NagaraPazhama

'സതി' അനുഷ്ഠിക്കാനുള്ള അനുവാദത്തിന് റസിഡന്‍സിക്ക് മുമ്പില്‍ സത്യാഗ്രഹം

Posted on: 22 Dec 2014

മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍



ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് എതിരെ വേലുത്തമ്പിദളവ കലാപം നടത്തിയിട്ട് ഏകദേശം ഏഴ് വര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു ആ സംഭവം.
സ്വാതിതിരുനാളിന് പ്രായം തികയാത്തതിനാല്‍ അദ്ദേഹത്തിന്റെ ഇളയമ്മ ഗൗരി പാര്‍വതിബായി (18151829) തന്നെയാണ് റീജന്റ് ആയി ഭരണം നടത്തിയിരുന്നത്. കേണല്‍ മണ്‍റോ ആയിരുന്നു ബ്രിട്ടീഷ് റസിഡന്റ്. അദ്ദേഹം കൊല്ലത്തും തിരുവനന്തപുരത്തുമുള്ള റസിഡന്‍സി മന്ദിരങ്ങളില്‍ മാറിമാറി താമസിച്ച് ഭരണം നിയന്ത്രിച്ചിരുന്നു. ഇങ്ങനെ ഇരിക്കുമ്പോഴാണ് കൊല്ലത്ത് നടന്ന ഒരു സംഭവം റസിഡന്റിനും റാണിക്കും തലവേദനയായി മാറിയത്. ഒരു സ്ത്രീ കൊല്ലത്തുള്ള റസിഡന്‍സി മന്ദിരത്തിന് മുമ്പില്‍ കുത്തിയിരിപ്പ് തുടങ്ങി. ഏതാനും മാസം മുമ്പാണ് അവരുടെ ഭര്‍ത്താവ് മരിച്ചത്. അയാളുടെ ചിതയില്‍ ചാടി സതി അനുഷ്ഠിക്കാന്‍ അവരെ അനുവദിച്ചില്ല. പകരം തീക്കൂട്ടി അതില്‍ ചാടി മരിക്കാന്‍ അനുവാദത്തിന് വേണ്ടിയാണ് കുത്തയിരിപ്പ്. വിശ്വാസത്തിന്റെ പേരിലുള്ള ചടങ്ങിന് വേണ്ടിയുള്ള ആവശ്യമായതിനാല്‍ അവരെ അറസ്റ്റ് ചെയ്യാന്‍ ഭരണകൂടം അറച്ചു. എങ്ങനെയെങ്കിലും തീയില്‍ ചാടുന്ന ചടങ്ങില്‍നിന്ന് പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല.

അക്കാലത്ത് ഇന്ത്യയുടെ പലഭാഗത്തും പ്രത്യേകിച്ച് വടക്കേ ഇന്ത്യയിലും വ്യാപകമായി നടന്നിരുന്ന ക്രൂര ആചാരമായിരുന്നു 'സതി' അനുഷ്ഠിക്കല്‍. മരിച്ച ഭര്‍ത്താവിന്റെ ചിതയില്‍ ഭാര്യകൂടി ചാടി വെന്ത് വെണ്ണീറാകുന്ന ചടങ്ങായിരുന്നു സതി. മുമ്പ് ഭര്‍ത്താവ് മരിച്ച ദുഃഖത്താല്‍ സ്ത്രീകള്‍ ചിതയില്‍ ചാടി ബലിയര്‍പ്പിക്കുന്ന ആചാരം പിന്നീട് പൗരോഹിത്യം ശക്തമാക്കി. ഇങ്ങനെ സതി അനുഷ്ഠിക്കുന്ന സ്ത്രീകളെ കുടുംബദേവതകളാക്കി ആരാധിക്കാന്‍ തുടങ്ങി.
ഭര്‍ത്താവിന്റെ ചിതയില്‍ ഭാര്യയെ നിര്‍ബന്ധമായി ചാടിച്ച് വെണ്ണീറാക്കുന്ന ചടങ്ങ് പ്രധാന ആചാരമാക്കി മാറ്റി. രക്ഷപ്പെടാന്‍ പല സ്ത്രീകളും ചിതയില്‍നിന്നും ചാടി ഓടിയിട്ടുണ്ട്. അവരെ ആചാര പ്രീയന്മാര്‍ പിടിച്ചുകെട്ടി വീണ്ടും ചിതയിലിടുമായിരുന്നു. കൊട്ടും കുരവയും മന്ത്രോച്ചാരണങ്ങളും നിറഞ്ഞ അന്തരീക്ഷത്തില്‍ അവരുടെ നിലവിളി ആരും കേട്ടിരുന്നില്ല. 19ാം നൂറ്റാണ്ടില്‍ ബംഗാളില്‍ ഉയര്‍ന്നുവന്ന നവോഥാന പ്രസ്ഥാനം സതി എന്ന ദുരാചാരത്തിന് എതിരെ ശബ്ദിക്കാന്‍ തുടങ്ങി. ഇതിന് നേതൃത്വം കൊടുത്തത് ഇന്ത്യന്‍ നവോഥാന പ്രസ്ഥാനത്തിന്റെ പിതാവ് രാജാറാം മോഹന്‍റോയി (17721833) ആയിരുന്നു.

