githadharsanam

ഗീതാദര്‍ശനം - 700

Posted on: 24 Jan 2011

സി. രാധാകൃഷ്ണന്‍



മോക്ഷ സംന്യാസയോഗം


ഈശ്വരനെ ചില തലങ്ങള്‍ക്കുമപ്പുറം കാര്യകാരണവിവേചനത്തിനുള്ള 'ബുദ്ധി'കൊണ്ട് അറിയാനാവില്ല. ഉദാഹരണത്തിന്, ഒരു റോസാച്ചെടിയുടെ ജീവന്‍ പ്രപഞ്ചജീവനും ചെടി അക്ഷരവും പുഷ്പം മനുഷ്യനുമാണെന്ന് സങ്കല്പിക്കുക. ഇതിനെ ആസ്​പദമാക്കിയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ബുദ്ധികൊണ്ട് തേടാനാവുന്നതല്ല. ഈ പുഷ്പത്തെ സൃഷ്ടിച്ചത് ചെടിയിലെ ജീവനാണോ അതോ ചെടിയാണോ? ചെടിയിലെ ജീവന് എത്രത്തോളം ഈ കാര്യത്തില്‍ തീരുമാനമുണ്ട്? തീരുമാനം ഒട്ടും ഇല്ലേ? ജീവന് ഈ പുഷ്പത്തെ സൃഷ്ടിക്കാന്‍ കാരണമുണ്ടോ? ഉണ്ടെങ്കില്‍ എന്താണ് ആ കാരണം? മൊട്ടായി ജനിച്ച് പൂവായി വിരിഞ്ഞ് ഒടുക്കം വാടിക്കൊഴിഞ്ഞുവീഴുന്ന ഈ പുഷ്പത്തിന് ചെടിയില്‍നിന്നും വേറെ ഒരു ജീവന്‍ ഉണ്ടായിരുന്നുവോ? പിന്നീട് വിരിഞ്ഞുവരുന്ന ഒരു പുഷ്പം, ഈ കൊഴിഞ്ഞുപോയ പുഷ്പത്തിന്റെ പുനര്‍ജന്മമാണോ?

ഈശ്വരനെ ബുദ്ധിയില്ലാത്ത വസ്തുവായി തെറ്റായി മനസ്സിലാക്കുന്നവരുണ്ട്. വാസ്തവത്തില്‍, ബുദ്ധിയുള്ളതെന്നോ ബുദ്ധിയില്ലാത്തതെന്നോ (രണ്ടു തരത്തിലും) ധരിക്കുന്നത് ശരിയല്ല. ഈശ്വരന്‍ കാര്യകാരണവിവേചനത്തെ അതിക്രമിച്ചു നില്‍ക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍.

അഹംബോധത്തില്‍ (ീുയര്ൃീരഹ്ുീ) ഉള്ള ശരീരവാസനകളെയും കര്‍മവാസനകളെയും ബോധമനസ്സിലുള്ള ധാരണകളെയും ഏകോപിച്ചു പ്രവര്‍ത്തിപ്പിച്ച് അഹങ്കരണത്തിലൂടെ (വഷ്) കാര്യകാരണവിവേചനം നടത്തി ജീവിക്കാന്‍ മനുഷ്യനുള്ള ഉപാധി മാത്രമാണ് ബുദ്ധി. അതുകൊണ്ട്, ബുദ്ധിയിലൂടെ അറിയേണ്ടതെല്ലാം അറിഞ്ഞാല്‍, ഈശ്വരനിലേക്ക് പിന്നീടങ്ങോട്ടുള്ള യാത്ര ഹൃദയത്തിലൂടെയാണ്. ഹൃദയംകൊണ്ടേ പ്രാപിക്കാനാവൂ.

ഭക്തനും ഭക്തിവിഷയവും രണ്ടായിരിക്കുമ്പോഴത്തെ ഭക്തി അപരാഭക്തിയാണ്. അറിവും ഭക്തിയും പരസ്​പരാശ്രിതമായി പെരുകി ഒടുവില്‍ 'ഞാന്‍' അഖണ്ഡമായ ആനന്ദബോധത്തില്‍ ലയിക്കുന്നു. അപ്പോള്‍ ജ്ഞാനവും ഭക്തിയും ഒന്നായിത്തീരുന്നു. ഇതാണ് പരമജ്ഞാനം അല്ലെങ്കില്‍ പരാഭക്തി. അറിയുന്നവനും (ഭക്തനും) അറിയപ്പെടുന്നതും (ഭക്തിവിഷയവും) അറിവും (ആനന്ദവും) ഒന്നായിത്തീരുന്നു. ഇതാണ് മോക്ഷം.








MathrubhumiMatrimonial