തണുപ്പ് മൈനസ് മൂന്ന് ഡിഗ്രി; മൂന്നാറില്‍ മഞ്ഞുപെയ്യുന്നു

Posted on: 18 Jan 2013



മൂന്നാര്‍: മൂന്നാറില്‍ അതിശൈത്യം. ഈ ശൈത്യകാലത്തിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വ്യാഴാഴ്ച രാവിലെ രേഖപ്പെടുത്തി. മൂന്നാറിനു സമീപത്തുള്ള കെ.ഡി.എച്ച്.പി. കമ്പനി സെവന്‍മല എസ്റ്റേറ്റിലാണ് മഞ്ഞുകട്ടയേക്കാള്‍ താഴ്ന്ന ഈ തണുപ്പ് രേഖപ്പെടുത്തിയത്.

ലക്ഷ്മി എസ്റ്റേറ്റില്‍ പൂജ്യം ഡിഗ്രിയായിരുന്നു ഇതേ സമയം താപനില. ഈ സീസണില്‍ ആദ്യമായിട്ടാണ് താപനില ഇത്രയും താഴുന്നത്. കഴിഞ്ഞ ദിവസങ്ങളിലും സെവന്‍മല എസ്റ്റേറ്റില്‍ മൈനസ് രണ്ട് ഡിഗ്രിയും പൂജ്യം ഡിഗ്രിയും രേഖപ്പെടുത്തിയിരുന്നു.

പഴയ മൂന്നാറിലും ചില എസ്റ്റേറ്റുകളിലും ചെറിയതോതില്‍ മഞ്ഞുവീഴ്ചയും ഉണ്ടായി. മഞ്ഞ് പെയ്യുന്നതുമൂലം തേയിലച്ചെടികള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. വാഹനങ്ങളുടെ പുറത്ത് ഐസ്പാളി രൂപപ്പെടുന്നുണ്ട്. വരുംദിവസങ്ങളില്‍ ശൈത്യം കൂടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവിദഗ്ദ്ധര്‍ പറഞ്ഞു.




MathrubhumiMatrimonial