
അനന്തപുരിയില്‍ ആദ്യമായി കരി ബസ്സുകള്‍ ഓടിയകാലം
Posted on: 14 Jan 2012
മലയന്‍കീഴ് ഗോപാലകൃഷ്ണന്‍

കരി വിതറുന്നതും, അടുത്തുനിന്നാല്‍ ചൂട് അനുഭവപ്പെടുന്നതുമായ ഈ ബസ്സുകള്‍ ഭയങ്കര ശബ്ദത്തോടെയാണ് ഓടിയിരുന്നത്. എട്ടും പന്ത്രണ്ടും സീറ്റുകള്‍ ഉള്ളതായിരുന്നു കരിബസ്സുകള്‍. തൊപ്പിയും പാന്റും ഷര്‍ട്ടും ധരിച്ച ഡ്രൈവര്‍മാരാണ് ബസ്സുകള്‍ ഓടിച്ചിരുന്നത്. യാത്ര കഴിയുമ്പോള്‍ യാത്രക്കാരുടെ വസ്ത്രങ്ങള്‍ മുഴുവന്‍ കരിപ്പൊടികൊണ്ട് നിറയും.
അനന്തപുരിയില്‍ ഈ കരിബസ്സുകള്‍ കൊണ്ടുവന്നത് വിശാഖംതിരുനാള്‍ മഹാരാജാവിന്റെ മകന്‍ അരുമന ശ്രീനാരായണന്‍തമ്പിയായിരുന്നു. ധനാഢ്യനായ അദ്ദേഹം ചെറുപ്പംമുതല്‍ വ്യവസായ തല്പരനായിരുന്നു. അനന്തപുരിയില്‍ കരി ബസ്സുകള്‍ കൊണ്ടുവരാന്‍ അന്യനാടുകളില്‍ പോയി അദ്ദേഹം പഠനം നടത്തി. ഇതിനായി ഒരു കമ്പനി തന്നെ പിന്നീട് രൂപവത്കരിച്ചു. ഇരുപതോളം കരിവണ്ടികള്‍ക്ക് തമ്പി ഓര്‍ഡര്‍ കൊടുത്തു. ഇതില്‍ ആദ്യം എത്തിയ 12 ബസ്സുകള്‍ പടിഞ്ഞാറെ കോട്ടയ്ക്ക് സമീപത്ത് കൊണ്ടുവന്നത് കാണാന്‍ ആളുകള്‍ തടിച്ചുകൂടി. പത്ത് ബസ്സുകള്‍തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടിലും, ബാക്കി പത്ത് ബസ്സുകള്‍ തിരുവനന്തപുരം-കൊല്ലം റൂട്ടിലും ആണ് സര്‍വീസ് നടത്താന്‍ തീരുമാനിച്ചത്. ഇത് ഓടിക്കാനുള്ള ലൈസന്‍സ് ബോംബെയില്‍ നിന്നുമാണ് എടുത്തിരുന്നത്. കരിവണ്ടികള്‍ തലസ്ഥാനത്ത് എത്തുംമുമ്പ് ഇവ ഓടിക്കാനുള്ള റോഡുകളെപ്പറ്റി പരിശോധന നടത്തി. എന്നാല്‍ പലേടത്തും ഈ വണ്ടികള്‍ ഓടിക്കാന്‍ പറ്റിയ വിധത്തിലായിരുന്നില്ല റോഡുകളുടെ സ്ഥിതി. റോഡുകള്‍ സഞ്ചാരയോഗ്യമാക്കിത്തരണമെന്ന് തമ്പി ശ്രീമൂലം തിരുനാള്‍ മഹാരാജാവിനോട് അഭ്യര്‍ഥിച്ചു. എന്നാല്‍ വന്‍ ലാഭം കിട്ടുന്ന വ്യവസായമായതിനാല്‍ ചെലവില്‍ ഒരുഭാഗം തമ്പി വഹിക്കണമെന്ന് രാജാവ് പറഞ്ഞു.
അതുപ്രകാരം തമ്പി ആറായിരത്തില്‍പ്പരം രൂപ ഖജനാവിലേക്ക് അടച്ചുവെന്നാണ് അറിയുന്നത്. ആഘോഷത്തോടെയാണ് ബസ്സുകളുടെ കന്നിയാത്ര ആരംഭിച്ചത്. അക്കാലത്ത് അനന്തപുരിയില്‍നിന്നും നാഗര്‍കോവില്‍വരെ എത്താല്‍ വില്ലുവണ്ടികളും ഇതിന് പുറമെ കൊല്ലത്തുപോകാന്‍ വള്ളങ്ങളും ബോട്ടുകളുമാണ് ഉണ്ടായിരുന്നത്. കല്പാലക്കടവില്‍ (വള്ളക്കടവ്) നിന്നും യാത്ര തുടങ്ങുന്ന ബോട്ടുകള്‍ കൊല്ലംവരെ തുഴഞ്ഞാണ് പോയിരുന്നത്. അതുകഴിഞ്ഞാലെ അങ്ങോട്ട് യന്ത്രബോട്ടുകള്‍ ഉണ്ടായിരുന്നുള്ളൂ. തീവണ്ടി സര്‍വീസ് അക്കാലത്ത് കൊല്ലംവരെയാണ് എത്തിയിരുന്നത്.
