
'യഥാര്‍ഥ' തിരഞ്ഞെടുപ്പ് പിന്നീട്
Posted on: 08 Nov 2012

വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്‍റ്സ്ഥാനത്തേക്ക് ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടക്കുകയും ഫലം വ്യക്തമാവുകയും ചെയെ്തങ്കിലും 'യഥാര്‍ഥ' വോട്ടെടുപ്പ് ഇനിയും ദിവസങ്ങള്‍ അകലെ! ലോകത്തെ ഏറ്റവും പ്രബലമായ ജനാധിപത്യരാജ്യത്തിന്റെ പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയ അത്രയൊന്നും ജനാധിപത്യപരമല്ല എന്നതാണിതിന് കാരണം.
പ്രസിഡന്‍റിനെ ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കുന്ന രീതിയല്ല യു.എസ്സിലേത്. ദേശീയതലത്തിലുള്ള ഏകോപിത തിരഞ്ഞെടുപ്പുമില്ല. പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഓരോ സംസ്ഥാനത്തും അതത് സംസ്ഥാന സര്‍ക്കാറാണ് നടത്തുന്നത്.
സ്ഥാനാര്‍ഥിയെ പ്രതിനിധാനം ചെയ്യുന്ന നിശ്ചിത എണ്ണം 'ഇലക്ടര്‍'മാരാണ് ഓരോ സംസ്ഥാനത്തുനിന്നും തിരഞ്ഞെടുക്കപ്പെടുന്നത്. രാജ്യത്തെ അമ്പത് സംസ്ഥാനങ്ങള്‍ക്കും തലസ്ഥാനനഗരം സ്ഥിതി ചെയ്യുന്ന ഡിസ്ട്രിക്ട്ഓഫ് കൊളംബിയയ്ക്കും ജനസംഖ്യാനുപാതികമായി 'ഇലക്ടര്‍'മാരെ അനുവദിച്ചിട്ടുണ്ട്.
ഓരോ സംസ്ഥാനവും യു.എസ്. കോണ്‍ഗ്രസ്സി(ജനപ്രതിനിധിസഭയും സെനറ്റും)ലേക്ക് എത്ര അംഗങ്ങളെ തിരഞ്ഞെടുത്തയയ്ക്കുന്നുണ്ടോ അത്രതന്നെയാവും ആ സംസ്ഥാനത്തുനിന്നുള്ള 'ഇലക്ടര്‍'മാരുടെ എണ്ണം. ജനപ്രതിനിധിസഭയിലെ അംഗസംഖ്യ 435. സെനറ്റിലേത് നൂറ്. അങ്ങനെ സംസ്ഥാനങ്ങളില്‍നിന്ന് 535 'ഇലക്ടര്‍'മാര്‍. കൂടാതെ, കോണ്‍ഗ്രസ്സില്‍ പ്രാതിനിധ്യമില്ലാത്ത ഡിസ്ട്രിക്ട് ഓഫ് കൊളംബിയയില്‍നിന്ന് മൂന്ന് പേരും. ആകെ 538 പേര്‍. ഇതില്‍ 270 'ഇലക്ടര്‍'മാരെ സ്വന്തമാക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥിയാണ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെടുക.
ചൊവ്വാഴ്ചത്തെ തിരഞ്ഞെടുപ്പില്‍ 303 'ഇലക്ടര്‍'മാരെയാണ് ബരാക് ഒബാമ സ്വന്തമാക്കിയത്. 538 'ഇലക്ടര്‍'മാരും ഇനി അടുത്തമാസം 17-ന് അതത് സംസ്ഥാനത്ത് തങ്ങളുടെ സ്ഥാനാര്‍ഥിക്ക് വോട്ടു രേഖപ്പെടുത്തും. ഇതാണ് ഔപചാരിക വോട്ടെടുപ്പ്. ഈ വോട്ടുകള്‍ ജനവരി ആറിന് യു.എസ്. കോണ്‍ഗ്രസ്സിന് മുമ്പാകെ എണ്ണിയാണ് ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തുക. അതുകഴിഞ്ഞ് ജനവരി 20-ന് സാധാരണഗതിയില്‍ പുതിയ പ്രസിഡന്‍റ് സ്ഥാനമേല്ക്കും. എന്നാല്‍, വരുന്ന ജനവരി 20 ഞായറാഴ്ചയായതിനാല്‍ 21-നാകും ഒബാമയുടെ സത്യപ്രതിജ്ഞ.
യു.എസ്. ഭരണഘടന തയ്യാറാക്കുന്ന ഘട്ടത്തില്‍, പ്രസിഡന്‍റ് സ്ഥാനത്തേക്ക് സമ്പൂര്‍ണ ജനകീയ തിരഞ്ഞെടുപ്പ് വേണമെന്ന് ഒരു വിഭാഗവും കോണ്‍ഗ്രസ്സംഗങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തിയാല്‍ മതിയെന്ന് മറുവിഭാഗവും വാദിച്ചത്രെ. ഒടുവില്‍ അനുരഞ്ജനമെന്നനിലയില്‍, ഇപ്പോഴത്തെ രീതി സ്വീകരിക്കുകയാണുണ്ടായത്.
ജനകീയ വോട്ടുകളില്‍ പിന്നാക്കമായ ഒരു സ്ഥാനാര്‍ഥി കൂടുതല്‍ 'ഇലക്ടറല്‍' വോട്ടുകള്‍ നേടി രാജ്യത്തിന്റെ പ്രസിഡന്‍റാവുന്ന സ്ഥിതിവിശേഷമുണ്ടായേക്കുമെന്നതാണ് ഈ രീതിയുടെ പ്രധാന ന്യൂനതകളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍, ഇത്തരം സാഹചര്യം ചരിത്രത്തിലാകെ നാല് തവണയേ ഉണ്ടായിട്ടുള്ളൂ എന്ന് ഈ തിരഞ്ഞെടുപ്പുരീതിയുടെ അനുഭാവികള്‍ ചൂണ്ടിക്കാട്ടുന്നു. 2000-മാണ്ടില്‍ ജോര്‍ജ് ബുഷിന്റെ ജയമാണ് സമീപകാല ഉദാഹരണം.
യു.എസ്സില്‍ തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതിന് ദേശീയ സംവിധാനങ്ങളൊന്നുമില്ല. പേരിനൊരു തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെങ്കിലും തിരഞ്ഞെടുപ്പ് ചെലവുകളുടെ പരിശോധന മാത്രമാണ് അതിന്റെ അധികാരപരിധിയില്‍വരുന്നത്. വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ മുതല്‍ വോട്ടെടുപ്പിന്റെ നടത്തിപ്പും വോട്ടെണ്ണലും വരെ സംസ്ഥാന സര്‍ക്കാറുകളുടെ അധികാരമാണ്.
ഇപ്പോഴത്തെ തിരഞ്ഞെടുപ്പുരീതി മാറ്റണമെന്ന് പല കോണുകളില്‍നിന്നും ആവശ്യമുയരുന്നുണ്ടെങ്കിലും, അതിന് ഭരണഘടനാ ഭേദഗതി വേണ്ടിവരും. ഭരണഘടന ഭേദഗതി ചെയ്യണമെങ്കില്‍ നാലില്‍ മൂന്ന് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണ്. പക്ഷേ, സ്വന്തം അധികാരം പരിമിതപ്പെടുത്താന്‍ എത്ര സംസ്ഥാനങ്ങള്‍ തയ്യാറാവും?
