obama

ജോ ബൈഡന്‍ ഇന്ത്യയുടെ ഉറ്റ സുഹൃത്ത്‌

Posted on: 05 Nov 2008


വാഷിങ്ടണ്‍: യു.എസ്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് ജോ ബൈഡന്‍ ഇന്ത്യയുടെ ഉറ്റ സുഹൃത്ത്. അനുഭവസമ്പന്നനായ സെനറ്ററും വിദേശകാര്യ വിദഗ്ധനുമായ ഇദ്ദേഹം യു.എസ്. കോണ്‍ഗ്രസ്സിന്റെ വിദേശകാര്യ സമിതി അധ്യക്ഷന്‍ എന്ന നിലയില്‍ ഇന്ത്യ-യു.എസ്. ആണവക്കരാറിന് കോണ്‍ഗ്രസ്സിന്റെ പിന്തുണ ഉറപ്പിക്കാന്‍ സുപ്രധാനപങ്കാണ് വഹിച്ചത്.ഡെലവറില്‍ നിന്നുള്ള സെനറ്ററായ ഇദ്ദേഹം സെനറ്റിലെ നീതിന്യായസമിതി അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നാല്‍ വിദേശ നയതന്ത്രകാര്യത്തിലെ വൈദഗ്ധ്യം തന്നെയാണ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി അദ്ദേഹത്തെ തിരഞ്ഞെടുക്കാന്‍ ഒബാമയെ പ്രേരിപ്പിച്ചത്.
2007 ജനവരി 31ന് ബൈഡന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി രംഗത്തെത്തിയിരുന്നെങ്കിലും അഭിപ്രായ സര്‍വേകളില്‍ വേണ്ടത്ര പിന്തുണ ലഭിക്കാത്തതിനെത്തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു.
ചരിത്രവിജയം- മക്‌കെയ്ന്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബരാക് ഒബാമയെ എതിര്‍സ്ഥാനാര്‍ഥി ജോണ്‍ മക്‌കെയ്ന്‍ അഭിനന്ദിച്ചു. 'ചരിത്രവിജയം' എന്നാണ് ഒബാമയുടെ വിജയത്തെ മക്‌കെയ്ന്‍ വിശേഷിപ്പിച്ചത്.
രാജ്യം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് ഒബാമയോട് സഹകരിക്കണമെന്നും അരിസോണയില്‍ നടന്ന റാലിയില്‍ മക്‌കെയ്ന്‍ അനുയായികളോടഭ്യര്‍ഥിച്ചു.




MathrubhumiMatrimonial