കരിവണ്ടികള്‍ സര്‍വീസ് തുടങ്ങിയത് യാത്രക്കാര്‍ക്ക് അനുഗ്രഹമായി മാറി. ദൂരെനിന്നുള്ളവര്‍ പോലും കൊല്ലത്തും നാഗര്‍കോവിലിലും പോകാന്‍ തലേദിവസമേ അനന്തപുരിയിലെത്തി ബന്ധുക്കളുടെ വീടുകളിലോ, സത്രങ്ങളിലോ താമസിച്ചിരുന്നതായി പൂര്‍വികരില്‍നിന്നും കേട്ട കഥകള്‍ പഴമക്കാര്‍ ഓര്‍ക്കുന്നു.
തമ്പിക്കുശേഷം ബാലരാമപുരത്തെ വ്യവസായ പ്രമുഖനായ ശങ്കരമൂര്‍ത്തിയാപിള്ളയും ബസ് സര്‍വീസ് തുടങ്ങി. അതില്‍ ഒരു ജീവനക്കാരനായിരുന്ന കുമാരി സ്വാമി പിന്നീട് ബസ് സര്‍വീസ് ആരംഭിച്ചു. ഇദ്ദേഹം 'പയനിയര്‍ മുതലാളി' എന്നറിയപ്പെട്ടു. കരിവണ്ടികളെ പിന്‍തള്ളിക്കൊണ്ട് പെട്രോള്‍ കൊണ്ട് ഓടുന്ന മോട്ടോര്‍ വാഹനങ്ങള്‍ പിന്നീട് എത്തി. ഇതിന്റെ മുമ്പില്‍നിന്നിരുന്നതും തമ്പിതന്നെയാണ്. വഴുതക്കാട് വിമന്‍സ് കോളേജിന്റെ എതിര്‍വശത്ത് ഇപ്പോഴുള്ള കലാഭവന്‍ മുതല്‍ ടാജ്‌ഹോട്ടല്‍ സ്ഥിതിചെയ്യുന്ന കെട്ടിടംവരെ തമ്പിയുടെ സ്ഥലമായിരുന്നു എന്ന് നഗരത്തിലെ കാരണവരായ അഡ്വ. കെ.അയ്യപ്പന്‍പിള്ള പറഞ്ഞു. ടാജ് ഹോട്ടല്‍ ഉള്ള ഭാഗത്തായിരുന്നു തമ്പിയുടെ ഓഫീസ്. ബസ്സുകള്‍ പലതും അവിടെ ഇട്ടിരുന്നത് താന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കണ്ടിട്ടുള്ളതായി അയ്യപ്പന്‍പിള്ള ഓര്‍ക്കുന്നു. പൊതുപ്രവര്‍ത്തകനും ധര്‍മ്മിഷ്ഠനും ആയിരുന്നു തമ്പി.
അനന്തപുരിയിലെ സാമൂഹ്യ- സാംസ്‌കാരിക മേഖലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ശ്രീമൂലം പോപ്പുലര്‍ അസംബ്ലി അംഗം, തിരുവനന്തപുരം കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക സെക്രട്ടറി, വി.ജെ.ടി.ഹാള്‍ മാനേജിങ് കമ്മിറ്റി അംഗം, നാഷണല്‍ ക്ലബ് (മന്നംക്ലബ്) സ്ഥാപക അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള തമ്പിയെ പലരും കബളിപ്പിച്ചു. ഇതുമൂലം ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ് തകര്‍ന്നു. വസ്തുക്കള്‍ ഓരോന്നായി നഷ്ടപ്പെട്ടു. പലരും അദ്ദേഹത്തെ കേസ്സുകളില്‍ കുരുക്കി. ഇതൊക്കെയാണെങ്കിലും അദ്ദേഹം ആത്മധൈര്യം കൈവിട്ടില്ല. ഇ.എം.എസ്. മന്ത്രിസഭയിലെ അംഗവുമായിരുന്ന ഡോ.എ.ആര്‍.മേനോന്‍ ജാമാതാവും ചരിത്ര ഗവേഷകനായിരുന്ന യശഃശരീരനായ കിഴക്കേമഠം ഗോവിന്ദന്‍ നായര്‍ പൗത്രനും ആയിരുന്നു. തിരുവനന്തപുരത്ത് ശല്യക്കാരില്‍നിന്നും രക്ഷപ്പെടാന്‍ തമ്പി കൂടെക്കൂടെ പാലക്കാട്ടുള്ള മകളുടെ വീട്ടിലേക്കും പോവുക പതിവായിരുന്നു. ഒരിക്കല്‍ തൃശ്ശൂരില്‍ എത്തിയ അദ്ദേഹം തീവണ്ടിയില്‍ വെച്ച് ലോകത്തോട് വിടപറഞ്ഞു. 1934-ല്‍ 66-ാം വയസ്സിലാ യിരുന്നു മരണം. അങ്ങനെ അനന്തപുരിയിലെ ജനങ്ങള്‍ക്ക് ബസ് യാത്രക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹത്തിന്റെ ജീവിതം തീവണ്ടിയില്‍ അവസാനിച്ചു.
