NagaraPazhama

ഹജൂര്‍കച്ചേരിയില്‍ കൊച്ചിരാജാവ് മുതല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍വരെ

Posted on: 03 Jun 2014


പഴമക്കാരുടെ മനസ്സില്‍ പുത്തന്‍കച്ചേരി, ഹജൂര്‍കച്ചേരി എന്നീ പേരുകളാല്‍ നിറഞ്ഞുനില്‍ക്കുന്ന കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് എന്ന തൂവെള്ളകെട്ടിടം വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. മഹാരാജാക്കന്മാരുമായും ദിവാന്‍മാരുമായും ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍മാരുമായും റസിഡന്റന്‍മാരുമായും ജനകീയ ഭരണാധിപന്മാരുമായും ബന്ധപ്പെട്ട എത്രയെത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ മുത്തശ്ശി കെട്ടിടമാണിത്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ മെയ് 27ന് എത്തിയതാണ് പുതിയ സംഭവം.
ദര്‍ബാറുകളും കിരീടധാരണങ്ങളും ജനകീയ മന്ത്രിമാരുടെയും ഗവര്‍ണര്‍മാരുടെയും സത്യപ്രതിജ്ഞകളും എല്ലാം എത്രയോ തവണ ഈ മന്ദിരം കണ്ടിട്ടുണ്ട്. അശ്വാരൂഢപോലീസും പീരങ്കിപടയും ബാന്റ്‌മേളവുമായി പട്ടാളക്കാരും നിരവധിപ്രാവശ്യം ഇതിന്റെ അങ്കണത്തില്‍ അണിനിരന്നിട്ടുള്ളതിന് പഴമക്കാര്‍ സാക്ഷിയാണ്. അന്നെല്ലാം ഉയര്‍ന്ന ആര്‍പ്പുവിളികള്‍ക്കും ആചാരവെടി ശബ്ദങ്ങള്‍ക്കും ആളുകളുടെ തിക്കിനും തിരക്കിനും പിന്നില്‍ അധികാര ശക്തികളുണ്ടായിരുന്നു. എന്നാല്‍ അധികാരം ഒന്നും ഇല്ലാത്ത പച്ചയായ ഒരു മനുഷ്യന്‍ എത്തിയപ്പോള്‍ ജനകീയ യുഗത്തില്‍ സെക്രട്ടേറിയറ്റ് ഇളകിമറിഞ്ഞതാണ് ഇപ്പോഴത്തെ സംഭവം.
ചീഫ് സെക്രട്ടറിമുതല്‍ താഴെതട്ടിലുള്ള ഉദ്യോഗസ്ഥര്‍വരെ സച്ചിനെ കാണാന്‍ കാഴ്ചക്കാരായി മാറി. അതിലേറെ വിശേഷം സ്‌കൂള്‍ കുട്ടികളെപ്പോലെ സച്ചിനെ കാണാനും കൂടെനിന്ന് ഫോട്ടോ എടുക്കാനും അച്ചടക്കത്തോടെ മന്ത്രിമാര്‍ കാത്തുനിന്ന രംഗമാണ്. ഒരുപക്ഷെ കക്ഷിരാഷ്ട്രീയ ഭേദങ്ങളെല്ലാം മറന്ന് മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും ജീവനക്കാരുമെല്ലാം ഒരു കായികതാരത്തെ കാണാന്‍ ഒറ്റമനസ്സോടെ സെക്രട്ടേറിയറ്റില്‍ അണിനിരന്ന സംഭവം നടാടെയായിരിക്കും.
ഇന്ത്യയിലെ സാമൂഹ്യരാഷ്ട്രീയ രംഗത്ത് പല സവിശേഷതകളുമുള്ള നാടാണ് കേരളം. അതിന്റെ ഭരണസിരാകേന്ദ്രത്തില്‍ സച്ചിന് ലഭിച്ച സ്വീകരണം ക്രിക്കറ്റ് ഗ്രൗണ്ടുകളില്‍ കണ്ട ആരാധകരെക്കാള്‍ വ്യത്യസ്തമായിരിക്കാം. അതുകൊണ്ടതന്നെ ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോള്‍ കളിക്കുന്ന സച്ചിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ടീമിന് 'കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്' എന്ന പേര് നല്‍കുകയും കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിന്റെ ഗുഡ്വില്‍ അംബാസഡര്‍ ആകാനുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ക്ഷണം സ്വീകരിക്കുകയും ചെയ്തശേഷമാണ് ആഹ്ലാദത്തോടെ അദ്ദേഹം തിരിച്ചുപോയത്.
