obama

ഒബാമയില്‍ വന്‍ പ്രതീക്ഷ

Posted on: 06 Nov 2008

ടി. പി. ശ്രീനിവാസന്‍ (മുന്‍ ഇന്ത്യന്‍ അംബാസഡര്‍)



ഒബാമയുടെ ചരിത്രപരമായ വിജയം അതിന്റെ എല്ലാ സാധ്യതകളോടും
കൂടി ഉള്‍ക്കൊള്ളുകയാണ് ഇന്ത്യ ചെയ്യേണ്ടത്. അമേരിക്ക സഹകരണപരമായ
ഒരു സമീപനമായിരിക്കും ഇന്ത്യയോട് സ്വീകരിക്കുക എന്നതില്‍ സംശയമില്ല



ഭഗവദ് ഗീതയില്‍ പ്രവചിച്ചിട്ടുള്ള യുഗപുരുഷന്റെ ആവിര്‍ഭാവം പോലെയായിരുന്നു ബരാക് ഒബാമ അമേരിക്കന്‍ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നത്. അദ്ദേഹത്തിന്റെ രൂപവും പൈതൃകവും വയസ്സും ഒന്നും തന്നെ നാലുവര്‍ഷത്തിനകം അമേരിക്കന്‍ പ്രസിഡന്റാകാനുള്ള ഒരു വ്യക്തിയുടേതായിരുന്നില്ല. അമേരിക്കന്‍ ജനതയ്ക്ക് വെള്ളക്കാരനായ ഒരു പുരുഷനെയല്ലാതെ മറ്റാരെയും തിരഞ്ഞെടുക്കാനുള്ള കഴിവോ മനഃസ്ഥിതിയോ ഇല്ല എന്നാണ് പലരും കരുതിയിരുന്നത്. അഭിപ്രായ വോട്ടെടുപ്പുകള്‍ ഏകകണ്ഠമായി ഒബാമയുടെ വിജയം പ്രവചിച്ചിട്ടും പണ്ട് ബ്രാഡ്‌ലി എന്ന കറുത്ത വര്‍ഗക്കാരന് സംഭവിച്ചതുപോലെ രഹസ്യവോട്ടില്‍ ഒബാമ പരാജയപ്പെടുമെന്ന് പലരും വിശ്വസിച്ചു.
ഒബാമയുടെ വിജയത്തിന് വഴിതെളിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം തന്നെയാണ്. തികച്ചും നിരാകരിക്കപ്പെട്ട ബുഷ് ഭരണത്തിനുശേഷം ഒരു ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജയിക്കാന്‍ സാധ്യത ഉണ്ടായിരുന്നുവെങ്കിലും ഡെമോക്രാറ്റിക് പാര്‍ട്ടി കാഴ്ചവെച്ചത് ഒരു കറുത്ത വര്‍ഗക്കാരനെയും ഒരു വനിതയെയുമാണെന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് പ്രത്യാശ നല്‍കി. ഒബാമയും ഹില്ലാരിയുമായുണ്ടായ ചൂടുപിടിച്ച വാദപ്രതിവാദങ്ങള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ തളര്‍ത്തുകയുമുണ്ടായി. ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ഒബാമ വിജയിച്ചത് അമേരിക്കന്‍ ജനാധിപത്യത്തിന്റെ പക്വതകൊണ്ടും ഒബാമയുടെ വ്യക്തിത്വം കൊണ്ടുമാണ്. അമേരിക്കന്‍ സാമ്പത്തിക സ്ഥിതിയില്‍ തകര്‍ച്ചയുണ്ടായപ്പോള്‍ മാറ്റം അത്യാവശ്യമായി വരികയും ഒരു ഒബാമ തരംഗം തന്നെ ഉണ്ടാകുകയുമാണ് ചെയ്തത്.
ഒബാമ ഉയര്‍ത്തിയ പ്രത്യാശ അമേരിക്കയില്‍ മാത്രമായിരുന്നില്ല തരംഗങ്ങളുയര്‍ത്തിയത്. ഒബാമ ആയിരിക്കണം അടുത്ത പ്രസിഡന്റ് എന്ന ആഗ്രഹം എല്ലാ ലോകരാഷ്ട്രങ്ങളിലും പ്രകടമായിരുന്നു. ഒരു തരത്തില്‍ ലോകത്തിന്റെ ആവശ്യം അമേരിക്ക അംഗീകരിക്കുകയായിരുന്നു. അതിനുള്ള കഴിവ് അമേരിക്കയ്ക്കുണ്ടോ എന്ന സംശയം അമേരിക്ക തന്നെ ദൂരീകരിച്ചിരിക്കുന്നു. ഒബാമയുടെ വിജയം അമേരിക്കയുടെയും ലോകത്തിന്റെ തന്നെയും ഭാവിക്ക് സഹായകമായിരിക്കും എന്നാണ് വിശ്വാസം.
