അപൂര്‍വ്വമത്സ്യത്തെ 70 വര്‍ഷത്തിന് ശേഷം ചന്ദ്രഗിരി പുഴയില്‍ കണ്ടെത്തി

Posted on: 04 Oct 2013

ജോസഫ് ആന്റണി




കോഴിക്കോട് : വംശനാശം സംഭവിച്ചുവെന്ന് ശാസ്ത്രലോകം കരുതിയ അപൂര്‍വ്വ ശുദ്ധജലമത്സ്യത്തെ ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ടിന് ശേഷം കണ്ടെത്തി. കൂരല്‍ വര്‍ഗത്തില്‍പെട്ട മത്സ്യത്തെ കാസര്‍കോട് ജില്ലയില്‍ പള്ളംകോട്ട് ചന്ദ്രഗിരി പുഴയില്‍ നിന്നാണ് ഗവേഷകര്‍ വീണ്ടും കണ്ടത്.

'ഹിപ്‌സെലോബാര്‍ബസ് ലിത്തോപിഡോസ്' ( Hypselobarbus lithopidos ) എന്ന് ശാസ്ത്രീയനാമമുള്ള ഈ മത്സ്യം, ദക്ഷിണേന്ത്യയിലെ പുഴകളില്‍ കാണപ്പെടുന്ന 11 കൂരല്‍ ഇനങ്ങളിലൊന്നാണ്. അതിനെ വീണ്ടും ശാസ്ത്രലോകം കണ്ടെത്തിയ വിവരം 'ജേര്‍ണല്‍ ഓഫ് ത്രട്ടെന്‍സ് ടാക്‌സ'യില്‍ പ്രസിദ്ധീകരിച്ചു.

കൊച്ചി 'കണ്‍സര്‍വേഷന്‍ റിസര്‍ച്ച് ഗ്രൂപ്പി'ല്‍ (സി.ആര്‍.ജി) അംഗങ്ങളായ മൂന്ന് ഗവേഷകര്‍ ചേര്‍ന്നാണ് ചന്ദ്രഗിരിപുഴയില്‍ നിന്ന് ഈ കണ്ടെത്തല്‍ നടത്തിയത്. 'ഒരു സാധാരണ സര്‍വ്വേയ്ക്കിടയിലായിരുന്നു അത്. പത്ത് മത്സ്യങ്ങളെ അന്ന് കിട്ടി'-ഗവേഷണസംഘത്തിലെ അംഗവും കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ സിബി ഫിലിപ്പ് അറിയിച്ചു.

1941 ല്‍ സുന്ദര രാജ് ബി ആണ് ഈ മത്സ്യയിനത്തെ കണ്ടെത്തിയ കാര്യം ഇതിന് മുമ്പ് രേഖപ്പെടുത്തിയിട്ടുള്ളത്. 'അതിനുശേഷം പ്രദേശവാസികള്‍ക്ക് ഈ മത്സ്യത്തെ കിട്ടിയിട്ടുണ്ടാകാം. പക്ഷേ, ശാസ്ത്രലോകത്തിന് ഇത് അജ്ഞാതമായിരുന്നു'- സിബി ഫിലിപ്പ് പറയുന്നു.

കര്‍ണാടകത്തില്‍ ദക്ഷിണ കന്നഡ ജില്ലയിലെ ഫല്‍ഗുനി പുഴയിലും കാസര്‍കോട് കൂടി ഒഴുകുന്ന ചന്ദ്രഗിരി പുഴയിലും അവയുടെ കൈവഴികളിലും മാത്രമാണ് ഈ കൂരല്‍ മത്സ്യം കാണപ്പെടുന്നത്.

വെറും 500 ചതുരശ്രകിലോമീറ്റര്‍ പരിധിയില്‍ കാണപ്പെടുന്ന ഭൂപരിമിത ഇനമായി പരിഗണിച്ച്, ഇതിനെ അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സംഘടന (ഐ.യു.സി.എന്‍) അതിന്റെ ചുവപ്പ് പട്ടികയില്‍ 'വംശനാശഭീഷണി നേരിടുന്ന' ഇനങ്ങളില്‍പെടുത്തി സംരക്ഷിക്കണമെന്ന് ഗവേഷകര്‍ ആവശ്യപ്പെടുന്നു. ഇതുവരെ ചുവപ്പ് പട്ടികയില്‍ 'കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലാത്ത ജീവികളുടെ ഗണ'ത്തിലാണ് ഈ മത്സ്യത്തെ ഉള്‍പ്പെടുത്തിയിരുന്നത്.

കൊച്ചി സെന്റ് ആല്‍ബര്‍ട്‌സ് കോളേജിലെ അന്‍വര്‍ അലി, ഐ.യു.സി.എന്‍.ശുദ്ധജല മത്സ്യയിന ഗ്രൂപ്പിന്റെ ദക്ഷിണേഷ്യന്‍ മേഖലാ മേധാവി രാജീവ് രാഘവന്‍ എന്നിവരാണ് ഗവേഷണസംഘത്തിലെ മറ്റ് അംഗങ്ങള്‍. 'ലോസ്റ്റ് ഫിഷസ് ഇന്‍ വെസ്റ്റേണ്‍ ഗാട്ട്‌സ്' എന്ന പ്രോജക്ടിന്റെ ഭാഗമായിട്ടായിരുന്നു ഗവേഷണം. (ചിത്രം കടപ്പാട് : രാജീവ് രാഘവന്‍ )



MathrubhumiMatrimonial