Crime News

കാട്ടുപോത്തിനെ വെടിവെച്ചുകൊന്ന കേസ്: കസ്റ്റഡിയിലുള്ളത് വ്യാജത്തോക്ക്‌

Posted on: 27 Apr 2015


റേഞ്ച് ഓഫീസര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ


മാങ്കുളം:
മൂന്നാറില്‍ രണ്ട് പോലീസുകാരുള്‍പ്പെട്ടസംഘം കാട്ടുപോത്തിനെ വെടിവെച്ചുകൊന്നകേസില്‍ വനം വകുപ്പ് കസ്റ്റഡിയിലെടുത്തതോക്ക് വ്യാജമാണെന്ന് തെളിഞ്ഞു. കോതമംഗലം വനം വിജിലന്‍സ്വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇതുകണ്ടെത്തിയത്. സംഭവത്തില്‍ ദേവികുളം റേഞ്ച് ഓഫീസര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് വിജിലന്‍സ് സി.സി.എഫിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്.

നാലുമാസംമുമ്പാണ് കാട്ടുപോത്തിനെ വെടിവെച്ചുകൊന്നത്. മൂന്നാര്‍ വനം വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ജീപ്പില്‍നിന്ന് കാട്ടുപോത്തിന്റെ ഇറച്ചി കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ ദേവികുളം സ്റ്റേഷനിലെ രണ്ടുപോലീസുകാരുള്‍പ്പെട്ട ആറംഗസംഘം കാട്ടുപോത്തിനെ വെടിവെച്ചതാണെന്ന് തെളിഞ്ഞു. ദേവികുളം വനം റേഞ്ച് ഓഫീസ് രജിസ്റ്റര്‍ചെയ്തകേസില്‍ ആദ്യം രണ്ടുപ്രതികളെ അറസ്റ്റ്‌ചെയ്തു. ഒരാഴ്ചകഴിഞ്ഞാണ് തോക്ക് കസ്റ്റഡിയിലെടുക്കുന്നത്. നാടന്‍തോക്കാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒറ്റവെടിക്കാണ് കാട്ടുപോത്ത് ചത്തതെന്നുകണ്ടെത്തിയിരുന്നു. ഏറ്റവുംനൂതനമായ റിവോള്‍വറുപയോഗിച്ചാണ് കാട്ടുപോത്തിനെ വെടിവച്ചതെന്ന് കോതമംഗലം വനം വിജിലന്‍സിന്റെ അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍നിന്ന് പ്രതികളെരക്ഷിക്കാന്‍ യഥാര്‍ഥറിവോള്‍വര്‍ വനം ഉദ്വോഗസ്ഥര്‍ മറച്ചുെവക്കുകയായിരുന്നു. പകരം നാടന്‍തോക്ക് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. കേസ് ദുര്‍ബലമാക്കുന്നതിനുവേണ്ടിയാണ് വനം ഉദ്വോഗസ്ഥര്‍ ശ്രമിച്ചതെന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് അന്വേഷണത്തില്‍നിന്ന് േേറഞ്ചാഫീസറെ മാറ്റിനിര്‍ത്തണമെന്നും ശുപാര്‍ശചെയ്തിട്ടുണ്ട്. കോതമംഗലം വിജിലന്‍സ് ഡിവിഷന് ലഭിച്ച പരാതിയെത്തുടര്‍ന്നാണ് അന്വേഷണം നടത്തിയത്.

പ്രതിപ്പട്ടികയിലുള്ള രണ്ടുപോലീസുകാര്‍ ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ജാമ്യം വാങ്ങി കീഴടങ്ങി. ബാക്കിരണ്ടുപേരെയും പിടികൂടി. എല്ലാവരും ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്.

 

 




MathrubhumiMatrimonial