യുവാക്കളുടെ ഇടയില്‍ അദ്ദേഹം പ്രതിഷേധം സംഘടിപ്പിച്ചു. മാത്രവുമല്ല അന്നത്തെ ഗവര്‍ണര്‍ ജനറല്‍ വില്യം ബന്റിക്ക് പ്രഭുവിനെ കൊണ്ട് സതി നിരോധിക്കാന്‍ നിയമം കൊണ്ടുവരാന്‍ അദ്ദേഹം ശ്രമം തുടര്‍ന്നു. പൗരോഹിത്യം വന്‍പ്രതിഷേധവുമായി രംഗത്തുവന്നെങ്കിലും 1829ല്‍ സതി നിരോധിച്ചുകൊണ്ട് വില്യം ബന്റിക് നിയമം പാസാക്കി. ഈ വര്‍ഷമാണ് സ്വാതിതിരുനാള്‍ മഹാരാജാവ് ഇളയമ്മ ഗൗരിപാര്‍വതി ബായി (18291846)ല്‍ നിന്ന് അധികാരം ഏറ്റെടുത്ത് തിരുവിതാംകൂര്‍ മഹാരാജാവായത്.
ബന്റിക് പ്രഭു സതി നിര്‍ത്തലാക്കിയതിനും സ്വാതിതിരുനാള്‍ മഹാരാജാവ് അധികാരം ഏല്‍ക്കുന്നതിനും പന്ത്രണ്ട് വര്‍ഷം മുമ്പാണ് കൊല്ലത്ത് നടന്ന സംഭവം. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊണ്ട രാജകീയ നീട്ട് (ഉത്തരവ്) സംസ്ഥാന പുരാരേഖ വകുപ്പിലുണ്ട്. കൊല്ലവര്‍ഷം 993 മീനം 21 (ഇംഗ്ലീഷ് വര്‍ഷം 1817)ലേതാണ് ആ നീട്ട്. കൊല്ലത്ത് കമ്പനി പട്ടാളത്തിലുണ്ടായിരുന്ന ശിതാരാമന്‍ എന്ന തമിഴ്‌നാട്ടുകാരന്‍ പെട്ടെന്ന് മരണമടഞ്ഞു. അയാളുടെ ഭാര്യ വീരമ്മയാണ് തീയില്‍ ചാടുന്നതിന് അനുവാദം ചോദിച്ചുകൊണ്ട് റസിഡന്റ് കേണല്‍ മണ്‍റോയെ സമീപിച്ചത്. ഇതിന് അനുവാദം നല്‍കാന്‍ റസിഡന്റ് തയ്യാറായില്ല. ഈ ചടങ്ങ് തന്റെ സ്വദേശമായ പാണ്ടിരാജ്യത്ത് (മദ്രാസ്) ഉണ്ടെന്നാണ് സ്ത്രീയുടെ വാദം. അങ്ങനെയാണെങ്കില്‍ പാണ്ടിനാട്ടില്‍ പോയി ചാടുന്ന ചടങ്ങ് അനുഷ്ഠിക്കാന്‍ റസിഡന്റ് നിര്‍ദേശിച്ചു. പാണ്ടിനാട്ടിലേക്ക് പോകാനുള്ള ചെലവും കൊടുക്കാമെന്ന് റസിഡന്റ് പറഞ്ഞു. പക്ഷെ വീരമ്മ റസിഡന്‍സിക്ക് മുമ്പില്‍ തന്റെ ആവശ്യം മുന്‍നിര്‍ത്തി കിടക്കാന്‍ തുടങ്ങി. മതപരമായ ആചാരമാണിതെന്ന് പറഞ്ഞ് വീരമ്മയെ സഹായിക്കാനും ചിലര്‍ ഉണ്ടായിരുന്നു. ദിവസങ്ങളോളം വീരമ്മ അവിടെ കിടന്നു. ഒടുവില്‍ പാണ്ടിനാട്ടിലെ അവരുടെ ബന്ധുക്കളെ വരുത്തി വീരമ്മയെ അങ്ങോട്ട് കൂട്ടികൊണ്ടുപോകാനുള്ള നടപടി സര്‍ക്കാര്‍ തുടങ്ങി. ഇതിനുവേണ്ടി വീരമ്മയുടെ ചിറ്റപ്പനായ പാപ്പയ്യനെ കൂട്ടി അവരെ നാട്ടിലേക്ക് അയക്കുന്നതിന് 500 പണം ഖജനാവില്‍ നിന്നും കൊടുത്തു. ഇതുസംബന്ധിച്ച് ദിവാന് റാണി നല്‍കിയ നീട്ടാണ് പുരാരേഖ വകുപ്പിലുള്ളത്.



MathrubhumiMatrimonial