‍ത്തുനായയ്ക്കുമൊപ്പം കഴിയുന്ന മകനെ. അസ്ഥികൂടങ്ങളായി മാറിയ മൃതദേഹങ്ങള്‍ക്ക് അയാള്‍ ഇപ്പോഴും ഭക്ഷണം നല്‍കുന്നുണ്ടെന്നും അവര്‍ മനസ്സിലാക്കി.

തെക്കന്‍ കൊല്‍ക്കത്തയിലെ ഷേക്‌സ്പിയര്‍ സരണിയിലുള്ള വീടിന് തീപിടിച്ചെന്ന വാര്‍ത്ത കേട്ടാണ് ബുധനാഴ്ച പോലീസെത്തിയത്. വീട്ടുടമ അരവിന്ദ ഡേയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി.

അത് പോസ്റ്റുമോര്‍ട്ടത്തിനയച്ചേശേഷം രണ്ട് പോലീസുകാര്‍ വീടിന് കാവലുണ്ടായിരുന്നു. അരവിന്ദയുടെ നാല്‍പ്പത്തിനാലുകാരനായ മകന്‍ പാര്‍ഥയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയാണ് പോലീസുകാര്‍ അയാളെ ചോദ്യം ചെയ്തത്. അപ്പോഴാണ് ആറുമാസം മുമ്പ് മരിച്ച സഹോദരി ദേവ്ജാനിയുടെയും വളര്‍ത്തുനായയുടെയും മൃതദേഹങ്ങള്‍ പാര്‍ഥ കാട്ടിക്കൊടുത്തത്. വളര്‍ത്തുനായ ചത്തതിന്റെ ദുഃഖം താങ്ങാനാവാതെ ഭക്ഷണം കഴിക്കല്‍ നിര്‍ത്തി ദേവ്ജാനി മരണംവരിക്കുകയായിരുന്നുവെന്നാണ് പാര്‍ഥയുടെ മൊഴി. കൂടുതല്‍ ചോദ്യംചെയ്യാനായി ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പാര്‍ഥയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. അതിനാലാണ് സഹോദരിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ചതെന്ന് പോലീസ് കരുതുന്നു. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. അരവിന്ദയുമായി പാര്‍ഥ നിരന്തരം വഴക്കിലായിരുന്നെന്നും പോലീസ് പറയുന്നു.

 

 




MathrubhumiMatrimonial