
വേദമാതാവിനെ സ്തുതിച്ച് ശക്തിനേടൂ
Posted on: 30 Sep 2008
ഡോ. എം.ആര്‍. രാജേഷ്

ഋഗ്വേദത്തില്‍ കടന്നു വരുന്ന ദേവീസൂക്തം (ഋ.10. 125) സരസ്വതീസൂക്തം, മേധാസൂക്തം, ഇളാദേവിയുടെ മന്ത്രങ്ങള്‍ എന്നിവയെല്ലാം നവരാത്രങ്ങളില്‍ പ്രഭാതത്തിലും പ്രദോഷത്തിലും ഹോമത്തിനായി വിനിയോഗിക്കുന്ന ചടങ്ങ് പണ്ടുണ്ടായിരുന്നു. ഈ ഹോമത്തിലെ നെയ്യായി ആയുര്‍വേദ ഔഷധമായ സാരസ്വതഘൃതവും സാമഗ്രിയായി ബ്രഹ്മിയും വയമ്പും സമിധകളായി ചന്ദനം, ദേവതാരം എന്നിവയും ഉപയോഗിക്കുമായിരുന്നു. ഈ ഔഷധയുക്തമായ ഹോമം മനസ്സും ബുദ്ധിയും ശക്തിയും പ്രദാനം ചെയ്യുമെന്ന് ചരകന്‍ വ്യക്തമാക്കിയിട്ടുണ്ട്. ദേവീസൂക്തത്തിന്റെ ഋഷിയും ദേവതയും വാക് അംഭൃണിയാണ്. ഈ മന്ത്രത്തിന്റെ അര്‍ഥത്തിലേക്ക് കണ്ണോടിച്ചാല്‍ എന്താണ് ശാക്തേയമെന്ന് നമുക്ക് മനസ്സിലാക്കാം. രുദ്രന്മാരോടും വസുക്കളോടുമൊപ്പം ഞാന്‍ സഞ്ചരിക്കുന്നു. ആദിത്യന്മാരുള്‍പ്പെടെയുള്ള സകല ദിവ്യശക്തികളോടും കൂടി ഞാന്‍ യാത്രചെയ്യുന്നു. മിത്രാവരുണന്മാരായ രണ്ടു ശക്തികളെയും ഞാന്‍ ധരിക്കുന്നു. ഇന്ദ്രന്‍, അഗ്‌നനി തുടങ്ങിയ ശക്തികളോടും അശ്വനീ നക്ഷത്രങ്ങളോടും കൂടിയുള്ളവളാണ് ഞാന്‍. ഇക്കാണുന്ന പ്രപഞ്ചത്തിലെ സര്‍വതിലും ശക്തിയാണ് ഞാന്‍. ശരത്കാലത്തെ ആദ്യത്തെ ഒന്‍പതു ദിവസം നവരാത്രിയായി ആഘോഷിക്കുമ്പോള്‍ ഈ ശക്തിയെ കുറിച്ചുള്ള പരിചിന്തനമാണ് കടന്നു വരേണ്ടത്. ദുര്‍ബലനാകാതെ, ശക്തിഹീനനാകാതെ സര്‍വതിലും വിജയം വരിക്കാന്‍ വിജയദശമിയില്‍ നമ്മെ പ്രാപ്തനാക്കുന്നത് ഈ ശക്തിയത്രെ. മന്ത്രത്തില്‍ ജ്വലിച്ചിരിക്കുന്ന അര്‍ഥം സാധനയില്‍ നമുക്ക് ദീപ്തിയായിരിക്കണം. ദൃശ്യമായ പ്രപഞ്ചത്തിലെ സര്‍വതിലും സുസ്പന്ദിതമായിരിക്കുന്ന ആ അനന്തശക്തി വാണി തന്നെ. ആ വാണീദേവി വേദം തന്നെ ആകുന്നു. അഥര്‍വത്തിലെ ഈ മന്ത്രത്തില്‍ നിന്ന് ശക്തിനേടുവാന്‍ എന്തു ചെയ്യണമെന്നും നേടിയാല്‍ എന്തെല്ലാം ലഭിക്കുമെന്നും പറയുന്നു.
സ്തുതാമയാ വരദാ വേദമാതാ പ്രചോദയന്താം പാവമാനീ
ദ്വിജാനാം ആയുഃ പ്രാണം പ്രജാം പശും കീര്‍ത്തിം
ദ്രവിണം ബ്രഹ്മവര്‍ചസം മഹ്യം ദത്വാ വ്രജത ബ്രഹ്മലോകം (അഥര്‍വം 9.71. 1)
അതായത് വേദമാതാവില്‍ നിന്ന് നമുക്ക് ആയുസ്സ്, സത്‌സന്താനങ്ങള്‍, പശുക്കള്‍, കീര്‍ത്തി, ധനം, ബ്രഹ്മവര്‍ച്ചസ് എന്നിവ ലഭിക്കുമെന്ന് സാരം.
