barack obama

'കിസുമു'വിന്റെ പുത്രന്‍ വൈറ്റ്ഹൗസിന്റെ നാഥന്‍

Posted on: 07 Nov 2012


കെനിയയിലെ കെന്‍ഡുവില്‍ താവളമുറപ്പിച്ച ലുവോ ഗോത്രക്കാരില്‍ ബരാക്ക് ഒബാമയുടെ മുത്തച്ഛന്‍ ഹുസൈന്‍ ഒന്യാങ്കോ ആണ് ആദ്യമായി ട്രൗസറും ഷര്‍ട്ടും ധരിച്ചയാള്‍. കാലിമേയ്ക്കലും കൃഷിയും തൊഴിലാക്കിയ കുടുംബത്തില്‍ ആളുകള്‍ ആട്ടിന്‍തോലുകൊണ്ട് അത്യാവശ്യം നഗ്‌നനത മറച്ചിരുന്നതേയുള്ളൂ. കിസുമു പട്ടണത്തില്‍ വെള്ളക്കാര്‍ ആദ്യമായി എത്തിത്തുടങ്ങിയ നാളുകളായിരുന്നു അത്. വെള്ളക്കാരുടെ ഇടങ്ങളില്‍ ഊരുചുറ്റാന്‍ പോയി മടങ്ങുമ്പോഴാണ് ഒരുദിവസം വെള്ളക്കാരനെപ്പോലെ ഷര്‍ട്ടും ട്രൗസറും ഷൂസും ഇട്ട് ഒന്യാങ്കോ വീട്ടിലെത്തിയത്.

കുടുംബത്തിലെ ചെറിയ കുട്ടികള്‍ ഭയന്നുപോയി. ''നിനക്കെന്തു പറ്റി?'' ഒന്യാങ്കോയുടെ അച്ഛന്‍ ഒബാമ അമ്പരന്നു ചോദിച്ചു. ദേഹത്തൊക്കെ ചൊറിയോ വ്രണമോ പിടിച്ചതു മറയ്ക്കാനാണ് കുപ്പായമിട്ടത് എന്നാണ് അച്ഛന്‍ ഒടുവിലെത്തിയ നിഗമനം. ''അവന്റെയടുത്ത് ആരും പോകരുത്. അവന്‍ വൃത്തികെട്ടവനാണ്'', ഒന്യാങ്കോയുടെ അച്ഛന്‍ മറ്റു കുട്ടികള്‍ക്ക് താക്കീത് നല്‍കി.
കഥ പറയുന്നത് മറ്റാരുമല്ല, ബരാക്ക് ഒബാമതന്നെ. ''അച്ഛന്‍ പകര്‍ന്ന സ്വപ്നങ്ങള്‍'' (ഒിവമൗീ /ി്ൗ ൗള്‍ /മറസവി) എന്ന പുസ്തകത്തില്‍ സ്വന്തം വ്യക്തിത്വത്തിന്റെ വേരുകള്‍ തേടി ഒബാമ നടത്തുന്ന പ്രയാണത്തിലാണ് കെനിയയിലെത്തി ഉറ്റവരുടെയും ബന്ധുക്കളുടെയും വാക്കുകളില്‍നിന്ന് ഈ ചരിത്രം ചികഞ്ഞെടുത്തത്.

വെള്ളക്കാരുടെയടുത്തുനിന്നാണ് ഒന്യാങ്കോ എഴുതാനും വായിക്കാനും പഠിച്ചത്. അവര്‍ അയാള്‍ക്ക് പല ജോലികള്‍ നല്‍കി. പാചകവും വീടു നോക്കലുമുള്‍പ്പെടെ. ശമ്പളം സ്വരൂപിച്ച് ഒന്യാങ്കോ കെന്‍ഡുവില്‍ നിലം വാങ്ങി. കാലികളെ സ്ത്രീധനം നല്‍കി (ലുവോ ആചാരമനുസരിച്ച്) ഭാര്യമാരെയും. കാട്ടുവസന്തംപോലെ സുന്ദരിയായിരുന്ന അകുമു എന്ന രണ്ടാംഭാര്യയിലാണ് ഒബാമയുടെ അച്ഛന്‍ ബരാക്ക് പിറന്നത്.

