NagaraPazhama

കല്‌പുള്ളി കരുണാകരമേനോന്റെ റിപ്പോര്‍ട്ട് 2

Posted on: 18 Dec 2014

അഡ്വ. ടി.ബി. സെലുരാജ്‌



വയനാടന്‍ മലനിരകള്‍ എന്നും ചുവന്നിരുന്നുവെന്ന് ചരിത്രം. ബ്രിട്ടീഷ് ഭരണമേധാവിത്വത്തിനെതിരെ പഴശ്ശിരാജാവ് പടനീക്കം നടത്തിയതും ഈ മലനിരകളില്‍നിന്നുതന്നെ. പിന്നീട് ഈ ദൗത്യം മാവോവാദികളെന്ന നക്‌സലൈറ്റുകള്‍ കൈയാളി. രണ്ടുകൂട്ടരും രാഷ്ട്രീയ അഴിമതികള്‍ക്കുനേരേ പോരാടുന്നവര്‍.
കഴിഞ്ഞയാഴ്ച, 1834ല്‍ മലബാര്‍ കളക്ടറായിരുന്ന ക്ലമണ്‍സ്റ്റണുമുമ്പാകെ മലബാറിലെ ശിരസ്തദാറായിരുന്ന കല്പുള്ളി കരുണാകരമേനോന്‍ സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ടിലൂടെയായിരുന്നല്ലോ നാം കടന്നുപോയിരുന്നത്. ആ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയിലൂടെ നാം ഇത്തവണയും കടന്നുപോകുന്നു. തുടര്‍ന്ന് വായിക്കുക:

'കലാപകാരികള്‍ മാനന്തവാടിക്കടുത്തുള്ള പുതിയേടത്തുകുന്നിലായിരുന്നു തമ്പടിച്ചിരുന്നത്. കുന്നിന്‍താഴ്വരയിലെത്തിയ ഞങ്ങള്‍ക്ക് അവര്‍ 700 പേരുണ്ടെന്ന് മനസ്സിലാക്കുവാന്‍ കഴിഞ്ഞു. ഞങ്ങളെ കണ്ടയുടനെതന്നെ അവര്‍ വെടിയുതിര്‍ക്കുവാന്‍ തുടങ്ങി. ഞാനവര്‍ക്കുമുമ്പാകെ ബാബര്‍ ഏല്‍പ്പിച്ചിരുന്ന വിളംബരവും കല്പനയും ഹാജരാക്കി. അവര്‍ക്കുനേരെ ഒരേറ്റുമുട്ടലിനല്ല, മറിച്ച് സമാധാന സംഭാഷണത്തിനാണ് വന്നെത്തിയിരിക്കുന്നത് എന്നറിയിച്ചു. തുടര്‍ന്ന് വെളിച്ചപ്പാടായി വേഷം ധരിച്ചിരുന്ന അവരിലെ മൂന്നുപേര്‍ എന്നില്‍നിന്നും അഞ്ചുകോല്‍ അടുത്തെത്തി കൈയിലെ അമ്പുകൊണ്ട് നിലത്തൊരു വര വരച്ച് അതിനപ്പുറത്തേക്ക് കടന്നുപോകരുതെന്ന് ആക്രോശിച്ചു.
തുടര്‍ന്ന് കല്പനയും വിളംബരവും ഒരാള്‍മാത്രം മുന്നോട്ടുവന്ന് അവരെ ഏല്‍പ്പിക്കുവാന്‍ പറഞ്ഞു. ഞാനത് അനുസരിച്ചു. അവ കൈക്കലാക്കിയ വെളിച്ചപ്പാടുകള്‍ അവരുടെ ആള്‍ക്കാര്‍ക്ക് മുന്നിലെത്തി ഇങ്ങനെ പറഞ്ഞു: 'പേടിക്കേണ്ട, ഇക്കൂട്ടര്‍ ദൂതന്മാര്‍ മാത്രമാണ്. കുതിരവട്ടത്തില്ലത്തെ പഴശ്ശിരാജയെ കൊന്നവരാണിക്കൂട്ടര്‍. തൊപ്പിക്കാരില്‍നിന്ന് (ഇംഗ്ലീഷുകാര്‍) ദൂതുമായി വന്നെത്തിയവരാണിവര്‍. ഇവരെ നാം തടവിലാക്കണം. മാനന്തവാടിയെ നാം നമ്മുടെ കീഴിലാക്കണം.' ഇതുപറഞ്ഞ് അവര്‍ വിളംബരവും കല്പനയും വായിക്കാതെതന്നെ ചെറുകഷ്ണങ്ങളായി കീറി ദൂരെയെറിഞ്ഞു. രണ്ട് വെളിച്ചപ്പാടുകളുടെ നേതൃത്വത്തില്‍ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ഞങ്ങള്‍ക്കുനേരേ അവര്‍ നടന്നടുത്തു. സുബേദാര്‍ കണ്ണന്റെ നേതൃത്വത്തില്‍ ഇരുപത് കോല്‍ക്കാരെ ഒരു വിഭാഗത്തെ നേരിടുവാനും സുബേദാര്‍ അയമുട്ടിയെയും ഇരുപത് കോല്‍ക്കാരെയും മറ്റേ വിഭാഗത്തെ നേരിടുവാനും ഞാന്‍ നിയോഗിച്ചു. ഞാനും പതിനേഴ് കോല്‍ക്കാരും മറ്റൊരു സംഘമായി അവര്‍ക്കുനേരേ അടുത്തു. 'ബാവലിയിലേക്കയച്ചവരെ തടവിലാക്കിയപോലെ നിങ്ങളെയും തടവിലാക്കും' എന്നാക്രോശിച്ചുകൊണ്ട് രണ്ട് വെളിച്ചപ്പാടുമാരും ഞങ്ങള്‍ക്കുനേരേ ഓടിയടുത്തു. തുടര്‍ന്ന് പൊരിഞ്ഞ ഏറ്റുമുട്ടല്‍തന്നെ അവിടെ നടന്നു. എന്റെ ആറ് കോല്‍ക്കാരും സുബേദാര്‍ കണ്ണന്റെ നാല് കോല്‍ക്കാരും സംഭവസ്ഥലത്തുതന്നെ മരിച്ചുവീണു. കണ്ണന്‍ സുബേദാര്‍ക്ക് ഒരമ്പുകൊണ്ട് സാരമായ പരിക്കുപറ്റി. അയമുട്ടി സുബേദാറും കൂട്ടരും അപ്പോഴേക്കും ഓടിയെത്തി. തുടര്‍ന്ന് കലാപകാരികള്‍ പിന്‍വാങ്ങി. മുറിവേറ്റവരുമായി ഞങ്ങള്‍ ക്യാമ്പിലേക്ക് മടങ്ങിയെത്തി. പിറ്റേദിവസം കുറ്റിയാടിയില്‍നിന്ന് ബാബറുടെ ഒരെഴുത്ത് കിട്ടി. ഒരു ബറ്റാലിയന്‍ പട്ടാളം എത്തിച്ചേര്‍ന്നിരിക്കുന്നുവെന്നും അവര്‍ ചുരം കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ കലാപകാരികളുമായി ഏറ്റുമുട്ടേണ്ടി വന്നുവെന്നും ചുരത്തില്‍ അവരിപ്പോള്‍ കുടുങ്ങിക്കിടക്കുന്നുവെന്നുമായിരുന്നു ആ സന്ദേശം. ഞാനും കോല്‍ക്കാരും ഉടന്‍ അങ്ങോട്ടെത്തിച്ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 25 മാപ്പിള കോല്‍ക്കാരുമായി അങ്ങോട്ട് എത്തിച്ചേരുവാന്‍ ഞാന്‍ തീര്‍ച്ചപ്പെടുത്തി. എന്നാല്‍, വളരെ ക്ഷീണിതരായതിനാല്‍ മാപ്പിള കോല്‍ക്കാര്‍ വരുവാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് കണ്ണന്‍ സുബേദാറിന്റെ 23 കോല്‍ക്കാരുമായി ഞാന്‍ ആ രാത്രിയില്‍ത്തന്നെ സംഭവസ്ഥലത്തേക്ക് കുതിച്ചു. കോട്ടയത്തെത്തിയപ്പോഴേക്കും പട്ടാളക്കാര്‍ സുരക്ഷിതരായി അവിടെയെത്തിയിരുന്നു. എന്നാല്‍, കലാപകാരികളുമായുണ്ടായ ഏറ്റുമുട്ടലില്‍ അവരുടെ സാധന സാമഗ്രികള്‍ ചുരത്തിലുപേക്ഷിക്കേണ്ടിവന്നിരുന്നു. ബാബറുടെ കല്പന പ്രകാരം ഞങ്ങളവ വീണ്ടെടുത്തു.

