obama

കൊഗീലോ ഗ്രാമത്തില്‍ ആഘോഷം കെനിയയില്‍ പൊതു അവധി

Posted on: 05 Nov 2008


കൊഗീലോ: ആഫ്രിക്കയുടെ ഇരുണ്ട മൂലകളിലൊന്നായ കൊഗീലോ എന്ന കൊച്ചുഗ്രാമം ഇനി ലോകപ്രശസ്തിയിലേക്ക്. കിഴക്കന്‍ ആഫ്രിക്കയുടെ കറുത്ത മുത്ത് വൈറ്റ് ഹൗസിന്റെ പടികള്‍ കയറുമ്പോള്‍ കെനിയയിലെ കൊഗീലോയില്‍ ആഹ്ലാദം അലതല്ലുകയാണ്. ഒബാമയുടെ പിതാവിന്റെ ജന്മനാടായ കൊഗീലോയില്‍ ചൊവ്വാഴ്ച രാത്രി മുതല്‍തന്നെ ആഘോഷങ്ങള്‍ തുടങ്ങി. തങ്ങളുടെ സ്വന്തം ഒബാമ അമേരിക്കന്‍ പ്രസിഡന്റായത് ആഘോഷിക്കാന്‍ കെനിയയില്‍ വ്യാഴാഴ്ച ദേശീയ അവധിയും പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പുഫലമറിയാന്‍ ഒബാമയുടെ അന്തരിച്ച പിതാവിന്റെ കൃഷിയിടത്തില്‍ വന്‍ ടി.വി. സ്‌ക്രീന്‍ സജ്ജമാക്കിയിരുന്നു. പുലര്‍ച്ചയോടടുക്കവേ അവര്‍ കാത്തിരുന്ന വാചകം ടി.വിയില്‍ തെളിഞ്ഞു. 'വിജയം ഒബാമയ്ക്ക്'. പിന്നീട് പരസ്​പരം കെട്ടിപ്പിടിച്ചും ഉറക്കെ പാടിയും നൃത്തം ചെയ്തും കുഞ്ഞുങ്ങളെ എടുത്തുയര്‍ത്തിയും ബീര്‍ കുപ്പി പൊട്ടിച്ചും ബന്ധുക്കളും നാട്ടുകാരും ആഘോഷം തുടങ്ങി. ഒബാമയുടെ 87-കാരിയായ മുത്തശ്ശി ജനിച്ചിരുന്ന കൊഗീലോ ഗ്രാമം അങ്ങിനെ ലോകശ്രദ്ധയിലിടം പിടിച്ചു.
''ഞങ്ങള്‍ കഴിഞ്ഞ രാത്രി ഉറങ്ങിയിട്ടില്ല. എന്തു പറയണമെന്നോ ചെയ്യണമെന്നോ അറിയില്ല''-ഒബാമയുടെ സഹോദരഭാര്യ ബയോസ ഒബാമ പറഞ്ഞു. ഒബാമയുടെ ചിത്രങ്ങളടങ്ങിയ പത്രവാര്‍ത്തകള്‍ വെട്ടി ഒട്ടിച്ച തൊപ്പിയുമായി ഒരു ചെറുപ്പക്കാരന്‍ ഇവരോടൊപ്പം ചേര്‍ന്നു.
തലസ്ഥാനമായ നെയ്‌റോബിയില്‍ പോപ് സംഗീതതാരങ്ങള്‍ ഒരു സംഗീതപരിപാടിതന്നെ ഞായറാഴ്ച തുടങ്ങി-ഒബാമയെക്കുറിച്ചുള്ള ഗീതങ്ങളാണിവര്‍ പാടിയത്.ഒബാമയുടെ കെനിയന്‍ വേരുകളില്‍ ജനങ്ങള്‍ ഏറെ അഭിമാനിക്കുന്നുണ്ടെന്ന് കെനിയന്‍ പ്രസിഡന്റ് മവായി കിബാക്കി പറഞ്ഞു.
ഒബാമയുടെ വിജയം ലോകത്തിനാകെ പ്രചോദനമാകുമ്പോള്‍ തങ്ങള്‍ക്കിതു നല്‍കുന്നത് ഒരു പ്രത്യേക ആത്മസ്വരമാണ്-അദ്ദേഹം പറഞ്ഞു.



MathrubhumiMatrimonial