രണ്ട് മാസം മുമ്പുവരെ തിരഞ്ഞെടുപ്പിന്റെ വിഷയങ്ങള്‍ രാജ്യത്തിന്റെ സുരക്ഷയും ഭീകരവാദത്തിനെതിരായ സമരവും ഇറാഖിലെയും അഫ്ഗാനിസ്താനിലെയും സ്ഥിതിയുമായിരുന്നു. ഒബാമ ഇക്കാര്യങ്ങളില്‍ സ്വന്തമായ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അമേരിക്കന്‍ സൈനികരെ തിരികെ കൊണ്ടുവരികയായിരുന്നു ഈ നയത്തിന്റെ പ്രധാനഭാഗം. എന്നാല്‍ ഇതിന് സമയം എടുക്കുമെന്നുള്ള സൈനിക നേതാക്കളുടെ അഭിപ്രായത്തോട് പലരും യോജിക്കുകയാണ് ചെയ്തത്. അതുകൊണ്ട് യുദ്ധത്തെപ്പറ്റിയുള്ള അഭിപ്രായംകൊണ്ടുമാത്രം ഒബാമ വിജയിക്കുമെന്ന് തോന്നിയിരുന്നില്ല. സാമ്പത്തികത്തകര്‍ച്ചയുടെ രൂക്ഷത വ്യക്തമായപ്പോഴാണ് അമേരിക്ക ഒബാമയെ സ്വീകരിക്കാന്‍ തികച്ചും തയ്യാറായത്.
അതുകൊണ്ട് തന്നെ ഒബാമയുടെ സാമ്പത്തിക നയമായിരിക്കും ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുക. അധികാരം ഏറ്റെടുക്കുന്നതിന് മുമ്പുതന്നെ അദ്ദേഹം ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളുമായി സഹകരിച്ചുകൊണ്ട് തന്നെയായിരിക്കും പുതിയ സാമ്പത്തിക നയത്തിന് രൂപം നല്‍കുക. ഈ പ്രശ്‌നങ്ങള്‍ ഉടനെ തന്നെ പരിഹരിക്കാമെന്ന് ഒബാമ വാഗ്ദാനം നല്‍കിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ വിജയം നിശ്ചയിക്കപ്പെടുന്നത് ഈ മേഖലയില്‍തന്നെ ആയിരിക്കും.
ഇന്ത്യക്കാര്‍ മക്‌കെയിനെ പ്രസിഡന്റായി കാണാന്‍ ആഗ്രഹിച്ചില്ല. വൈസ് പ്രസിഡന്റായി മത്സരിച്ച സാറാ പേലിനെയും പരിചയസമ്പന്നനായ ജോ ബൈഡനെയുമായിരുന്നു ഇന്ത്യയ്ക്കും അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കും ഇഷ്ടം. എങ്കിലും ഒബാമയുടെ ചില പ്രസ്താവനകള്‍ ഇന്ത്യയില്‍ ആശങ്കകള്‍ ഉയര്‍ത്തി. ഇതില്‍ ഏറ്റവും പ്രധാനം ഒബാമയുടെ ആണവായുധ നിര്‍വ്യാപന നയമായിരുന്നു. ഒരു സമയത്ത് ഒബാമ ആണവക്കരാറിന് തന്നെ എതിരായിരുന്നു. എന്നാല്‍ പിന്നീട് ആണവക്കരാര്‍ പ്രാബല്യത്തില്‍ വരുന്നതിന് ഒബാമ സഹായിച്ചതോടെ അതിനെപ്പറ്റിയുള്ള ആശങ്ക ദൂരീകരിക്കപ്പെട്ടു. എന്നാലും ഒബാമയുടെ അജന്‍ഡ പരിശോധിച്ചാല്‍ കാണുന്നത് അദ്ദേഹം ആണവായുധ നിര്‍വ്യാപനക്കരാര്‍ (എന്‍. പി. ടി.), ആണവ പരീക്ഷണ നിരോധനക്കരാര്‍ (സി. ടി. ബി. ടി.), വിസേ്ഫാടന വസ്തുനിരോധനക്കരാര്‍ (എഫ്. എം. സി. ടി.) എന്നിവയില്‍ വിശ്വസിക്കുന്ന ആളാണെന്നാണ്. ഇന്ത്യയ്ക്ക് ഈ കരാറുകളെപ്പറ്റി ആശങ്കകളുണ്ട്. ഈ കരാറുകളില്‍ ഒപ്പിടണമെന്ന് ഒബാമ നിര്‍ബന്ധിക്കുകയാണെങ്കില്‍ ഇന്ത്യയുമായി അഭിപ്രായവ്യത്യാസം ഉണ്ടാകാതെ നിവൃത്തിയില്ല. ആണവക്കരാറിന്റെ ആകര്‍ഷകത്വം ഇതോടെ കുറയുകയും ചെയ്യും. എന്നാല്‍ ആണവക്കരാര്‍ ഇന്ത്യയുടെ പ്രത്യേക സാഹചര്യത്തില്‍ രൂപം കൊണ്ടതായതിനാല്‍ അതിന് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ഒബാമ തയ്യാറാകുമെന്നാണ് പ്രതീക്ഷ.
