Crime News

മുപ്പത് ഗ്രാം ഹാഷിഷ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

Posted on: 14 Mar 2015


പാലക്കാട്: കുഴന്പുപരുവത്തിലാക്കിയ മുപ്പത് ഗ്രാം ഹാഷിഷുമായി 62കാരനെ എക്‌സൈസ് ഇന്‍റലിജന്‍സ് വിഭാഗം പിടികൂടി. കല്ലേക്കാട് പറമ്പില്‍വീട് കബീറിനെയാണ് (62) അറസ്റ്റുചെയ്തത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്ത് എക്‌സൈസ്വിഭാഗം ഹാഷിഷ് പിടികൂടുന്ന ആദ്യസംഭവമാണിതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പത്തുഗ്രാമിന് 2,500 രൂപ നിരക്കിലാണ് ഇത് വില്പനനടത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. കല്ലേക്കാട്, നൂറണി, മേഴ്‌സികോളേജ് പരിസരം, മേപ്പറമ്പ് എന്നിവിടങ്ങളില്‍ ഉണ്ടപ്പഴം എന്നപേരില്‍ വ്യാപകമായി ഇത് വിറ്റഴിക്കുന്നതായി കണ്ടെത്തിയിരുന്നു. ലൈംഗിക ഉത്തേജനത്തിന് സഹായിക്കുന്നെന്ന പേരിലാണ് ഇത് വിറ്റഴിച്ചിരുന്നതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പാലക്കാട്ടുമാത്രം നൂറുകണക്കിന് ആളുകള്‍ ഇത് ഉപയോഗിക്കുന്നുണ്ടെന്നും ഒട്ടേറെ കുടുംബങ്ങള്‍ ഇതുവഴി തകര്‍ന്നതായും വിവരം ലഭിച്ചിട്ടുണ്ട്. പത്തുഗ്രാം ഹഷീഷ് ഒരാഴ്ചയ്ക്ക് ഉപയോഗത്തിന് തികയും. പാനീയങ്ങളില്‍ ചേര്‍ത്ത് ഉപയോഗിക്കാനാവും.

രഹസ്യവിവരത്തെത്തുടര്‍ന്ന് ഏറെദിവസങ്ങളായി കബീര്‍ നിരീക്ഷണത്തിലായിരുന്നു. എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ പി.കെ. സതീഷിന്റെ നേതൃത്വത്തിലുളള സംഘമാണ് പിടികൂടിയത്. പാലക്കാട് എക്‌സൈസ് സ്‌പെഷല്‍സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി.എല്‍. ജോസ്, ഉദ്യോഗസ്ഥരായ കെ.വി. മുരളീധരന്‍, ഷൗക്കത്തലി, സുരേഷ്, റിനോഷ്, ശെന്തില്‍കുമാര്‍, റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം. സഞ്ജീവ്കുമാര്‍, അനില്‍കുമാര്‍, ആരിഫ്, നാസര്‍, പ്രഭാവതി, റംലത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ തുടര്‍പരിശോധനകള്‍ നടത്തിയെങ്കിലും കൂടുതല്‍ മയക്കുമരുന്ന് കണ്ടെടുക്കാനായില്ല.

 

 




MathrubhumiMatrimonial