Crime News

നിഷാമിനു കുറ്റപത്രം, കൊലയ്ക്കു കാരണം മുന്‍വൈരാഗ്യം

Posted on: 05 Apr 2015


തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ വ്യവസായി മുഹമ്മദ് നിഷാമിനെതിരെ കുന്നംകുളം ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പുഴയ്ക്കല്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ നിഷാം കൊന്നത് മുന്‍വൈരാഗ്യം കാരണമാണെന്ന് ആയിരത്തിയഞ്ഞൂറോളം പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്‍ പേരാമംഗലം സി.ഐ. ബിജുകുമാറിന്റെ നേതൃത്വത്തിലാണ് ശനിയാഴ്ച 11 മണിയോടെ കോടതി അധികൃതര്‍ക്ക് കുറ്റപത്രം കൈമാറിയത്. റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന ചൊവ്വാഴ്ച നിഷാമിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ കുറ്റപത്രത്തിന്റെ പകര്‍പ്പു നല്കും.

ചന്ദ്രബോസിന്റെ ഭാര്യയുടെയും സഹപ്രവര്‍ത്തകരുടെയും സാക്ഷിമൊഴികളാണ് മുന്‍വൈരാഗ്യത്തെ സാധൂകരിക്കാന്‍ കുറ്റപത്രത്തില്‍ പറയുന്നത്. അസമയത്തുള്ള നിഷാമിന്റെ വരവിനെ ചന്ദ്രബോസ് പലപ്പോഴും ചോദ്യം ചെയ്തിരുന്നുവെന്നും ഇതേച്ചൊല്ലി നിഷാം പലപ്പോഴും ചന്ദ്രബോസിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും സാക്ഷികള്‍ പറഞ്ഞിട്ടുണ്ട്. ആക്രമണദിവസവും സമാന സംഭവമാണുണ്ടായത്.

മൂന്നുഭാഗങ്ങളാക്കി തിരിച്ചാണ് കുറ്റപത്രത്തില്‍ സംഭവം വിശദീകരിച്ചിരിക്കുന്നത്. എം.ജി.റോഡില്‍നിന്നും ശോഭാസിറ്റിവരെയുള്ള നിഷാമിന്റെ യാത്രയും സെക്യൂരിറ്റി ജീവനക്കാരുമായുണ്ടായ അടിപിടിയുമാണ് ആദ്യഭാഗത്തുള്ളത്. കാറുകൊണ്ട് ചന്ദ്രബോസിനെ ഇടിച്ചിടുന്നതും കാറിലേയ്ക്കു വലിച്ചുകയറ്റുന്നതും അടുത്തഘട്ടം. ശോഭാ സിറ്റിക്കുള്ളിലെ കാര്‍പോര്‍ച്ചിലെ മര്‍ദ്ദനമാണ് മൂന്നാംഭാഗത്തു വിവരിക്കുന്നത്. കേസിലെ പതിനൊന്നാമത്തെ സാക്ഷി പ്രതി നിഷാമിന്റെ ഭാര്യ അമലും പന്ത്രണ്ടാം സാക്ഷി കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ ഭാര്യ ജമന്തിയുമാണ്.

കേസില്‍ പ്രോസിക്യൂഷന്റെ എറ്റവും വലിയ ബലമായ ദൃക്‌സാക്ഷിവിവരങ്ങള്‍ തന്നെയാണ് കുറ്റപത്രത്തില്‍ ആദ്യം ചേര്‍ത്തിരിക്കുന്നത്. സംഭവം പൂര്‍ണ്ണമായോ ഭാഗികമായോ നേരിട്ടുകണ്ടവരുടെ മൊഴികളാണ് ആദ്യം. ഇത്തരത്തില്‍ 12 പേരുടെ 164-ാം വകുപ്പുപ്രകാരമുള്ള രഹസ്യമൊഴികള്‍ കുറ്റപത്രത്തിലുണ്ട്. കൂടെ ജോലിചെയ്തിരുന്ന സെക്യൂരിറ്റി ജീവനക്കാര്‍, ശോഭാസിറ്റിയിലെ താമസക്കാര്‍ എന്നിവരുടെയെല്ലാം മൊഴികളാണിവ. ചന്ദ്രബോസിനെ ചികിത്സിച്ച ഡോക്ടര്‍മാരുടെയും ഇടിക്കാനുപയോഗിച്ച വാഹനത്തിന്റെ ഉടമയുടെയും മൊഴികളും നിരവധി ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തില്‍ നിരത്തിയിരിക്കുന്നു.

കമ്മീഷണര്‍ ആര്‍. നിശാന്തിനിയുടെയും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനുവിന്റെയും നേതൃത്വത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. അഡ്വ. റോബ്‌സണ്‍ പോള്‍, അഡ്വ. ഋത്വിക്, അഡ്വ. ടി.എസ്. രാജന്‍, അഡ്വ. സലിന്‍ നാരായണന്‍ എന്നിവരും കുറ്റപത്രം സമര്‍പ്പിക്കാന്‍ എത്തിയിരുന്നു. ജനവരി 29നാണ് നിഷാം കാറിടിച്ചും ചവിട്ടിയും തൊഴിച്ചും ചന്ദ്രബോസിനെ പരിക്കേല്പിച്ചത്. 19 ദിവസത്തെ ചികിത്സയ്ക്കുശേഷം ചന്ദ്രബോസ് മരണത്തിനു കീഴടങ്ങുകയായിരുന്നു.



 

 




MathrubhumiMatrimonial