മാനന്തവാടി പുതിയേടത്ത് കുന്നില്‍ ഞങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ ബാബറെ ഞാനറിയിക്കുകയുണ്ടായി. മാനന്തവാടി കലാപകാരികളുടെ അധീനതയിലായിരിക്കുന്നുവെന്നും ഞാനദ്ദേഹത്തെ അറിയിച്ചു. എന്റെയും വെല്‍ഷിന്റെയും നേതൃത്വത്തില്‍ ഒരു പട്ടാളവ്യൂഹത്തെ മാനന്തവാടിയിലേക്ക് മാര്‍ച്ച് ചെയ്യിപ്പിക്കുവാന്‍ കല്പനയായി. തുടര്‍ന്ന് ഞങ്ങള്‍ ഘോരവനത്തിലൂടെ മാനന്തവാടിയിലേക്ക് യാത്രതിരിച്ചു. ഞങ്ങള്‍ മാനന്തവാടിയിലെത്തിയെന്ന വാര്‍ത്ത കേട്ടയുടനെ കലാപകാരികള്‍ അവിടംവിട്ടു.
ശ്രീരംഗപട്ടണത്തുനിന്ന് വന്ന ഒരു ബറ്റാലിയന്‍ അപ്പോഴേക്കും ബാവലിപ്പുഴയുടെ തീരത്തെത്തിച്ചേര്‍ന്നിരുന്നു. അവിടെവെച്ച് കാടുകളില്‍ ഒളിഞ്ഞുനിന്നിരുന്ന കലാപകാരികളുമായി അവര്‍ക്ക് ഏറ്റുമുട്ടേണ്ടി വന്നു. ഈ ഏറ്റുമുട്ടലിനുശേഷമാണ് ശ്രീരംഗപട്ടണത്തുനിന്നുള്ള പട്ടാള ബറ്റാലിയന് മാനന്തവാടിയിലെത്തിച്ചേരുവാന്‍ കഴിഞ്ഞത്. ഞങ്ങള്‍ക്ക് കിട്ടിയ രഹസ്യറിപ്പോര്‍ട്ട് പ്രകാരം കലാപകാരികള്‍ പാറക്കമേട്ടില്‍, പറക്കാടി ഗണപതിവട്ടം, നെല്ലിയാളം എന്നിവിടങ്ങളിലെ നമ്മുടെ പടക്കോപ്പ് ശേഖരണ ശാലകള്‍ പിടിച്ചുപറ്റാനാണ് കലാപകാരികള്‍ ശ്രമിക്കുന്നത് എന്ന വിവരം കിട്ടി. തുടര്‍ന്ന് കേണല്‍ വെല്‍ഷും മൂന്ന് ഓഫീസര്‍മാരും 200 ശിപായികളും ഞാനും കലാപകാരികളെ നേരിടുവാനായി പുറപ്പെട്ടു. ഞങ്ങള്‍ മാനന്തവാടിയില്‍നിന്ന് പുറപ്പെട്ട് പാറക്കടിയിലെത്തിച്ചേര്‍ന്നു. അവിടെയെത്തിയപ്പോഴേക്കും വിശപ്പും ദാഹവും ഞങ്ങളെ കീഴടക്കിയിരുന്നു.

ഭക്ഷണം പാകംചെയ്യുവാന്‍ ഭൃത്യര്‍ തയ്യാറെടുത്തുകൊണ്ടിരിക്കുമ്പോള്‍ ഞങ്ങളുടെ ചാരനായ ഒരു ബ്രാഹ്മണന്‍ ഓടിയെത്തി. അയാള്‍ ഗണപതിവട്ടത്ത് (ഇന്നത്തെ സുല്‍ത്താന്‍ ബത്തേരി)നിന്നുമാണ് എത്തിച്ചേര്‍ന്നത്. കലാപകാരികള്‍ ഗണപതിവട്ടത്തെ നമ്മുടെ പടക്കോപ്പുശാല പിടിച്ചെടുക്കുവാന്‍ പോകുന്നുവെന്നുള്ള രഹസ്യവിവരമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ഈ ശാലയുടെ സംരക്ഷണ ചുമതല വെങ്കിപട്ടര്‍ എന്ന ദൊരോഗെയ്ക്കാണ്. അദ്ദേഹത്തിന്റെ കീഴില്‍ 20 സഹായികളുണ്ട്. കലാപകാരികള്‍ വൈക്കോല്‍കെട്ടുകളുടെ വലിയൊരു ശേഖരവുമായാണ് പുറപ്പെട്ടിരിക്കുന്നതെന്നും വിവരം കിട്ടി. വൈക്കോല്‍ കെട്ടുകള്‍ നമ്മുടെ വെടിമരുന്ന് ശാലകളുടെ ചുറ്റുമുള്ള കിടങ്ങുകള്‍ നികത്താനാണ്. ഞാനീ വിവരം ഉടനടിതന്നെ കേണല്‍ വെല്‍ഷിനെ അറിയിച്ചു. എന്നാല്‍ തന്റെ കീഴിലുള്ള പട്ടാളക്കാര്‍ ആ ദിവസം 25 മൈല്‍ താണ്ടിയിട്ടുണ്ടെന്നും അതിനാല്‍ തുടര്‍യാത്രയ്ക്ക് സാധ്യമല്ല എന്നറിയിക്കുകയുമാണുണ്ടായത്. എനിക്ക് ഈ മറുപടി താങ്ങുവാന്‍ കഴിഞ്ഞില്ല. വെങ്കിപ്പട്ടരും ഇരുപത് സഹായികളും ഞങ്ങളെത്തിയില്ലെങ്കില്‍ കലാപകാരികളുടെ തോക്കിനിരയാവുമെന്ന് ഉറപ്പാണ്. ഞാനാകെ വിഷമിച്ചുപോയി.
(തുടരും)
seluraj@yahoo.com








MathrubhumiMatrimonial