പാകിസ്താനെ സംബന്ധിച്ചിടത്തോളം ഒബാമയുടെ ലക്ഷ്യം ആ രാജ്യത്തിന്റെ സഹായത്തോടെ അഫ്ഗാനിസ്താന്‍ യുദ്ധത്തില്‍ വിജയം നേടുക എന്നുള്ളതാണ്. പാകിസ്താന് ലഭിക്കുന്ന സാമ്പത്തികവും സൈനികവുമായ സഹായങ്ങള്‍ ഇന്ത്യയ്‌ക്കെതിരായി ഉപയോഗിക്കരുതെന്ന് ഒബാമ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അതേസമയം തന്നെ കശ്മീര്‍ പ്രശ്‌നം പരിഹരിച്ചാല്‍ പാകിസ്താന് ഭീകരവാദത്തെ എതിര്‍ക്കാന്‍ കൂടുതല്‍ അവസരം ലഭിക്കുമെന്ന് ഒബാമ വിശ്വസിക്കുന്നു. അതുകൊണ്ട് കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ അമേരിക്ക മുന്‍കൈയെടുക്കുമെന്നും അതിനായി ബില്‍ക്ലിന്റനെ പ്രത്യേക പ്രതിനിധിയായി നിയമിച്ചേക്കും എന്നുമുള്ള സൂചനകള്‍ ഇന്ത്യയ്ക്ക് തലവേദനയായിരിക്കുന്നു. കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ അമേരിക്കയുടെ ആവശ്യമില്ല എന്നതാണ് ഇന്ത്യയുടെ ഉറച്ച അഭിപ്രായം. ഈ അഭിപ്രായത്തെ മാനിക്കാന്‍ ഒബാമയെയും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളെയും പ്രേരിപ്പിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത്. പാകിസ്താന്റെ ഇന്നത്തെ സാമ്പത്തികവും രാഷ്ട്രീയവുമായ പരിതസ്ഥിതി കശ്മീര്‍ കാര്യത്തില്‍ ഒരു പരിഹാരം കാണാന്‍ യോജിച്ചതല്ല എന്ന കാര്യവും അമേരിക്ക മനസ്സിലാക്കേണ്ടതുണ്ട്.
അമേരിക്കന്‍ വ്യവസായങ്ങള്‍ മറ്റുരാജ്യങ്ങളിലേക്ക് മാറുന്നതിനെപ്പറ്റിയുള്ള ആശങ്കകള്‍ ഒബാമയേയും സ്വാധീനിച്ചിട്ടുണ്ട്. അങ്ങനെ പോകുന്ന വ്യവസായികള്‍ക്ക് നികുതിയിളവ് നല്‍കുകയില്ല എന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഇന്ത്യയില്‍ അസ്വാസ്ഥ്യം സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ വ്യവസായികള്‍ക്ക് ലാഭം നല്‍കുന്ന ഈ പ്രക്രിയ നിര്‍ത്തലാക്കാന്‍ ഗവണ്‍മെന്റിന് കഴിയുകയില്ല. അധികാരത്തില്‍ വന്നുകഴിഞ്ഞാല്‍ ഒബാമ ഇക്കാര്യത്തില്‍ പ്രായോഗികമായ ഒരു നയം സ്വീകരിക്കുമെന്നും ഇന്ത്യയില്‍ വന്നിട്ടുള്ള വ്യവസായങ്ങളെ നിരുത്സാഹപ്പെടുത്തുകയില്ലെന്നും കരുതാം.
ഒബാമയുടെ ചരിത്രപരമായ വിജയം അതിന്റെ എല്ലാ സാധ്യതകളോടും കൂടി ഉള്‍ക്കൊള്ളുകയാണ് ഇന്ത്യ ചെയ്യേണ്ടത്. അമേരിക്ക സഹകരണപരമായ ഒരു സമീപനമായിരിക്കും ഇന്ത്യയോട് സ്വീകരിക്കുക എന്നതില്‍ സംശയമില്ല. ഊര്‍ജ്ജപ്രശ്‌നങ്ങള്‍, പരിസ്ഥിതി മലിനീകരണം, ഭീകരവാദം, സാംക്രമികരോഗങ്ങള്‍ മുതലായ സമകാലീന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെങ്കില്‍ ഇന്ത്യയുടെ സഹകരണം അമേരിക്കയ്ക്ക് ആവശ്യമാണ്. ചൈനയുടെ കാര്യത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വലിയ ഭയമില്ലെങ്കിലും ഇന്ത്യയിലെ വിപണിയും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയും അമേരിക്കയെ സംബന്ധിച്ചിടത്തോളം ആകര്‍ഷണീയമാണ്. ഒബാമയുടെ കാലഘട്ടത്തെ ഇന്ത്യന്‍ അമേരിക്കന്‍ സഹകരണത്തിന്റെ കാലഘട്ടമായി മാറ്റുകയായിരിക്കണം ഇന്ത്യയുടെ ലക്ഷ്യം.




MathrubhumiMatrimonial