ആനന്ദനൃത്തം ചവിട്ടി കൊഗെലോ ഗ്രാമം

Posted on: 20 Jan 2009


കൊഗെലോ (കെനിയ): ബരാക് ഹുസൈന്‍ ഒബാമയെന്ന ആഫ്രോ അമേരിക്കക്കാരന്‍ അമേരിക്കയുടെ ചരിത്രം തിരുത്തിയെഴുതിയ ചൊവ്വാഴ്ച ആഫ്രിക്കന്‍ വന്‍കരയില്‍ കെനിയന്‍ ജനത ആഹ്ലാദനൃത്തം ചവിട്ടുകയായിരുന്നു. ബരാക് ഒബാമയുടെ അച്ഛന്‍ ബരാക് ഹുസൈന്‍ ഒബാമ സീനിയറുടെ ജന്മനാടായ പടിഞ്ഞാറന്‍ കെനിയയിലെ കൊഗെലോ ഗ്രാമം തങ്ങളുടെ പ്രിയപുത്രന്‍ അമേരിക്കയുടെ 44-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞചെയ്ത മുഹൂര്‍ത്തത്തില്‍ ആനന്ദാശ്രുക്കളൊഴുക്കി.

ബരാക് എന്നാല്‍ 'അനുഗ്രഹിക്കപ്പെട്ടവന്‍' എന്നാണര്‍ഥം. 'ബരാക് ഒബാമ ഞങ്ങളുടെയും നാടിന്റെയും അനുഗ്രഹമാണ്'-ആഹ്ലാദവും അഭിമാനവും തുടിക്കുന്ന സ്വരത്തില്‍ കൊഗെലോ നിവാസികള്‍ പറഞ്ഞു. കുഞ്ഞുങ്ങള്‍ക്ക് ഒബാമയെന്ന് പേരുവിളിച്ചും ഒബാമയുടെ ചിത്രം പതിച്ച ടീഷര്‍ട്ടുകള്‍ ധരിച്ച് നൃത്തംചെയ്തും പാട്ടുപാടിയും അവര്‍ അകലെനിന്ന് സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കാളികളായി.

തങ്ങള്‍ ലോകത്തിനു മുന്നില്‍ അംഗീകരിക്കപ്പെട്ട ചരിത്രനിമിഷം പരമ്പരാഗതവേഷം ധരിച്ചാണ് ഏറെ കെനിയക്കാരും ആഘോഷിച്ചത്.

ഒബാമ പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കൊഗെലോവിലെ സ്‌കൂളായിരുന്നു ആഘോഷപരിപാടികളുടെ കേന്ദ്രം. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നതിനാല്‍ കുട്ടികളും ആഘോഷങ്ങളില്‍ സജീവമായി.

കഴിഞ്ഞ നവംബറില്‍ ഒബാമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം കൊഗെലോ ഗ്രാമത്തില്‍ ഒട്ടേറെ സഞ്ചാരികളെത്തുന്നുണ്ട്. ഗ്രാമത്തില്‍ വൈദ്യുതിയെത്തിയതും അതിനുശേഷമാണ്.



MathrubhumiMatrimonial