ചരിത്രപുരുഷനായ സച്ചിന്‍ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പിന്നീട് പ്രതിപക്ഷനേതാവുമായി സംഭാഷണം നടത്തിയത് കേരളത്തിന് അഭിമാനിക്കാവുന്ന സംഭവമാണ്.
മഹാത്മാഗാന്ധിയുടെ പ്രായമുള്ള സെക്രട്ടേറിയറ്റ് സമുച്ചയത്തിലാണ് താന്‍ എത്തിയതെന്ന് ഒരുപക്ഷേ സച്ചിന്‍ അറിഞ്ഞുകാണില്ല. ശരിക്ക് പറഞ്ഞാല്‍ ഗാന്ധിജിയുടെയും സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെയും പ്രായം ഒന്നാണ്. 1869 ആഗസ്ത് 23 നാണ് ക്ലോക്ക് ടവര്‍ ഉള്ള സെക്രട്ടേറിയറ്റിലെ മന്ദിരം ഉദ്ഘാടനം ചെയ്തത്. 1865 ഡിസംബര്‍ 7ന് ആയില്യം തിരുനാള്‍ മഹാരാജാവ് തറക്കല്ലിട്ട ഈ മന്ദിരം അന്നത്തെ ദിവാന്‍ സര്‍. ടി. മാധവറാവു, ചീഫ് എന്‍ജിനീയര്‍ വില്യം ബാര്‍ട്ടണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പണികള്‍ പൂര്‍ത്തിയാക്കിയത്. വഞ്ചിയൂര്‍ വില്ലേജില്‍പ്പെട്ട പുത്തന്‍ചന്തയിലെ പഴയ പട്ടാള ബാരക്‌സുകള്‍ ഇടിച്ചുനിരത്തിയാണ് അവിടെ കെട്ടിടനിര്‍മ്മാണം നടത്തിയത്. 1,70,000 രൂപയാണ് എസ്റ്റിമേറ്റായി നിശ്ചയിച്ചതെങ്കിലും അത് എത്രയോ കൂട്ടേണ്ടിവന്നു. മൂന്ന് വര്‍ഷവും എട്ട് മാസവുംകൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്. ഇതിനുവേണ്ടി വയലില്‍നിന്ന് ചെങ്കല്ല് നിര്‍മ്മിച്ച സ്ഥലമാണ് ഇന്നത്തെ ചെങ്കല്‍ച്ചൂള.
പൊതുമരാമത്ത് വകുപ്പ് ആദ്യമായി ഇംഗ്ലണ്ടില്‍നിന്ന് ആവിയന്ത്രം കൊണ്ടുവന്നത് സെക്രട്ടേറിയറ്റിന്റെ പണിക്കാണ്. ഇതിന്റെ പ്രവര്‍ത്തനം കാണാന്‍ കൊച്ചിരാജാവ് പോലും എത്തി. അദ്ദേഹത്തിന് ഇതൊരു കൗതുക കാഴ്ചയായിരുന്നു. 1900 ജനവരിയില്‍ തിരുവിതാംകൂറില്‍ ആദ്യമായി സന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ വൈസ്‌റോയിയായിരുന്നു കഴ്‌സണ്‍ പ്രഭു. അദ്ദേഹത്തിന്റെ ദര്‍ബാര്‍ നടന്നതും അദ്ദേഹത്തിന് വിരുന്നുനല്‍കിയതും സെക്രട്ടേറിയറ്റിലായിരുന്നു. ക്ലോക്ക് ടവര്‍ സ്ഥിതിചെയ്യുന്ന ഭാഗത്തിന്റെ അപ്പുറത്തും ഇപ്പുറത്തുമുള്ളതാണ് വില്യം ബാര്‍ട്ടണ്‍ നിര്‍മിച്ച പഴയ ചുണ്ണാമ്പ് കെട്ടിടം. ഇപ്പോള്‍ സച്ചിന്‍ എത്തിയ കെട്ടിടവും തെക്കുഭാഗത്തുള്ള കെട്ടിടവും പിന്നീട് നിര്‍മിച്ചതാണ്.
ഇന്ത്യയിലെ ആദ്യത്തെ നിയമനിര്‍മ്മാണസഭ, ഇന്ത്യയില്‍ ആദ്യമായി വനിതകളുടെ നിയമസഭാ നാമനിര്‍ദ്ദേശം, ഇന്ത്യയിലെ ആദ്യത്തെ ജഡ്ജി നിയമനം, ആദ്യമായി പ്രായപൂര്‍ത്തി വോട്ടവകാശം അനുവദിക്കല്‍ തുടങ്ങിയ എത്രയോ ഉത്തരവുകള്‍ക്ക് സാക്ഷ്യം വഹിച്ചതാണ് ഈ സെക്രട്ടേറിയറ്റ് മന്ദിരം.ഇവിടെയാണ് ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നതും അധികാരത്തില്‍നിന്നും ഇറങ്ങിപോയതും. ഈ മന്ദിരസമുച്ചയത്തിലാണ് സച്ചിന്‍ എത്തിയത്. ഇത് കേരളത്തിന്റെ സ്‌പോര്‍ട്‌സ് രംഗത്തെ നവീന അധ്യായമായി മാറുമോ? കാത്തിരുന്നുകാണാം.



MathrubhumiMatrimonial