ബരാക്കിനു സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞു. ബരാക്ക് സമര്‍ഥനുമായിരുന്നു. കെനിയ അതിദ്രുതം മാറിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. കുപ്പായങ്ങളും സ്‌കൂളുകളുമൊക്കെ സര്‍വസാധാരണമായി. ആഫ്രിക്കക്കാര്‍ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു. വെള്ളക്കാരന്‍ വെള്ളക്കാരനോട് പടവെട്ടുന്നത് അവര്‍ കണ്ടു; വെള്ളക്കാര്‍ക്കൊപ്പം അവരില്‍ പലരും മരിച്ചുവീണു; വെള്ളക്കാരെ കൊന്നു.
പുതിയ അറിവുകള്‍ കെനിയയില്‍ ഒരു സ്വാതന്ത്ര്യപ്രസ്ഥാനം വളര്‍ത്തിക്കൊണ്ടുവന്നു. പക്ഷേ, ഒബാമയുടെ മുത്തച്ഛന്‍ ഈ പ്രസ്ഥാനത്തെക്കുറിച്ച് സംശയാലുവായിരുന്നു. വെള്ളക്കാരന്റെ പടയോട് പൊരുതി ജയിക്കാനാവില്ല എന്നതായിരുന്നു ഒന്യാങ്കോയുടെ വിശ്വാസം. ''സ്വന്തം സൈക്കിളുണ്ടാക്കാന്‍ അറിയാത്തവര്‍ വെള്ളക്കാരനെ എങ്ങിനെ തോല്പിക്കും?'' അയാള്‍ പറയും. ഒബാമയുടെ അച്ഛന്‍ ബരാക്കും സ്വാതന്ത്ര്യപ്രക്ഷോഭങ്ങളില്‍ ഉള്‍പ്പെട്ടിരുന്നില്ല. ആഫ്രിക്കക്കാര്‍ക്കു വിരളമായി മാത്രം അഡ്മിഷന്‍ കിട്ടുന്ന മികച്ച ഒരു സ്‌കൂളില്‍ പ്രവേശനം നേടിയിട്ടും പെണ്‍കുട്ടികളെ ശല്യം ചെയ്തതിനും അയല്‍പക്കത്തെ കൃഷിയിടങ്ങളില്‍നിന്നു കോഴിയും ചേനയും മോഷ്ടിച്ചതിനും അയാള്‍ പുറത്താക്കപ്പെട്ടു. ഒന്യാങ്കോ അന്ന് ബരാക്കിനെ പൊതിരെ തല്ലി.

മൊംബാസയില്‍ ഒരു അറബി വ്യാപാരിയുടെയടുത്ത് പണിക്കു ചേര്‍ന്ന ബരാക്ക് പിന്നെ അതുപേക്ഷിച്ച് റെയില്‍വേ ക്ലര്‍ക്കായി. അവിടെവെച്ചാണ് കെനിയന്‍ സ്വാതന്ത്ര്യത്തിനു പോരാടിയ 'കാനു' നേതൃത്വവുമായി ബരാക്കിനു ബന്ധമുണ്ടായത്. നിയമം ലംഘിച്ച് യോഗം ചേര്‍ന്നതിനു ബരാക്ക് ജയിലിലായി. ബരാക്കിനെ ജാമ്യത്തിലിറക്കാന്‍ ഒന്യാങ്കോ മിനക്കെട്ടില്ല. ബരാക്കിനു ജോലിയും നഷ്ടപ്പെട്ടു.

ജയിലില്‍നിന്ന് പുറത്തുവന്നെങ്കിലും കൊള്ളരുതാത്തവനാണ് താനെന്നു ബരാക്കിനും തോന്നിത്തുടങ്ങി. ഇതിനിടെയാണ് കെസിയ എന്ന പെണ്‍കുട്ടിയെ അയാള്‍ വിവാഹം ചെയ്തത്. രണ്ടു കുട്ടികള്‍ ഉണ്ടായിട്ടും ബരാക്ക് വിഷാദവാനായിരുന്നു. യാദൃശ്ചികമായി നെയ്‌റോബിയില്‍ പഠിപ്പിക്കാനെത്തിയ രണ്ടു അമേരിക്കക്കാരികളെ അയാള്‍ പരിചയപ്പെട്ടു. സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്ലായിരുന്നെങ്കിലും ബരാക്ക് സമര്‍ഥനാണെന്നു കണ്ട അവര്‍ മുഖേനയാണ് ഹവായ് യൂണിവേഴ്‌സിറ്റിയില്‍ അയാള്‍ പ്രവേശനം നേടിയത്. വെള്ളക്കാരിയായ ആനിനെ ബരാക്ക് വിവാഹം കഴിക്കുന്നത് അങ്ങിനെയാണ്. ബരാക്കിന്റെയും ആനിന്റെയും മകനാണ് ഒബാമ.

ജീവിതത്തില്‍ ഒരു തവണ മാത്രം കണ്ട അച്ഛനെക്കുറിച്ച് ഒബാമയില്‍ യഥാര്‍ഥത്തിലും വലിയ പ്രതിബിംബം സൃഷ്ടിച്ചുകൊടുത്തത് വെള്ളക്കാരിയായ അമ്മയാണ്. ഈ പ്രതിബിംബം പേറിയാണ് വേരുകള്‍ ചികഞ്ഞ് ഒബാമ കെനിയിലെത്തുന്നതും ആഫ്രിക്കയുടെ വ്യത്യസ്തമായ പ്രകൃതിയും കുടുംബബന്ധങ്ങളും ഇഴചേര്‍ന്ന യാഥാര്‍ഥ്യത്തിന്റെ ഭാഗമാവുന്നതും. അതുവരെ ഒബാമ അസ്വസ്ഥനായിരുന്നു. 1928-ല്‍ കെനിയയിലെ ഡമസ്റ്റിക്ക് സര്‍വന്‍റ്‌സ് പോക്കറ്റ് റജിസ്റ്ററില്‍ മുത്തച്ഛന്റെ പേരു റജിസ്റ്റര്‍ ചെയ്തിരുന്നതും അച്ഛന്‍ ബരാക്ക് അമേരിക്കയിലെ സര്‍വകലാശാലകളിലേക്ക് അയച്ച കത്തുകളുടെ മറുപടികളുമാണ് ഒബാമയുടെ കൈകളില്‍ കിട്ടുന്ന രേഖകള്‍. ''ഇതാണ് എനിക്കു കിട്ടിയ ഒസ്യത്ത്''-ഒബാമ പറയുന്നു.

ഒബാമയുടെ പുസ്തകം ആദ്യം പ്രസിദ്ധീകരിച്ചത് '95ലാണ്. 2004-ല്‍ ഇത് പുനഃപ്രസിദ്ധീകരിച്ചു. ഇതിനിടെ ഒബാമയുടെ അമ്മ ആന്‍ മരിച്ചു. അമ്മയുടെ മരണത്തിനുശേഷമായിരുന്നുവെങ്കില്‍ ഈ പുസ്തകം താന്‍ മറ്റൊരു വിധത്തിലാകും എഴുതുമായിരുന്നത് എന്നു ഒബാമ ഇതിന്റെ മുഖവുരയില്‍ പറയുന്നു.


ബരാക് ഒബാമ


ഹവായിയിലെ ഹോണോലുലുവില്‍ 1961 ആഗസ്ത് നാലിന് ജനനം.അമ്മ: അമേരിക്കക്കരിയായ ആന്‍ഡന്‍ഹം. അച്ഛന്‍: കെനിയക്കാരനായ ബരാക് ഒബാമ സീനിയര്‍. ഒബാമ ജനിച്ച് രണ്ടുവര്‍ഷത്തിനുശേഷം മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. സാമ്പത്തികശാസ്ത്രജ്ഞനായ അച്ഛന്‍ 1982ല്‍ കാറ പകടത്തില്‍ കൊല്ലപ്പെട്ടു. ഇന്‍ഡോനീഷ്യക്കാരനായ ലൊലൊ സോടെറോയുമായി അമ്മയുടെ രണ്ടാംവിവാഹം. അമ്മയ്‌ക്കൊപ്പം ഇന്‍ഡോനീഷ്യയിലായിരുന്ന ഒബാമ 10-ാം വയസ്സില്‍ ഹവായിലേക്ക് മടങ്ങി.
1983 കൊളംബിയ സര്‍വകലാശാലയില്‍നിന്ന് കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

1985 ഷിക്കാഗോവില്‍ പാവപ്പെട്ടവരുടെ സാമൂഹിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ ജോലിയില്‍ പ്രവേശിച്ചു.
1988മൂന്നുവര്‍ഷത്തിനുശേഷം ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ നിയമവിദ്യാര്‍ഥിയായി.

1989 സിഡ്‌ലി ഓസ്റ്റിന്‍ നിയമകാര്യസ്ഥാപനത്തില്‍ ജോലിചെയ്തുകൊണ്ടിരിക്കേ മിഷേല്‍ റോബിന്‍സനെ പരിചയപ്പെട്ടു.
1992 ഒക്ടോബര്‍ മൂന്നിന് മിഷേലുമായി വിവാഹം.
1993 ഷിക്കാഗോ സര്‍വകലാശാലയില്‍ അധ്യാപകന്‍.
1996 ഇല്ലിനോയി സ്റ്റേറ്റ് സെനറ്റര്‍.
2004 അമേരിക്കന്‍ സെനറ്റ് അംഗം.

ദ ഒഡാസിറ്റി ഓഫ് ഹോപ്, ഡ്രീംസ് ഫ്രം മൈ ഫാദര്‍ എന്നീ പുസ്തകങ്ങളുടെ കര്‍ത്താവ്. അച്ഛന്റെ രണ്ടാം വിവാഹത്തില്‍ ഏഴ് അര്‍ധസഹോദരരും അമ്മയുടെ രണ്ടാം വിവാഹത്തില്‍ ഒരു അര്‍ധസഹോദരിയുമുണ്ട്.
Tags:   second



MathrubhumiMatrimonial